Friday 19 November 2021 12:36 PM IST : By സ്വന്തം ലേഖകൻ

ഹോട്ടലിലെ ക്യാമറ ദൃശ്യങ്ങൾ എന്തിനു നശിപ്പിച്ചു? ഹാർഡ് ഡിസ്ക് കായലിൽ തിരയാൻ പൊലീസ്: അന്വേഷണം ക്രൈം ബ്രാഞ്ചിന്

miss-kerala

മിസ് കേരള മത്സര വിജയികളായ മോഡലുകൾ അപകടത്തിൽ മരിച്ച കേസിൽ 18 ദിവസം പിന്നിട്ടിട്ടും വ്യക്തമായ തെളിവുകൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. എസിപി ടി. ബിജി ജോർജിനാണ് അന്വേഷണ ചുമതല. തെളിവു നശിപ്പിച്ചതിന് അറസ്റ്റിലായ ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലുടമയെയും 5 ജീവനക്കാരെയും ചോദ്യം ചെയ്ത പൊലീസ്, മോഡലുകൾ പങ്കെടുത്ത നിശാപാർട്ടിയുടെ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് കണ്ടെത്താൻ ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപം കായലിൽ തിരയാൻ ഒരുങ്ങുകയാണ്.

റോയിയുടെ നിർദേശപ്രകാരം ഹാർഡ് ഡിസ്ക് കായലിൽ എറിഞ്ഞെന്നു വിവരം ലഭിച്ച സാഹചര്യത്തിലാണ് ഈ നീക്കം. പ്രതികളെ വിശദമായി ചോദ്യം ചെയ്യാൻ 3 ദിവസത്തെ കസ്റ്റഡി ചോദിച്ചെങ്കിലും മജിസ്ട്രേട്ട് ഹോട്ടലുടമ റോയ് ജെ.വയലാട്ട് (51) ഉൾപ്പെടെ 6 പ്രതികൾക്കു സോപാധിക ജാമ്യം അനുവദിച്ചു. രക്തസമ്മർദം കൂടിയതും ഇസിജി വ്യതിയാനവും മൂലം ആശുപത്രിയിൽ കഴിയുന്ന ഹോട്ടലുടമ റോയ് ജെ.വയലാട്ടിന്റെ മൊഴി മജിസ്ട്രേട്ട് ആശുപത്രിയിലെത്തി രേഖപ്പെടുത്തി.

റോയിയും ഹോട്ടൽ ജീവനക്കാരായ കെ.കെ. അനിൽ, വിൽസൻ റെയ്‌നോൾഡ്‌, എം.ബി.മെൽവിൻ, ജി.എ.സിജുലാൽ, വിഷ്‌ണുകുമാർ എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷയാണു മജിസ്ട്രേട്ട് കോടതി അനുവദിച്ചത്.  അപകടം നടന്ന ഉടൻ നമ്പർ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് നശിപ്പിച്ചതാണ് ഇവരെ കേസിൽ പ്രതി ചേർക്കാൻ കാരണം. എന്തുകൊണ്ടാണു ദൃശ്യങ്ങൾ നശിപ്പിച്ചതെന്നു വ്യക്തമാക്കാൻ പ്രതികൾക്ക് കഴിഞ്ഞിട്ടില്ല.

ഹോട്ടൽ മുതൽ അപകടം നടന്ന പാലാരിവട്ടം ചക്കരപ്പറമ്പ് വരെ മോഡലുകളും 2 സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ പിന്തുടർന്ന സൈജു തങ്കച്ചൻ ഇവരുടെ മരണ വിവരം അപ്പോൾ തന്നെ റോയിയെയും ജീവനക്കാരെയും ഫോണിൽ അറിയിച്ചിരുന്നു. ഇതിനു ശേഷമാണു പാർട്ടിയുടെ ദൃശ്യങ്ങൾ നശിപ്പിക്കാൻ ജീവനക്കാർക്കു നിർദേശം ലഭിച്ചതെന്നാണു നിഗമനം. ഈ നീക്കത്തിലാണു പൊലീസ് ഗൂഢാലോചന കാണുന്നത്. എവിടെയോ സംഭവിച്ച അപകടത്തിന്റെ തുടർച്ചയായി ഹോട്ടലിലെ ക്യാമറ ദൃശ്യങ്ങൾ എന്തിനു നശിപ്പിച്ചുവെന്ന ചോദ്യത്തിനു മറുപടി പറയാൻ പ്രതികൾക്കു കഴിഞ്ഞിട്ടില്ലെന്നു പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു.

എന്നാൽ, ദൂരെ ഒരിടത്തു നടന്ന കാറപകടവുമായി ഹോട്ടലിലെ ദൃശ്യങ്ങൾക്ക് എന്തുബന്ധമെന്നാണു പ്രതിഭാഗത്തിന്റെ മറുചോദ്യം. അപകട സമയം കാറോടിച്ചിരുന്ന തൃശൂർ മാള സ്വദേശി അബ്ദുൽ റഹ്മാനെ കുറ്റവിമുക്തനാക്കുന്നതിനുള്ള തിരക്കഥയാണു പൊലീസ് ഒരുക്കിയിരിക്കുന്നതെന്നു പ്രതിഭാഗം വാദിച്ചു. കാറിനെ പിന്തുടർന്ന സൈജു തങ്കച്ചൻ ഒളിവിലാണ്. ഇയാ‍ൾ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിലെ നിർണായക കണ്ണിയാണു സൈജു. മുൻകൂർ ജാമ്യാപേക്ഷ സർക്കാരിന്റെ നിലപാട് അറിയാൻ ഹൈക്കോടതി മാറ്റിയിരിക്കുകയാണ്.

More