Monday 20 May 2019 12:41 PM IST : By സ്വന്തം ലേഖകൻ

ഒരു രാത്രിയ്ക്ക് വാടക 990 രൂപ; വൈദ്യുതി, ഭക്ഷണം, ഫോണ്‍സൗകര്യം എല്ലാമുണ്ട്; അറിയാം മോദി ധ്യാനിച്ച രുദ്രഗുഹയെ കുറിച്ച്!

PTI5_18_2019_000145B

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനമാണ് കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിലെ ചൂടുപിടിച്ച ചർച്ച. പ്രധാനമന്ത്രി ധ്യാനിച്ചിരുന്ന രുദ്ര ഗുഹയെ പറ്റിയാണ് എല്ലാവർക്കും അറിയേണ്ടിയിരുന്നത്. അതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് കൂടുതലും നടക്കുന്നത്. കേദാര്‍നാഥില്‍നിന്ന് ഒരു കിലോമീറ്റര്‍ ദൂരെയുള്ള ഈ ഗുഹയില്‍ ഒരു ദിവസം കഴിയുന്നതിനുള്ള വാടക വെറും 990 രൂപയാണ്. ധ്യാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനാൽ ഒരു സമയം ഒരാളെ മാത്രമേ ഗുഹയില്‍ താമസിക്കാന്‍ അനുവദിക്കുകയുള്ളൂ.  

rudra-cave221

വൈദ്യുതി, കുടിവെള്ളം, ശൗചാലയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഗുഹയ്ക്കുള്ളിൽ ലഭ്യമാണ്. കല്ലുകൊണ്ട് നിര്‍മിച്ച ഗുഹയുടെ വാതില്‍ തടി കൊണ്ടുള്ളതാണ്. ഗുഹയ്ക്കുള്ളില്‍ താമസിക്കുന്നയാള്‍ക്ക് രാവിലത്തെ ഭക്ഷണവും ഉച്ച ഭക്ഷണവും അത്താഴവും രണ്ടു നേരം ചായയും ലഭിക്കും. ഇരുപത്തിനാലു മണിക്കൂറും ഒരു സഹായിയുടെ സേവനവും ലഭ്യമാണ്. ഇതിനായി ഗുഹയ്ക്കുള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന കോളിങ് ബെല്‍ അമര്‍ത്തിയാല്‍ മതി. എന്തെങ്കിലും അടിയന്തര ആവശ്യം വന്നാല്‍ ഉപയോഗിക്കാനായി ഗുഹയ്ക്കുള്ളില്‍ ഫോൺ സൗകര്യവുമുണ്ട്.

rudra-cave9990

രുദ്ര ഗുഹ യഥാർത്ഥത്തിൽ ഒരു സ്വാഭാവിക ഗുഹയല്ല. ടൂറിസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കരിങ്കല്ലില്‍ കൊത്തിയെടുത്ത മനുഷ്യനിര്‍മിത ഗുഹയാണിത്. ധ്യാന യോഗ്യമായ ഗുഹകള്‍ വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ഗഡ്‌വാള്‍ മണ്ഡല്‍ വികാസ് നിഗം(ജിഎംവിഎന്‍) രുദ്രഗുഹ നിര്‍മിച്ചത്. ആദ്യ കാലത്ത് മൂവായിരം രൂപയായിരുന്നു ഗുഹയുടെ പ്രതിദിന വാടക. പിന്നീട് സന്ദര്‍ശകർ കുറഞ്ഞതോടെ വാടക 990 രൂപയാക്കി കുറച്ചു. ഒപ്പം കുറഞ്ഞത് മൂന്നു ദിവസം ബുക്ക് ചെയ്യണമെന്ന നിബന്ധന ഉള്‍പ്പടെ നീക്കം ചെയ്തിരുന്നു.