Thursday 25 November 2021 10:57 AM IST : By സ്വന്തം ലേഖകൻ

‘മുത്തലാഖ് കിട്ടുന്നതുവരെ അവള്‍ തളരാതെ പിടിച്ചുനിന്നു; 2500 രൂപയാണ് അവൾക്ക് അവന്‍ വിലയിട്ടത്’: നെഞ്ചു തകർന്ന് ഉമ്മ ഫാരിസ

mofiyamother446566cffg

നീതി കിട്ടുമെന്ന് കരുതിയാണ് മോഫിയ പൊലീസ് സ്റ്റേഷനിലേക്ക് പോയതെന്ന് ഉമ്മ ഫാരിസ. "നീതി കിട്ടില്ലേയെന്ന് അവള്‍ പപ്പയോട് ചോദിച്ചു. ധൈര്യത്തോടെ സ്റ്റേഷനിലേക്കു പോയി. മകള്‍ ഇത്രയും തകരുമെന്ന് കരുതിയില്ല. ഭര്‍ത്താവിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ഒരുപാട് പരാതികള്‍ പറഞ്ഞു. മുത്തലാഖ് കിട്ടുന്നതുവരെ അവള്‍ തളരാതെ പിടിച്ചുനിന്നു. 2500 രൂപ വിലയിട്ടാണ് അവൻ അവൾക്ക് കത്തയച്ചത്. മുത്തലാഖ് നിരോധിച്ചതാണെന്ന് പറഞ്ഞ് അവളെ സമാധാനിപ്പിച്ചിരുന്നു. 

പറഞ്ഞാല്‍ തീരാത്തത്ര പീഡനമാണ് മകള്‍ അനുഭവിച്ചത്. ഭർത്താവിന്റെ വീട്ടുകാർ വെളുത്ത പെണ്ണിനെ കല്ല്യാണം ആലോചിക്കാൻ തുടങ്ങിയിരുന്നു. പൊലീസിലും നിയമത്തിലും മകൾക്ക് അത്ര വിശ്വാസമായിരുന്നുവെന്നു."- ഉമ്മ ഫാരിസ മനോരമ ന്യൂസിനോട് പറഞ്ഞു. 

തൊടുപുഴ അൽ അസ്ഹർ ലോ കോളജിലെ മൂന്നാം വർഷ വിദ്യാർഥിയായ മോഫിയ പർവീണിനെ (23) തിങ്കളാഴ്ച വൈകിട്ടാണു സ്വവസതിയിൽ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെയും ബന്ധുക്കളുടെയും മാനസികവും ശാരീരികവുമായ പീഡനം മൂലമാണു ജീവനൊടുക്കുന്നതെന്നു മോഫിയ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയപ്പോൾ മോശമായി പെരുമാറിയ ഇൻസ്പെക്ടർക്കെതിരെ നടപടിയെടുക്കണമെന്നും ആത്മഹത്യാക്കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു.

Tags:
  • Spotlight