Wednesday 24 July 2024 03:23 PM IST : By സ്വന്തം ലേഖകൻ

‘ലോറി ഒറ്റ കഷ്ണമോ, അതോ രണ്ട് കഷ്ണങ്ങളായി പോയോ എന്നറിയില്ല; പുഴ 'സ്കാന്‍' ചെയ്ത ശേഷം വിപുലമായി തിരയും’: റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍

shiroor-indrabalan

ഷിരൂര്‍ മണ്ണിടിച്ചിലില്‍ പെട്ട അര്‍ജുനായുള്ള തിരച്ചില്‍ ഒന്‍പതാം ദിവസത്തിലേക്ക് കടന്നിരിക്കുമ്പോള്‍ കൂടുതല്‍ ഉപകരണങ്ങളുമായി വിപുലമായ തിരച്ചില്‍ നടത്തുമെന്ന് റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍. മണ്ണിടിച്ചിലുണ്ടായതിന് ശേഷം ലോറിയുടെ അവസ്ഥ എന്താണ് എന്നതിനെ കുറിച്ച് നിലവില്‍ അറിവില്ല. ഒറ്റ കഷ്ണമാണോ, അതോ രണ്ട് കഷ്ണങ്ങളായി പോയോ എന്ന് പറയാന്‍ പറ്റില്ല. കരയിലുമാകാം പുഴയിലുമാകാം. വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങള്‍ പുഴയുടെ ആഴത്തില്‍ പരിശോധിക്കാന്‍ സഹായിക്കുന്നതാണ്. കൃത്യമായ ഉപകരണങ്ങള്‍ കൊണ്ട് പുഴ 'സ്കാന്‍' ചെയ്ത ശേഷം വിപുലമായി തിരയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉച്ചയോടെ കൂടുതല്‍ ഉപകരണങ്ങള്‍ തിരച്ചിലിനായി എത്തിക്കാന്‍ സാധിക്കുമെന്നാണ് രക്ഷാസംഘത്തിന്റെ പ്രതീക്ഷ.

പുഴയിൽ നിന്ന് ചെളി വാരിയുള്ള തിരച്ചിലാണ് ഇന്ന് നടക്കുന്നത്. 60 അടി താഴ്ചയില്‍നിന്ന് ചെളി നീക്കാനുള്ള ബൂം മണ്ണ് മാന്തി യന്ത്രം അപകടസ്ഥലത്ത് എത്തിച്ചു. ഇന്നലെ വൈകിട്ട് സൈന്യത്തിന്റെ പരിശോധനയിൽ സോണാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് ബൂം മണ്ണുമാന്തി യന്ത്രം ഉപയോഗിക്കും. വൈകിട്ടോടെ വ്യക്തത വരുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags:
  • Spotlight