Friday 28 January 2022 11:53 AM IST : By സ്വന്തം ലേഖകൻ

22 വർഷങ്ങൾക്കു മുമ്പ് കൊടുത്ത വാക്ക്, പഴയ പത്താം ക്ലാസ് റാങ്കുകാരി അതുപാലിച്ചു: കലക്ടറെ കാണാൻ മന്ത്രിയെത്തി

divya-iyer

വാക്കുപാലിച്ച പഴയ പത്താം ക്ലാസുകാരിയെ കാണാൻ മന്ത്രി ആന്റണി രാജു പത്തനംതിട്ട കലക്ടറുടെ വസതിയിലെത്തി. പത്താം ക്ലാസിൽ റാങ്ക് വാങ്ങിയപ്പോൾ പറഞ്ഞ വാക്ക് 22 വർഷത്തിനിപ്പുറം അക്ഷരം പ്രതി പാലിച്ച് നാട്ടുകാരി മുന്നിൽ നിൽക്കുമ്പോൾ മന്ത്രിക്ക് അഭിമാനം. ദിവ്യ എസ്.അയ്യരാണ് മന്ത്രിയുടെ പഴയ പത്താം ക്ലാസ് റാങ്കുകാരി. റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ചു മന്ത്രിയുടെ സമീപം കലക്ടർ നിൽക്കുമ്പോൾ ഇരുവരുടെയും മനസ്സ് എസ്എസ്എൽസി 2000 ബാച്ചിന്റെ ഫല പ്രഖ്യാപന ദിനത്തിലേക്കു പോയി.

അന്ന് രണ്ടാം റാങ്ക് ആയിരുന്നു തിരുവനന്തപുരം പാൽക്കുളങ്ങര കോഴിയോട്ടു ലെയ്നിൽ പി.എസ്.ശേഷ അയ്യരുടെ മകൾ ദിവ്യയ്ക്ക്. റാങ്കുകാരിയെ ആദരിക്കാൻ അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.ജെ.ജോസഫും സ്ഥലം എംഎൽഎ ആന്റണി രാജുവും ദിവ്യയുടെ വീട്ടിലെത്തി. പഠിച്ചു മിടുക്കിയായി ഐഎഎസുകാരിയാകണമെന്നും കലക്ടറാകണമെന്നും ആന്റണി രാജു ദിവ്യയോടു പറഞ്ഞു. ഐഎഎസുകാരിയാകുമെന്നും ഡോക്ടറാകുമെന്നും ആത്മവിശ്വാസത്തോടെ ദിവ്യ മറുപടി നൽകി. തൊട്ടടുത്ത ദിവസത്തെ പത്ര വാർത്തകളിൽ ഈ മധുരം പങ്കുവയ്ക്കലും പത്താം ക്ലാസുകാരിയുടെ സ്വപ്നവുമായിരുന്നു പ്രധാന വാർത്ത.

വർഷം പലതു കടന്നുപോയി. അന്നത്തെ എംഎൽഎ ഇന്ന് സംസ്ഥാനത്തെ ഗതാഗത മന്ത്രിയാണ്. ദിവ്യ പത്തനംതിട്ട കലക്ടറും. റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിക്കാൻ എത്തിയ മന്ത്രി ആന്റണി രാജു തന്നെയാണ് പഴയ റാങ്ക് കഥയും ഉപദേശവും ഓർമപ്പെടുത്തിയത്. കാര്യങ്ങൾ നല്ല ഓർമയുണ്ടെങ്കിലും പഴങ്കഥകളുടെ കെട്ട് ആദ്യം അഴിക്കാൻ കലക്ടർ ഒന്നു മടിച്ചു. മന്ത്രി തുടക്കമിട്ടപ്പോൾ കലക്ടർ ഉഷാറായി. ദിവ്യയുടെ അച്ഛൻ അന്നത്തെ ഫോട്ടോ ആൽബം എടുത്തുകൊണ്ടുവന്നു മന്ത്രിക്കു കാണിച്ചു കൊടുത്തു. അമ്മ ഭഗവതി അമ്മാളും മകൻ മൽഹാറും ദിവ്യയുടെ ഭർത്താവ് കെ.എസ്.ശബരിനാഥനും ഒപ്പം.

അന്നത്തെ ദിവസത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ടെന്ന് പറഞ്ഞത് ദിവ്യയാണ്. റാങ്ക് വിവരം ഫോണിൽ വിളിച്ചു പറഞ്ഞത് അന്നത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടർ വി.പി.ജോയിയാണ്. വിദ്യാഭ്യാസ ഡയറക്ടർ ചീഫ് സെക്രട്ടറിയായപ്പോൾ റാങ്കുകാരി കലക്ടർ ആയി എന്നത് മറ്റൊരു കൗതുകം. മുൻപും മന്ത്രിക്കൊപ്പം കലക്ടർ വേദി പങ്കിട്ടിരുന്നു. വാക്കുപാലിച്ച നാട്ടുകാരിയെ കാണാൻ വീട്ടിലെത്തുമെന്നു മന്ത്രി അന്നേ പറഞ്ഞിരുന്നു. വെല്ലൂർ സിഎംസിയിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ ദിവ്യ ഒരു വർഷത്തെ പ്രാക്ടീസിനു ശേഷമാണ് സിവിൽ സർവീസ് എഴുതിയത്. ഡോക്ടറാവുക എന്നതും സിവിൽ സർവീസ് നേടുക എന്നതും പത്താം ക്ലാസിലെ പ്രഖ്യാപിത ലക്ഷ്യങ്ങളായിരുന്നു.

More