Tuesday 18 June 2019 04:33 PM IST : By സ്വന്തം ലേഖകൻ

മിഷേലിനെ ബൈക്കില്‍ പിന്തുടര്‍ന്ന് യുവാക്കള്‍? സിസിടിവി ദൃശ്യങ്ങള്‍ക്ക് പുറകെ പൊലീസ്, അന്വേഷണം പുനരാരംഭിച്ചു!

mishel076543

വർഷങ്ങൾക്ക് മുൻപ് ഏറെ കോളിളക്കം സൃഷ്‌ടിച്ച തിരോധാനവും മരണവുമായിരുന്നു സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടേത്. കൊച്ചി കായലില്‍ മിഷേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇപ്പോഴിതാ അന്വേഷണം പുനരാരംഭിക്കുന്നു. മിഷേലിനെ പിന്തുടര്‍ന്നുവെന്ന് കരുതുന്ന ബൈക്കിലെത്തിയ രണ്ടു യുവാക്കളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി സിസി ടിവി ദൃശ്യങ്ങള്‍ ഉൾപ്പെടെ പൊലീസ് പരസ്യപ്പെടുത്തിയിട്ടുണ്ട്.

2017 മാര്‍ച്ച് അഞ്ചിന് വൈകിട്ട് ആറു മണിയോടെ കലൂര്‍ സെന്റ് ആന്റണീസ് പള്ളിക്ക് സമീപം മോട്ടോര്‍ സൈക്കിളില്‍ വന്നിറങ്ങിയ രണ്ട് യുവാക്കൾക്കായാണ് ഇപ്പോള്‍ തിരച്ചില്‍ ഊർജ്ജിതമാക്കിയിരിക്കുന്നത്. ഇതേ ദിവസമാണ് ഹോസ്റ്റലില്‍നിന്ന് പള്ളിയിലെത്തി മടങ്ങിയ മിഷേലിനെ കാണാതായത്. ആറാം തീയതി മിഷേലിന്റെ മൃതദേഹം കൊച്ചി കായലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. മിഷേല്‍ ആത്മഹത്യ ചെയ്തുവെന്നായിരുന്നു പൊലീസിന്റെയും കൈംബ്രാഞ്ചിന്റെയും കണ്ടെത്തല്‍.

അതേസമയം മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ചൂണ്ടിക്കാട്ടി മിഷേലിന്റെ അമ്മ രംഗത്തുവന്നിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്ത് വിശദമായി അന്വേഷിച്ചു തുടങ്ങിയത്. മരിക്കുന്നതിന്റെ തലേദിവസം വീട്ടിലേക്ക് വരാന്‍ മിഷേൽ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും അമ്മ പറയുന്നു. പഠിക്കാനുള്ള പുസ്തകം എടുക്കാന്‍ വരട്ടെയെന്നായിരുന്നു മിഷേൽ അമ്മയോട് ചോദിച്ചത്. ഒറ്റയ്‌ക്ക് വരണ്ട, വീട്ടിലെത്താൻ വൈകുമെന്ന് പറഞ്ഞു മിഷേലിനെ അമ്മ നിരുത്സാഹപ്പെടുത്തുകയായിരുന്നു. എല്ലാ ദിവസവും സംസാരിക്കുന്നതില്‍ നിന്ന് മാറ്റമൊന്നും മകളുടെ സ്വരത്തിൽ ഇല്ലായിരുന്നു എന്ന് മിഷേലിന്റെ അമ്മ പറയുന്നു. 

അന്വേഷണത്തിന്റെ തുടക്കത്തിൽ മിഷേലുമായി അടുപ്പം ഉണ്ടായിരുന്ന ക്രോണില്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്രോണിന്റെ മാനസിക പീഡനം സഹിക്ക വയ്യാതെയാണ് മിഷേല്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാൽ ഇത് സംബന്ധിച്ച് തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.

അവസാനമായി മിഷേൽ പോയത് കലൂരിലെ പള്ളിയിലാണ്. അവിടെവച്ച് ആരോ പിന്തുടരുന്നത് സിസി ടിവിയിൽ വ്യക്തമായിരുന്നു. മിഷേൽ മരണത്തിന് ഒന്‍പതു ദിവസം മുൻപും പള്ളിയിൽ പോയിരുന്നു. അന്ന് പള്ളിയില്‍ പ്രാർത്ഥിച്ച് തിരിച്ചിറങ്ങുമ്പോള്‍ ആരോ ഒരാള്‍ മിഷേലിന്റെ അടുത്തുവന്ന് പേരു ചോദിച്ചു. നിന്റെ കണ്ണില്‍ നോക്കിനിൽക്കാന്‍ നല്ല ഭംഗിയാണെന്നും പറഞ്ഞു. ഇതോടെ മിഷേല്‍ പേടിച്ച് ബസ് സ്റ്റോപ്പിലേക്ക് നീങ്ങി. അപ്പോഴും അയാൾ മിഷേലിനെ പിന്തുടർന്ന് അവിടെയെത്തി.

തുടർന്ന് ഹോസ്റ്റലിലേക്ക് പോയ മിഷേൽ സംഭവം കോളജിലെ ഒരു സുഹൃത്തിനെ അറിയിച്ചു. പിന്നീട് അവിടെയെത്തിയ സുഹൃത്ത് പള്ളിയുടെ പരിസരം നിരീക്ഷിച്ചെങ്കിലും ആരേയും കണ്ടില്ല. എന്‍ആര്‍ഐ ശൈലിയിലുള്ള സംഭാഷണമാണ് ആ വ്യക്തിയുടേതെന്നാണ് മിഷേൽ ഹോസ്റ്റലിലെ സുഹൃത്തുക്കളോട് പറഞ്ഞത്. മിഷേലിന്റെ മരണശേഷമാണ് സുഹൃത്തുക്കൾ ഇക്കാര്യം വീട്ടില്‍ അറിയിച്ചത്.