Friday 12 January 2018 11:52 AM IST : By സ്വന്തം ലേഖകൻ

മൊബൈൽ മേക്കോവർ ഗെയിമുകൾ കുട്ടികളെ സ്ലിം ആക്കുമോ? റിപ്പോർട്ടുകൾ പറയുന്നത്

video-game1

കുട്ടികളെ സ്ലിം ആവാൻ പ്രേരിപ്പിക്കുന്ന മേക്കോവർ ഗെയിമുകൾ ഇന്റർനെറ്റിൽ ധാരാളമുണ്ട്. സ്ഥിരമായി ഇത്തരം മേക്ക് ഓവർ ഗെയിമുകളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് സ്ലിം ആവാനുള്ള പ്രേരണ കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. പത്തു മിനിറ്റ് തുടർച്ചയായി ഈ ഗെയിമുകൾ കളിച്ചാൽ ശരീരം കൂടുതൽ മെലിയിക്കാനുള്ള താൽപ്പര്യം കുട്ടികളിൽ ഉണ്ടാവുമെന്നാണ് പഠനത്തിൽ പറയുന്നത്.

ഗെയിം കളിച്ചുതുടങ്ങുന്ന കുട്ടിക്ക് അതുപോലെ പ്രെറ്റി വസ്തങ്ങൾ അണിയാനും മേക്കപ്പ്  ഇടാനുമൊക്കെ വലിയ താൽപ്പര്യമാണ്. സ്വന്തം ശരീരത്തോട്  കൂടുതൽ ശ്രദ്ധ കാണിക്കുന്ന അവർ ഡിപ്രഷനിലേക്ക് വീഴാനുള്ള സാധ്യത കൂടുതലാണെന്നാണ് ഇംഗ്ലണ്ടിൽ നടത്തിയ പഠനം സൂചിപ്പിക്കുന്നത്.

ഇന്ന് ഗെയിമുകൾ ഡൗൺലോഡ് ചെയ്യാൻ പ്ലേ സ്റ്റോറിൽ കയറിയാൽ കാണുക നിരവധി മേക്ക് ഓവർ ഗെയിമുകളാണ്. സ്റ്റാർ ഗേൾ, ഇന്ത്യൻ ഗേൾ, പ്രിൻസസ് മേക്കപ്പ് സലൂൺ, ഡോൾ മേക്ക് ഓവർ സലൂൺ, മേക്ക് അപ്പ് മീ തുടങ്ങിയ നിരവധി ആപ്പുകളുടേയും  ഗെയിമുകളുടേയും വൻ കളക്ഷൻ തന്നെ പ്ലേസ്റ്റോറിലുണ്ട്. പത്തു വയസ്സുവരെയുള്ള പെൺകുട്ടികളെ ഉദ്ദേശിച്ചാണ് ഇവയെങ്കിൽ ഉപയോക്താക്കളിൽ കൂടുതലും മുതിർന്നവരാണ്. നാല്പത്തിയെട്ടു വയസ്സു വരെയുള്ള വീട്ടമ്മമാർ ഇത്തരം ഗെയിമുകൾ കളിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബ്രൈഡൽ മേക്ക് ഓവർ ഗെയിമിൽ മണവാട്ടിയെ ഒരുക്കാൻ ബോഡി സ്പാ തൊട്ട് വസ്ത്രങ്ങളും ആഭരണങ്ങളും വരെ ഉപയോഗിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യാം. ഗെയിമിലൂടെ ബ്യുട്ടീഷൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യാനുള്ള സൗകര്യമുണ്ട്. രസകരമായ ഇത്തരം ഗെയിമുകളാണ് കുട്ടികളുടെ മനോനിലയെ സ്വാധീനിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.

ഗെയിമിലെ ബാർബി ഡോളിന്റെ തിളങ്ങുന്ന നീല കണ്ണുകളും പല നിറത്തിലുള്ള സിൽക് മുടിയും  സ്ലിം ആയ ശരീരഘടനയുമൊക്കെയാണ് കുട്ടികളെ ആകർഷിക്കുന്നത്. ഇത്തരം ഗെയിമുകളിൽ കുഞ്ഞുങ്ങൾ കൂടുതൽ സമയം ചിലവഴിക്കുന്നത് ഒഴിവാക്കാൻ അമ്മമാർ ശ്രദ്ധിക്കണം. ഇതവരുടെ ആരോഗ്യത്തേയും പഠനത്തേയും ഗുരുതരമായി ബാധിക്കാൻ ഇടയാക്കും.