Wednesday 17 November 2021 04:41 PM IST : By സ്വന്തം ലേഖകൻ

‘പുതിയ യൂണിഫോമുമായി റൂമിൽ കയറി, പിന്നെ കാണുന്നത് ഒരുമുഴം കയറിൽ തൂങ്ങിയ സാബിതിനെ’: മരണക്കളിയിൽ ആത്മഹത്യ

sabith

ഓൺലൈൻ മരണക്കളിയിൽ വീണ്ടും ഒരു ജീവന്‍ കൂടി പൊലിഞ്ഞു. തിരുവനന്തപുരം ചിറയിന്‍കീഴിലെ എട്ടാം ക്ളാസുകാരന്‍ സാബിത് മുഹമ്മദാണ് തൂങ്ങിമരിച്ചത്. കല്ലുവിള വീട്ടില്‍ ഷാനവാസിന്റെയും സജീനയുടെയും മകനാണ് 14കാരനായ സാബിത്ത്. മരണ ശേഷമാണ് മൊബൈലിലെ ഗെയിമുകളേക്കുറിച്ച് അറിഞ്ഞതെന്ന് മാതാപിതാക്കള്‍ പറയുന്നുയ

കഴിഞ്ഞ 8ന് ട്യൂഷന്‍ കഴിഞ്ഞെത്തിയ സാബിത്ത് പുതിയതായി വാങ്ങിയ യൂണിഫോം അണിഞ്ഞ് സന്തോഷത്തിലായിരുന്നു. അതുമായി മുറിയിലേക്ക് കയറിയ സാബിത്തിനെ പിന്നീട് കാണുന്നത് ഒരു മുഴം തുണിയില്‍ തൂങ്ങിയനിലയിലാണെന്ന് കണ്ണീരോടെ പിതാവ് പറയുന്നു.

‘ഇങ്ങനെയൊരു സംഭവമേ ഞങ്ങൾ അറിഞ്ഞിരുന്നില്ല. ഓടിക്കളിച്ച് നടന്ന കുട്ടിയായിരുന്നു അവൻ. ഈ ഗെയിം അതിലുണ്ടെന്ന് പോലും അറിഞ്ഞില്ല. ഇളയ കുട്ടി പറഞ്ഞാണ് ഇങ്ങനെയൊരു അപകടം അറിഞ്ഞത്. ഞങ്ങൾ പോലുമറിയാതെ നാല് നമ്പരുകൾ ഉപയോഗിച്ചാണ് ഗെയിം കളിച്ചിരുന്നത്.’– സാബിത്തിന്റെ ബന്ധുവിന്റെ വാക്കുകൾ.

ആത്മഹത്യാ കാരണം അന്വേഷിച്ച് മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോഴാണ് രഹസ്യ പാസ്വേഡ് ഉപയോഗിച്ച് സൂക്ഷിച്ചിരുന്ന ഗെയിമുകളും ആപ്ളിക്കേഷനുകളും കാണുന്നത്. ഓണ്‍ലൈന്‍ പഠനത്തിനെന്ന പേരില്‍ കൈക്കലാക്കുന്ന അമ്മയുടെ മൊബൈലിലൂടെ സാബിത്ത് സമയവും ജീവിതവും കുരുക്കിയിടുന്ന ഗെയിമുകളുടെ ലഹരിലോകത്തെത്തിയത് വിദേശത്തുള്ള പിതാവോ വീട്ടിലുള്ളവരോ അറിഞ്ഞിരുന്നില്ല.

വീട്ടില്‍ വന്ന് ഫോൺ ചെക്ക് ചെയ്തപ്പോൾ കാൽക്കുലേറ്ററിന്റെ കോഡ് അടിച്ചിട്ടിരിക്കുന്നു. അത് ഓപ്പണാകുമ്പോൾ അവന്റെ കുറച്ച് ആപ്ലിക്കേഷൻ ഓപ്പണായി വന്നു. വേറെ ആൾക്കും അത് കണ്ടെത്താൻ കഴിഞ്ഞില്ല– പിതാവ് ഷാനവാസിന്റെ വാക്കുകൾ.

ഓണ്‍ലൈന്‍ ഗെയിമുകളുടെ അപകട സാധ്യത മനോരമ ന്യൂസ് ചൂണ്ടിക്കാട്ടിയപ്പോള്‍ പൊലീസിനെ ഉപയോഗിച്ച് പ്രത്യേക നിരീക്ഷണവും കൗണ്‍സിലിങ്ങുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. പ്രഖ്യാപനത്തിനപ്പുറം ഇരകളെ കണ്ടെത്താനോ രക്ഷിക്കാനോ സര്‍ക്കാരിനാവുന്നില്ലെന്ന് ഓര്‍മിപ്പിക്കുകയാണ് സാബിത്തിന്റെ മരണം.