Saturday 12 January 2019 05:09 PM IST : By സ്വന്തം ലേഖകൻ

‘സൂചിമുനകൾ തുളച്ചു കയറുന്നത് ഈ കുഞ്ഞു നെഞ്ചിലാണ്’; മിർസ മോളുടെ കണ്ണീർ കാണാതെ പോകരുത്

mirza

"ലോകത്തൊരുമ്മയും സഹിക്കില്ലിത്. ആറു മാസം മാത്രം പ്രായമേയുള്ളൂ എന്റെ പൈതലിന്. അവളുടെ കുഞ്ഞു നെഞ്ചിലാണ് അവർ ഓപ്പറേഷൻ കത്തി ആഴ്‍ത്തിയിറക്കാൻ പോകുന്നത്. അത് ചെയ്യാണ്ട്, എന്റെ മുത്തിന്റെ ജീവൻ പിടിച്ചു നിർത്താൻ പറ്റില്ലത്രേ. അതുമാത്രം പോരാ... എട്ട് ലക്ഷം രൂപയാണ് അവളുടെ ഓപ്പറേഷന് ഡോക്ടർമാർ വിലയിട്ടിരിക്കുന്നത്. മറ്റൊരു തരത്തിൽ അവളുടെ ജീവന്റെ വില... ഞങ്ങളെ കൊണ്ട് കൂട്ടിയാ കൂടോ... എനിക്ക് എന്റെ പൈതലിനെ വേണം."– ശ്വാസമെടുക്കാൻ വെമ്പുന്ന ആറു മാസക്കാരി മിർസ ഫാത്തിമിന്റെ തലയിൽ തലോടി ഉമ്മ ഷഫ്ന പറയുകയാണ്. കണ്ണീർ മുറിച്ച ആ വാക്കുകൾ കേട്ടാൽ മതി നെഞ്ചുരുകും.

ആലുവ വെളിയത്തുനാട് അടവാത്തുരുത്തിലെ ഷാജിയുടേയും ഷഫ്നയുടേയും പിഞ്ചു പൈതൽ മിർസാ ഫാത്തിമിന്റെ കഥയൊന്നു കേൾക്കണം. ആറ്റു നോറ്റിരുന്ന് പടച്ചവൻ നൽകിയ പൈതലിനെ വിധി പരീക്ഷിച്ച കഥയറിയണം. അത്രമേൽ കണ്ണീരുപ്പു കലർന്നിട്ടുണ്ട് ആ കുഞ്ഞ് പൈതലിന്റെ ജീവിതത്തിൽ.

mirza-3

ജനിച്ച് മാസങ്ങളാകും മുന്നേ വന്ന ഒരു ശ്വാസം മുട്ടലിൽ നിന്നുമാണ് എല്ലാ വേദനകളുടേയും തുടക്കം. ചെറിയ ടെസ്റ്റുകളും ആശുപത്രി സന്ദർശനങ്ങളുമായി ആദ്യ ദിനങ്ങൾ അങ്ങനെ കടന്നു പോയി. എന്നാൽ ഒരു ദിവസം ഡോക്ടർ അവരോട് ആ സത്യം തുറന്നു പറഞ്ഞു. ഹൃദയം നുറുക്കാൻ പോന്ന വിധമുള്ള വലിയ വേദനയായിരുന്നു ഡോക്ടർക്ക് അവരോട് പറയാനുള്ളത്.

‘മിർസാ മോളുടെ കഴുത്തിലും ശ്വാസനാളത്തിലും രണ്ട് മുഴകൾ വളരുന്നുണ്ട്. ശ്വാസമെടുക്കാൻ വേണ്ടിയുള്ള അവളുടെ പിടച്ചിലിന് കാരണവും അതാണ്. അടിയന്തരമായി അത് നീക്കം ചെയ്യാത്ത പക്ഷം ഒരു പക്ഷേ അരുതാത്തത് സംഭവിച്ചെന്നിരിക്കും.’– ഡോക്ടറുടെ ആ വാക്കുകൾ വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയായിരുന്നു.

mirza-1

അമ്മിഞ്ഞ പാലിന പകരം മരുന്നിലും മന്ത്രത്തിലുമൊക്കെയായിരുന്നു പിന്നീടങ്ങോട്ട് കുഞ്ഞ് മിർസയുടെ ജീവിതം. തുടർച്ചായുള്ള ടെസ്റ്റുകൾ, താങ്ങാവുന്നതിനും അപ്പുറമുള്ള മരുന്ന് കെട്ടുകൾ. പിഞ്ച് ശരീരത്തിൽ ആഴ്ന്നിറങ്ങുന്ന സൂചിമുനകൾ. ഒരായുസിനും അപ്പുറമുള്ള വേദന ആ പൈതൽ ഇക്കണ്ട നാളിനുള്ളിൽ അനുഭവിച്ചു തീർത്തു.

അഞ്ചാം മാസത്തിലാണ് അവളുടെ ശരീരം ആദ്യ ശസ്ത്രക്രിയക്ക് വിധേയമാകുന്നത്. കഴുത്തിലെ മുഴ നീക്കം ചെയ്തു കൊണ്ടായിരുന്നു തുടക്കം. എന്നാൽ അവിടം കൊണ്ട് ഒടുങ്ങിയില്ല വേദനയുടെ ആഴം. ശ്വാസനാളത്തിനുള്ളിൽൽ വളരുന്ന മുഴയെ ഓപ്പൺ സർജറിയിലൂടെ നീക്കം ചെയ്തില്ലെങ്കിൽ കുഞ്ഞിന്റെ ജീവൻ അപകടത്തിലാകുമെന്ന് ഡോക്ടർമാരുടെ അന്ത്യശാസനമെത്തി. അതിനായി ചികിത്സ തേടുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയും ഡോക്ടർമാർ ഇട്ടിരിക്കുന്ന വിലയോ എട്ടു ലക്ഷം രൂപ. മറ്റൊരു തരത്തിൽ പറഞ്ഞാൽ കുഞ്ഞ് മിർസയുടെ ജീവന്റെ വില.

സാധാരണ ഓട്ടോ ഡ്രൈവറായ തന്നെക്കൊണ്ട് കൂട്ടിയാൽ കൂടുന്നതല്ല ഈ തുകയെന്ന് ഉപ്പ ഷാജി പറയുന്നു. ഉള്ളതെല്ലാം വിറ്റുപെറുക്കി. ഇല്ലായ്മ ജീവിതത്തിൽ നിന്ന് ആവുന്നതെല്ലാം നുള്ളിപ്പെറുക്കി. ടെസ്റ്റിനും ആദ്യ ഓപ്പറേഷനുമൊക്കെയായി ഇതിനോടകം തന്നെ ഭീമമായ തുക ചെലവഴിച്ചു. എന്നിട്ടും തന്റെ പൈതലിന്റെ ജീവൻ രക്ഷിക്കാനുള്ള മാർഗം അകലെ തന്നെയെന്ന് ഷാജിയുടെ വാക്കുകൾ.

mirza-4

തന്റെ കുഞ്ഞ് പൈതലിന്റെ കുഞ്ഞു നെഞ്ചിൽ ഇത്രയും വലിയൊരു ശസ്ത്രക്രിയ നടത്തുന്നത് ചിന്തിക്കാൻ പോലുമാകില്ലെന്ന് ഉമ്മ ഷഫ്നയും പറയുന്നു. അതു ചെയ്യാത്ത പക്ഷം തന്റെ പൈതലിന്റെ പിടച്ചിൽ ഇനിയും താൻ കാണേണ്ടി വരുമെന്നും കണ്ണീരോടെ ഷഫ്നയുടെ വാക്കുകൾ.

പ്രതീക്ഷയും പ്രാർത്ഥനയും മാത്രം ബാക്കി നിൽക്കേ ആ നിർദ്ധന കുടുംബം ഇനി ഉറ്റുനോക്കുന്നത് കരുണയുടെ ഉറവ വറ്റാത്ത മനസുകളിലേക്കാണ്. ഈ വരുന്ന പത്തൊമ്പതിന് വിശദമായ ചെക്കപ്പിനു ശേഷം മിർസ മോളുടെ ഓപ്പറേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് ആശുപത്രി അധികൃതർ കടക്കും. അതിനു മുമ്പ് നന്മ മനസുകൾ തങ്ങൾക്കുള്ള സഹായമെത്തിക്കുമെന്ന കാത്തിരിപ്പിൽ ആശുപത്രി വരാന്തയിൽ കാത്തിരിപ്പാണവർ.