Wednesday 19 January 2022 12:59 PM IST : By സ്വന്തം ലേഖകൻ

സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ എന്നിവ കുറ്റങ്ങൾ: ഇൻസ്പെക്ടർ സുധീർ പ്രതിയല്ല: മോഫിയ കേസിൽ കുറ്റപത്രം

mofiya

നിയമ വിദ്യാർഥിനി എടയപ്പുറം കക്കാട്ടിൽ മോഫിയ പർവീൺ (23) ആത്മഹത്യ ചെയ്ത കേസിൽ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് പൊലീസ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മോഫിയയുടെ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), ഭർതൃപിതാവ് യൂസഫ് (63) എന്നിവരാണു പ്രതികൾ. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, വിവാഹിതയ്ക്ക് എതിരെയുള്ള ക്രൂരത എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. മോഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശമുള്ള അന്നത്തെ പൊലീസ് ഇൻസ്പെക്ടർ സി.എൽ. സുധീർ കേസിൽ പ്രതിയല്ല. ഭർതൃവീട്ടുകാർക്കും ഇൻസ്പെക്ടർക്കും എതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിയ ശേഷം നവംബർ 22നാണ് മോഫിയ, എടയപ്പുറത്തെ സ്വന്തം വീട്ടിൽ ജീവനൊടുക്കിയത്.

ജനപ്രതിനിധികൾ പൊലീസ് സ്റ്റേഷനിൽ നടത്തിയ കുത്തിയിരിപ്പു സമരത്തിലൂടെ ഏറെ ജനശ്രദ്ധയാകർഷിച്ച കേസാണു മോഫിയയുടെ മരണം. തുടർന്നാണ് അന്വേഷണം ലോക്കൽ പൊലീസിൽ നിന്നു മാറ്റി ജില്ലാ ക്രൈംബ്രാഞ്ചിനു നൽകിയത്. അന്വേഷണം ഏറ്റെടുത്തു 2 മാസം തികയും മുൻപേ കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിനു കഴിഞ്ഞു.സുധീറിനെ പ്രതിയാക്കണമെന്നു മോഫിയയുടെ വീട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെട്ടെങ്കിലും വേണ്ടത്ര തെളിവുകൾ ഇല്ലാത്തതു കൊണ്ടാണു പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താത്തതെന്ന് അന്വേഷണ സംഘം പറഞ്ഞു.

സുധീറിന്റെയും മോഫിയ സ്റ്റേഷനിൽ എത്തിയ ദിവസം ജോലിയിൽ ഉണ്ടായിരുന്ന മറ്റു പൊലീസ് ഉദ്യോഗസ്ഥരുടെയും മൊഴി റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.ആർ. രാജീവിന്റെ നേതൃത്വത്തിൽ രേഖപ്പെടുത്തിയിരുന്നു. അതിലൊന്നും സുധീറിനെ പ്രതിയാക്കാൻ ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു. മാത്രമല്ല, സുധീറിന് എതിരായ പരാതിയിൽ നടക്കുന്ന വകുപ്പുതല അന്വേഷണം പൂർത്തിയായിട്ടുമില്ല. കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസി. കമ്മിഷണർ കെ.എഫ്. ഫ്രാൻസിസ് ഷെൽബിയാണ് അന്വേഷണം നടത്തുന്നത്. മോഫിയയുടെ പിതാവ് ദിൽഷാദിന്റെ മൊഴി ഇന്നലെ അന്വേഷണ സംഘം രേഖപ്പെടുത്തി.

More