Wednesday 19 January 2022 02:29 PM IST : By സ്വന്തം ലേഖകൻ

മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന, മര്യാദയില്ലാത്ത ചോദ്യങ്ങൾ... ക്ഷുഭിതനായി എഴുന്നേറ്റു: എസിപി സുധീറിനെ വിലക്കി

mofiya-father-charge-sheet

ഗാർഹിക പീഡനം മൂലം നിയമ വിദ്യാർഥിനി മോഫിയ പർവീൺ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് സസ്പെൻഷനിലുള്ള ആലുവ മുൻ ഇൻസ്പെക്ടർ സി.എൽ. സുധീർ, അസിസ്റ്റന്റ് കമ്മിഷണറുടെ സാന്നിധ്യത്തിൽ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് മോഫിയയുടെ പിതാവ് ദിൽഷാദ്.

‘സുധീറിനെതിരായ പരാതിയിൽ മൊഴിയെടുക്കുന്നിടത്ത് സുധീറും ഉണ്ടായിരുന്നു. എന്നോടു സംസാരിച്ച എസിപിക്ക് പല ചോദ്യങ്ങളും പറഞ്ഞുകൊടുത്തത് അയാളാണ്. മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന, മര്യാദയില്ലാത്ത ചില ചോദ്യങ്ങൾ വന്നപ്പോൾ ഞാൻ ക്ഷുഭിതനായി എഴുന്നേറ്റതോടെ, അത്തരം ചോദ്യങ്ങൾ വേണ്ടെന്ന് എസിപി സുധീറിനെ വിലക്കുകയായിരുന്നു. സുധീറിനെതിരായ ഡിപ്പാർട്മെന്റ്തല അന്വേഷണത്തിന്റെ ഭാഗമായാണ് നാലു ദിവസം മുമ്പ് നോട്ടിസ് നൽകി വിളിപ്പിച്ചത്.’’.

യൂണിഫോമിൽ അല്ലാതിരുന്നിട്ടു പോലും അത്ര മോശമായാണ് സുധീർ പെരുമാറിയതെങ്കിൽ യൂണിഫോമിൽ എങ്ങനെയായിരിക്കും പെരുമാറ്റമെന്നു ചിന്തിക്കാവുന്നതേയുള്ളൂവെന്നും മകളുടെ മരണത്തെപ്പറ്റിയുള്ള അന്വേഷണത്തിൽ മന്ത്രിയടക്കം നൽകിയ വാക്ക് പാലിക്കപ്പെടാനുണ്ടെന്നും ദിൽഷാദ് പറഞ്ഞു.

‘‘ഇന്നു രാവിലെ പത്രം വായിച്ചപ്പോഴാണ് കുറ്റപത്രം നൽകിയ വിവരം പോലും അറിയുന്നത്. കേസ് റജിസ്റ്റർ ചെയ്ത് 48 മണിക്കൂറിനുള്ളിൽ അനുവദിക്കേണ്ട വിക്ടിം ലെയ്സൺ ഓഫിസറെ ഇതുവരെ നിയമിച്ചിട്ടില്ല. ഇക്കാര്യം എസ്പിയുമായി സംസാരിച്ച് ഉറപ്പുവാങ്ങിയിരുന്നതാണ്. എന്നാൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല.’’ പ്രതിപ്പട്ടികയിൽ വരേണ്ട മൂന്നു പേരെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചതിനെതിരെ നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്നും ദിൽഷാദ് പറഞ്ഞു.

ഇന്നലെയാണ് മോഫിയ കേസിൽ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് പൊലീസ് ആലുവ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. മോഫിയയുടെ ഭർത്താവ് മുഹമ്മദ് സുഹൈൽ, ഭർതൃമാതാവ് റുഖിയ, ഭർതൃപിതാവ് യൂസഫ് എന്നിവരെ മാത്രമാണ് കുറ്റപത്രത്തിൽ പ്രതി ചേർത്തിരിക്കുന്നത്. ആത്മഹത്യാ കുറിപ്പിൽ പരാമർശമുള്ള ആലുവ ഇൻസ്പെക്ടർ സി.എൽ. സുധീർ, ഭർതൃസഹോദരൻ സെയ്തു മുഹമ്മദ്, ബന്ധു അൻസിൽ എന്നിവരെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

‘‘കുറ്റപത്രം പൂർണമല്ല. അതിന്റെ പകർപ്പു ലഭിച്ച ശേഷം ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുന്നത് ഉൾപ്പടെയുള്ള നടപടികളുമായി മുന്നോട്ടു പോകും. സെയ്തു എന്നയാൾ മകളോടു മോശമായി സംസാരിച്ചിട്ടുണ്ട്. വീട്ടിൽ വന്നപ്പോൾ സ്ത്രീധനം ആവശ്യപ്പെട്ടു. വീടിനും പുരയിടത്തിനും എന്തു വില ലഭിക്കുമെന്നു ചോദിച്ചു. ഈ വിവാഹം വേണ്ടെന്ന് അന്നുതന്നെ മകളോടു പറഞ്ഞതാണ്. അവൾക്ക് അപ്പോഴും അവരെ വിശ്വാസമായതിനാലാണ് മുന്നോട്ടു പോയത്. ആ വിശ്വാസമാണ് തകർത്തു കളഞ്ഞത്. പ്രതിപ്പട്ടികയിലുള്ള സുഹൈലിന്റെ മാതാപിതാക്കൾക്ക് ജാമ്യം അനുവദിച്ചതിനെതിരെയും അപ്പീൽ നൽകും.’’ മകളുടെ മരണത്തിനു കാരണക്കാരനായ ഇൻസ്പെക്ടർക്ക് സംഘടനാ തലത്തിലും മറ്റും നല്ല സഹായം ലഭിക്കുന്നുണ്ടെന്നും ദിൽഷാദ് ആരോപിച്ചു.

More