Saturday 25 July 2020 03:24 PM IST : By ശ്യാമ

ടീച്ചറുടെ കാർക്കശ്യവും അമ്മയുടെ കരുതലും ഒരുപോലെ; ആദ്യമായിട്ടാകും ഒരു മന്ത്രിയെ ‘ടീച്ചറമ്മ’ എന്നു വിളിക്കുന്നത്

SHAILAJA-TEACHER(3)

നിപ്പയും കോവിഡും നാടിനെ ചുഴറ്റിയെറിയാൻ എത്തിയപ്പോൾ ആരോഗ്യവകുപ്പിന് ധൈര്യം പകർന്ന് മന്ത്രി കെ.കെ. െശെലജ...

ടീച്ചറിന്റെയും അമ്മയുടെയും സ്വഭാവങ്ങൾ പകുത്തെടുത്താണ് മന്ത്രി കെ.കെ. ശൈലജയുടെ മനസ്സുണ്ടാക്കിയിരിക്കുന്നത്. ടീച്ചറിന്റെ കാർക്കശ്യവും അമ്മയുടെ കരുതലും ഒരുപോലെ മലയാളി കണ്ടതാണ്. അതുകൊണ്ടാകും ആദ്യമായി ഒരു മന്ത്രിയെ ‘ടീച്ചറമ്മ’ എന്നു വിളിക്കുന്നത്.   

നിപ്പയും കോവിഡും

രണ്ടു മഹാമാരികള്‍ കേരളത്തെ വിറപ്പിച്ച ദിവസങ്ങൾ. 2018ൽ നിപ്പയാണ് മരണത്തിന്റെ വിളിയുമായി ആദ്യമെത്തിയത്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആശാ പ്രവർത്തകർ മുതൽ മെഡിക്കൽ കോളജിലെ വകുപ്പു മേധാവികൾ വരെയുള്ളവർ ഉൾപ്പെടുന്ന ശൃംഖലയുണ്ടാക്കി. രോഗലക്ഷണങ്ങൾ കണ്ടെത്തിയവരെ വേഗത്തിൽ ആശുപത്രിയിലെത്തിക്കാനും സമ്പർക്കം  പുലർത്തിയവരെ കണ്ടെത്താനുമെല്ലാം സഹായിച്ചത് ഈ ശൃംഖല യായിരുന്നു.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രോഗപ്രതിരോധ–ചികിത്സാ മാനദണ്ഡങ്ങൾ തയാറാക്കി പ്രവർത്തനം ആരംഭിച്ചു. വളരെ കുറച്ചു സമയമെടുത്ത് ഇതെല്ലാം ചെയ്തു തീർക്കാൻ രാവും പകലുമില്ലാതെ മന്ത്രി തന്നെ നേരിട്ടിറങ്ങി. ഇത്തരം പ്രവർത്തനങ്ങളിലൂടെ രോഗവ്യാപനം തടയാനും അനേകായിരങ്ങളെ മരണത്തിൽ നിന്നു രക്ഷിക്കാനും കഴിഞ്ഞു.

ബാൾട്ടിമോറിലെ പ്രശസ്തമായ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹ്യൂമൻ വൈറോളജി ഉൾപ്പടെയുള്ളവരുടെ പ്രശംസയും കേരളത്തിനു ലഭിച്ചു.

നിപ്പയ്ക്കു ശേഷമാണ് കൊറോണ വൈറസ് ലോകത്തെ ചുഴറ്റിയെറിയാനെത്തിയത്. അപ്പോഴും ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ വളരെപെട്ടെന്ന് നടപടികൾ സ്വീകരിച്ചു.

കോവിഡിനെതിരെ കേരളം കൈകോർത്തു മുന്നേറിയപ്പോൾ മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തെ അഭിനന്ദിച്ച് ലോക മാധ്യമങ്ങൾ രംഗത്തെത്തി. ബിബിസി വേൾഡ് തത്സമയ വാർത്താ പരിപാടിയിൽ മന്ത്രി അതിഥിയായി. കേരളത്തിന്റെ നേട്ടങ്ങളെ കുറിച്ച് ബിബിസി ടോക്‌ ഷോയും നടത്തി. വിദേശമാധ്യമങ്ങളായ ദ് ഗാർഡിയനും വാഷിങ്ടൺ പോസ്റ്റും വിജയം ആഘോഷിച്ചു.

ചുവന്ന പൂമരം

മട്ടന്നൂർ പഴശ്ശിരാജ കോളജിൽ ഡിഗ്രിക്കു പഠിക്കുമ്പോൾ എസ്എഫ്െഎയിലൂടെയാണ് കെ.കെ ശൈലജ ചെങ്കൊടിയുടെ കീഴിൽ നടക്കാൻ തുടങ്ങിയത്. പഠനം കഴിഞ്ഞ് ഡിവൈഎഫ്െഎയിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക്.

ബിഎഡ് പഠനത്തിനു ശേഷം കണ്ണൂർ ശിവപുരം ഹൈസ്കൂളിൽ ഫിസിക്സ് അധ്യാപികയായി. ഏഴു വർഷത്തെ സർവീസ് ബാക്കി നിൽക്കെ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിനായി 2004ൽ സ്വയം വിരമിച്ചു.

1996ലാണ് കെ.കെ. ശൈലജ  കൂത്തുപറമ്പി ൽ സ്ഥാനാർഥിയായി നിയമസഭയിലേക്കെത്തുന്നത്. പിന്നീട് 2006ൽ പേരാവൂരിൽ നിന്നും 2016ല്‍  കൂത്തുപറമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിന്റെ പതിന്നാലാമത് മന്ത്രിസഭയിൽ ആരോഗ്യം, സാമൂഹികക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്നു.

ഭർത്താവ് ഭാസ്കരൻ മാഷ്. മക്കൾ ശോഭിത്, ലസിത്.

Tags:
  • Spotlight