Saturday 12 January 2019 12:55 PM IST : By സ്വന്തം ലേഖകൻ

നിങ്ങളുടെ മൊബൈൽ നമ്പർ ഭാഗ്യം കൊണ്ടുവരുമോ? സംഖ്യകൾ കൂട്ടിനോക്കൂ രഹസ്യം അറിയാം!

number-numerology

ന്യൂമറോളജി എത്രത്തോളം പ്രബലമാണെന്ന് അറിയാൻ സെലിബ്രിറ്റികളോട് തന്നെ ചോദിക്കണം. കാരണം സ്വന്തം കാർ നമ്പർ മുതൽ പേര് വരെ ന്യൂമറോളജി അനുസരിച്ച് ഇവർ മാറ്റാറുണ്ട്. നമ്പറുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഭാഗ്യം കൊണ്ടുവരും എന്നാണ് വിശ്വാസം. മറ്റൊന്ന്, പലർക്കും തങ്ങൾ കാലങ്ങളായി ഉപയോഗിക്കുന്ന മൊബൈൽ നമ്പറുകളുടെ ഭാഗ്യഫലങ്ങളെ കുറിച്ച് അറിയില്ല.

മൊബൈൽ നമ്പറുകൾ കൂട്ടിക്കിട്ടുന്ന സംഖ്യകൾക്കും ചില രഹസ്യങ്ങൾ പറയാനുണ്ട്. ഉദാഹരണമായി ഒരാളുടെ മൊബൈൽ നമ്പർ 9400670009 എന്നിരിക്കട്ടെ. ഇത് കൂട്ടിക്കഴിയുമ്പോൾ കിട്ടുന്ന സംഖ്യ എട്ടാണ് (9+4+0+0+6+7+0+0+0+9= 35 , 3+5=8). എട്ട് എന്ന സംഖ്യയുടെ ഫലങ്ങൾ താഴെ കൊടുത്തിരിക്കുന്നു. ഇത് നോക്കി നിങ്ങളുടെ മൊബൈൽ നമ്പർ ഭാഗ്യമാണോ നിർഭാഗ്യമാണോ എന്ന് കണ്ടെത്താം.

ഒന്ന് 

പ്രഥമ സ്ഥാനം ആയതുകൊണ്ട് വളരെ ഊര്‍ജ്ജസ്വലമായ സംഖ്യയാണ് ഒന്ന്. ഈ സംഖ്യ നമ്മളിലെ പോസിറ്റീവ് എനർജി കൂട്ടി ശുഭാപ്തി വിശ്വാസമുള്ള വ്യക്തിയായി മാറ്റും. അതുകൊണ്ടുതന്നെ ഈ സംഖ്യ ബിസിനസ്സുകാര്‍ക്കും ജോലിയിൽ ഉന്നത സ്ഥാനങ്ങൾ കൊതിക്കുന്നവർക്കും ഉത്തമമാണ്. അതേസമയം പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ നമ്പർ ഗുണകരമല്ല.

രണ്ട്

പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും കമിതാക്കൾക്കും അനുയോജ്യമായ സംഖ്യയാണ് രണ്ട്. ഈ സംഖ്യ വ്യക്തികളിൽ ദയയും കരുണയും സഹകരണവും വർധിപ്പിക്കും. നല്ല നയതന്ത്ര സ്വഭാവം വരുകയാൽ ബിസിനസ്, സെയില്‍സ് സംബന്ധമായ ജോലികളുള്ളവര്‍ക്ക് ഉത്തമമായ നമ്പറാണിത്.

മൂന്ന് 

മൂന്ന് സര്‍ഗ്ഗശക്തിയുള്ള നമ്പറാണ്. അതുകൊണ്ടുതന്നെ സിനിമാ പ്രവർത്തകർക്കും കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും ഈ നമ്പർ അനുയോജ്യമാണ്. അതേസമയം എല്ലാ വിഷയങ്ങളിലും ഒരുപോലെ വിജയം ആഗ്രഹിക്കുന്നവർക്ക് ഈ നമ്പർ അനുയോജ്യമല്ല.

നാല് 

സ്ഥിരതയുടെയും വിശ്വാസത്തിന്റെയും നമ്പറാണ് നാല്. അതുകൊണ്ടുതന്നെ ബാങ്കിങ് മേഖലയിലുള്ളവർക്കും ഫൈനാൻസ് രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഈ നമ്പർ ഉചിതമാണ്. ഒപ്പം കൂട്ടുകുടുംബത്തിൽ ജീവിക്കുന്നവർക്ക് അനുയോജ്യമായ സംഖ്യയാണിത്.

അഞ്ച്

ധൈര്യത്തിന്റെയും സാഹസികതയുടെയും നമ്പറാണ് അഞ്ച്. സ്വാതന്ത്ര മോഹികൾക്കും യാത്രയിഷ്ടപ്പെടുന്നവർക്കും ഒറ്റയ്ക്കു താമസിക്കാൻ കൊതിക്കുന്നവർക്കും അഞ്ചു ഉചിതമായ നമ്പറാണ്.  

ആറ്

ഒത്തൊരുമയുടെ നമ്പറാണ് ആറ്. അതുകൊണ്ടുതന്നെ കുടുംബസ്നേഹികൾക്ക് ഈ നമ്പർ നല്ല ഫലം കൊണ്ടുത്തരും. ഒപ്പം സൗഹൃദ ബന്ധങ്ങൾക്ക് കൂടുതൽ ശക്തിയും ഊഷ്മളതയും പകരുന്ന സംഖ്യയുമാണ് ആറ്. അതേസമയം കമിതാക്കൾക്ക് ഈ നമ്പർ ഗുണകരമല്ല. 

ഏഴ് 

ജീവിതത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് സഹായകമാകുന്ന നമ്പറാണ് ഏഴ്. ഏറ്റവും ശക്തവും നിഗൂഢവുമായ നമ്പറാണിത്. പഠനത്തിൽ താല്പര്യമുള്ള വിദ്യാർഥികൾക്കും തത്വചിന്തകർക്കും അനുയോജ്യമായ നമ്പറാണിത്. 

എട്ട്

എഴുതുമ്പോൾ എളുപ്പമുള്ളതും മനോഹരവുമായ നമ്പറാണ് എട്ട്. ജീവിതത്തിലും തൊഴിലിലും ഉന്നതി ആഗ്രഹിക്കുന്നവർക്ക് ഈ നമ്പർ അനുയോജ്യമാണ്. ബിസിനസുകാർക്ക് മികച്ച നേട്ടം കൈവരിക്കാൻ ഈ നമ്പർ നല്ലതാണ്.

ഒൻപത്

ഭാഗ്യനമ്പറായി ലോകം മുഴുവൻ കണക്കാക്കപ്പെടുന്ന നമ്പറാണ് ഒൻപത്. ആദർശം മുറുക്കെ പിടിക്കുന്നവർക്കും അന്തസ്സോടു കൂടി ജീവിതം നയിക്കുന്നവർക്കും ഈ നമ്പർ അനുയോജ്യമാണ്. അതേസമയം ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളുള്ളവർക്ക് ഈ നമ്പർ ചേരില്ല.