Thursday 02 December 2021 11:37 AM IST : By സ്വന്തം ലേഖകൻ

‘ഐ നീഡ് ജസ്റ്റിസ്...’ മരിക്കുന്നതിന് തൊട്ടുമുൻപ് അവളെഴുതി: ഇൻസ്റ്റഗ്രാം പേജ് നീക്കം ചെയ്തതായും കണ്ടെത്തി

mofiya

ഗാർഹിക പീഡനത്തെ തുടർന്നു നിയമ വിദ്യാർഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിലെ പ്രതികളായ ഭർത്താവ് സുഹൈൽ, ഭർതൃപിതാവ് യൂസഫ്, ഭർതൃമാതാവ് റൂഖിയ എന്നിവരെ പൊലീസ് കോതമംഗലം ഇരുമല്ലൂരിലെ മലേക്കുടി വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തി. സുഹൈലിന്റെ സഹോദരീ ഭർത്താവിന്റെ മൊഴിയെടുത്തു. ഭർതൃവീട്ടിൽ മോഫിയ ക്രൂരമായ പീഡനത്തിന് ഇരയായതു സംബന്ധിച്ച വിവരങ്ങൾ സുഹൃത്തുക്കളിൽ ഒരാൾ അന്വേഷണ സംഘത്തിനു കൈമാറി.

കോടതി 3 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ട പ്രതികളെ വിശദമായ മൊഴിയെടുക്കലിനു ശേഷം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. രാജീവിന്റെ നേതൃത്വത്തിൽ വൈകിട്ടാണു തെളിവെടുപ്പിന് എത്തിച്ചത്. ഭർത്താവിന്റെ വീട്ടിലും ഗാർഹിക പീഡനം നടന്നതായി മോഫിയയുടെ പരാതിയിൽ പറയുന്ന മുറികളിലുമായിരുന്നു തെളിവെടുപ്പ്. വീടിന്റെയും മുറികളുടെയും മഹസറും തയാറാക്കി.

മോഫിയയുടെയും സുഹൈലിന്റെയും വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോയും ഹാജരാക്കാൻ വിവാഹ ഫൊട്ടോഗ്രഫറോടും വിഡിയോഗ്രഫറോടും പൊലീസ് നിർദേശിച്ചു. കോതമംഗലത്തു നിന്ന് ആലുവയിൽ തിരികെ എത്തിച്ച ശേഷം പൊലീസ് മൂവരെയും വീണ്ടും ചോദ്യം ചെയ്തു. മോഫിയയുടെ കൂടുതൽ സുഹൃത്തുകളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തും. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. മോഫിയയുടെ മരണവുമായി ബന്ധപ്പെട്ടു സസ്പെൻഷനിലായ ഇൻസ്പെക്ടർ സി.എൽ. സുധീറിനെതിരായ വകുപ്പുതല അന്വേഷണവും ഇതിനൊപ്പം നടക്കുന്നുണ്ട്.

മോഫിയയുടെ സമൂഹമാധ്യമ പേജ് നീക്കം ചെയ്തെന്നു കണ്ടെത്തി

മോഫിയ പർവീൺ ഭർതൃവീട്ടിലെ പീഡനങ്ങളെ കുറിച്ചു തുറന്നെഴുതിയ ‘ഐ നീഡ് ജസ്റ്റിസ്’ എന്ന ഇൻസ്റ്റഗ്രാം പേജ് മരിക്കുന്നതിനു തൊട്ടു മുൻപു നീക്കം ചെയ്തതായി പൊലീസ് കണ്ടെത്തി. എന്നാൽ, മോഫിയയുടെ കൂട്ടുകാരികൾ ഈ കുറിപ്പുകളുടെ സ്ക്രീൻ ഷോട്ട് സൂക്ഷിച്ചിരുന്നു. അവർ അത് അന്വേഷണ സംഘത്തിനു കൈമാറി. 5 വർഷമായി ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്നു മോഫിയ. ഒരു മാസം മുൻപാണു ഭർതൃവീട്ടിലെ പീഡനങ്ങളെക്കുറിച്ചു പറയാൻ മാത്രമായി പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്.

തങ്ങളുമായി പങ്കുവച്ചിരുന്ന പീഡന വിവരങ്ങൾ പുറംലോകം കൂടി അറിയണമെന്നാണ് അവൾ ഉദ്ദേശിച്ചതെന്നു കൂട്ടുകാരികൾ പൊലീസിനോടു പറഞ്ഞു. പേജിലെ ആദ്യ പോസ്റ്റ് തന്നെ ‘എനിക്കു നീതി വേണം’ എന്നായിരുന്നു. ഇവ അടിസ്ഥാനമാക്കി 3 പ്രതികളെയും ചോദ്യം ചെയ്തു. ഭർതൃവീട്ടിൽ മോഫിയ ലൈംഗിക പീഡനത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും സ്ത്രീധന പീഡനത്തിനും ഇരയായെന്നു കുറിപ്പുകളിൽ പറയുന്നു. വിവാഹമോചനത്തിന് ഒപ്പിടാൻ സമ്മർദം ചെലുത്തിയതായും കുറിച്ചിട്ടുണ്ട്.

More