Tuesday 13 November 2018 02:39 PM IST

കൊച്ചിയെ മോഹിപ്പിക്കാൻ മോഹിനി ഡേ; സംഗീത വിസ്മയവുമായി ഇന്ന് വൈകിട്ട് ജെ.ടി. പാക്കിൽ

Shyama

Sub Editor

mohini_dey

സക്കിർ ഹുസൈൻ, എ.ആർ.റഹ്മാൻ, സ്റ്റീവ് വേയ്.... തുടങ്ങിയ സംഗീതപ്രതിഭകൾക്കൊപ്പംവിസ്മയം തീർത്ത മോഹിനി ഡേ ഇന്ന്  രാത്രി 7 മണിക്ക്  എറണാകുളം ജെ.ടി. പാക്കിൽ എത്തുന്നു.

‘‘വീട്ടിൽ എപ്പോഴും സംഗീതമുണ്ടായിരുന്നു അതുകൊണ്ട് തന്നെ ഓർമവച്ച കാലം മുതൽക്കെ സംഗീതത്തോട് സ്നേഹവും. പക്ഷേ, എനിക്ക് ഫാഷൻ ഡിസൈനറാവാനായിരുന്നു ഇഷ്ടം. പത്താം ക്ലാസ് കഴിഞ്ഞപ്പോ അപേക്ഷിച്ച അതേ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാനുള്ള കത്തു കിട്ടി. അതൊടൊപ്പമാണ് എ.ആർ.റഹ്മാനന്റെ ടീമിനൊപ്പം ചേരാനുള്ള വിളി വന്നതും.’’ 19 വയസ്സു മാത്രം പ്രായമുള്ള കോല‍്‍ക്കത്ത സ്വദേശി മോഹിനി ഡേ എന്ന ബാസ് ഗിറ്റാറിസ്റ്റിനെ ‘ചൈൽഡ് പ്രോഡിജി’ എന്നാണ് ലോകപ്രശസ്ത സംഗീതഞ്ജർ പോലും വിശേഷിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം കൊച്ചി ജെ.ടി.പാക്കിൽ നടക്കുന്ന സംഗീത നിശയിൽ പങ്കടുക്കാനെത്തിയ മോഹിനി ഡേ വനിത ഓൺലൈനോട് സംസാരിക്കുന്നു...

‘‘അന്ന് ഞാൻ എ.ആറിന്റെ കൂടെ ചേരാൻ തീരുമാനിച്ചു. ആന്റ് ദാറ്റ് ചെയ്ഞ്ച്ഡ് മൈ ലൈഫ്! ഫാഷനും ഒപ്പമുണ്ട്, ഞാൻ പരിപാടികൾക്കിടുന്ന മിക്ക ഉടുപ്പും സ്വന്തമായി ഡിസൈൻ ചെയ്യുന്നവയാണ്. അവസരങ്ങൾക്കു പുറകേ ഞാൻ പോയിട്ടില്ല, ഇപ്പോഴുള്ളതൊക്കെ എന്റെ സംഗീതം എനിക്കായി കൊണ്ടു വന്നു തന്നതാണ്. തോംസൺ മ്യൂസിക് ഹൗസ് ഇന്ത്യയിലാദ്യമായി ‘കാൻറ്റിനി വയലിനുകൾ’ ലോഞ്ച് ചെയ്യുന്ന വേദിയിലാണ് മോഹിനി ഡേയും വയലിനിസ്റ്റ് അഭിജിത്ത് പി. നായരും സംഗീതക്കടൽ ഒരുക്കുന്നത്.

വിശപ്പും ദാഹവുമില്ലാത്ത സംഗീതം

mohini2


മിക്കയാളുകളും വിചാരിക്കുന്നത് സംഗീതം ഒരു ഈസി ജോലിയാണെന്നാണ്. ഒന്നാമത്തെ കാര്യം സംഗീതം ഒരു ജോലിയല്ല, അതൊരു ഇഷ്ടമാണ്, പാഷനാണ്. രണ്ടാമത്തെ കാര്യം അത് അത്ര എളുപ്പമുള്ള സംഗതിയല്ല. നിരന്തരമായ പരിശ്രമം മാത്രമാണ് സംഗീതം നന്നാവാനുള്ള ഏക വഴി. പണ്ട് ഞാൻ ദിവസത്തിൽ 7–8 മണിക്കൂറുകൾ ചിലപ്പോൾ ഒരു ദിവസം മുഴവനും ഗിറ്റാർ വായിച്ചു കൊണ്ടേയിരിക്കും. വിശപ്പും ദാഹവും ഒന്നും അറിയില്ല. എന്റെ അമ്മ വിളിച്ച് ചോദിക്കും ‘നിനക്കെന്താ ഭക്ഷണവും വെള്ളവും ഒന്നും വേണ്ടേ?’ എന്ന്. ഏറ്റവും കൂടുതൽ അഡിക്ഷൻ ഉണ്ടാക്കുന്നതാണ് സംഗീതം. അതിൽ പെട്ടാൽ പെട്ടതാണ്. (മോഹിനി ചിരിക്കുന്നു.)


പല സംഗീതജ്ഞർക്കും പറ്റുന്ന കാര്യമാണ്. കുറച്ച് വർഷങ്ങൾക്കു ശേഷം സ്റ്റെയ്ൽ ആയി പോകുക എന്നത്. നമ്മളെയും നമ്മുടെ സംഗീതത്തേയും പുതുക്കാനുള്ള എപ്പോഴും അപ്ഡേയ്റ്റ് ചെയ്തു കൊണ്ടേയിരിക്കാനുള്ള ശ്രമം വേണം. ചെറുപ്പത്തിൽ അച്ഛനൊപ്പം ഷോസ് കാണാൻ പോകുമ്പോ ഞാൻ ആലോചിക്കും എന്താണ് ബാസ് ഗിറ്റാറിസ്റ്റ് മാത്രം പിന്തള്ളപ്പെടുന്നത്, ആ സംഗീതം മാത്രം ശ്രദ്ധിക്കപ്പെടാത്തത് എന്നൊക്കെ. ഇന്നിപ്പോ അതിനൊക്കെ മാറ്റം വന്നിരിക്കുന്നു. ഇവിടെ വായിക്കുമ്പോൾ കർണാട്ടിക് ഫ്യൂഷനില‍്‍ പോലും പോപ്പും ജാസും വായിക്കാൻ ശ്രമിക്കാറുണ്ട്. വിദേശ കലാകാരന്മാർക്കൊപ്പമാകുമ്പോ ഞാൻ കർണാറ്റിക് ചേർക്കും. ഈ പുതുമകളൊക്കെ ഇരുകൂട്ടരും രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നതിൽ സന്തോഷം!


മറക്കാൻ പറ്റാത്ത ചിലത്


റഹ്മാൻ സാറിനെ ആദ്യം കണ്ടപ്പോ സാർ പറഞ്ഞൊരു കാര്യമാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ കോംപ്ലിമെന്റ്. ‘ഞാൻ ഗിറ്റാറിസ്റ്റ് താൽ വിൽക്കൻഫെൽഡിനെ ടീമിലെടുക്കാനാണ് ആലോചിച്ചത് പക്ഷേ, നീ വായിക്കുന്നത് കേട്ടപ്പോ തീരുമാനിച്ചു നീ മാത്രം മതി എന്ന്.’ ഇന്നിപ്പോ ആളുകൾ തിരിച്ചറിയുന്നത് എ.ആറിനൊപ്പം വന്ന ശേഷമാണ്. ഒരുപാടാളുകൾ വരുന്നതും ഫോട്ടോ എടുക്കുന്നതും ഒക്കെ ആദ്യം കുറച്ച് ബുദ്ധിമുട്ടായിരുന്നു. ഞാൻ അധികം സംസാരിക്കുന്ന ആളല്ലായിരുന്നു. പോരാത്തതിന് എന്റെ സമപ്രായക്കാരെക്കാൾ കൂടുതൽ പക്വതയും ഉണ്ട്. കാരണം എന്റെ ലോകം മ്യൂസിക്കാണ്, മുതിർന്ന ആളുകളായിരുന്നു കൂട്ടുകാർ അത് സ്വഭാവത്തിലും പ്രതിഫലിക്കും. ഇപ്പോൾ സംസാരിക്കാൻ പഠിച്ചു. എപ്പോഴും വിനയത്തോടെ ഇരിക്കാനാണ് ശ്രമിക്കാറ്.

mohini1

പലരും ചോദിക്കുന്ന ചോദ്യമാണ് പെണ്ണായതും ഇത്ര ചെറുപ്പമായതും കരിയറിനെ ബാധിച്ചിട്ടുണ്ടോ  എന്ന്. രണ്ടും ഞാൻ ഗുണമായിട്ടേ കരുതിയിട്ടുള്ളൂ, ഐ ഗെറ്റ് ലോട്ട് ഓഫ് റസ്പെക്റ്റ് ആന്റ് അപ്രിസിയേഷൻസ് ഫോർ ദാറ്റ്. പിന്നെ എല്ലാ സ്ത്രീകളും കടന്നു പോകുന്ന പ്രശ്നങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്, അതിപ്പോ മ്യുസീഷ്യനായാലും മാറ്റെന്തായാലും അതാണ് അവസ്ഥ. എന്നാലും ഞാൻ കൂടുതൽ കരുത്തയായി എന്റയടുത്ത് ആരും തമാശയ്ക്കു പോലും മോശമായി പെരുമാറാൻ ഞാൻ സമ്മതിക്കില്ല. കേരളത്തിൽ മുൻപും വന്നിട്ടുണ്ട്. നല്ല ആസ്വാദകരാണിവിടെ. നാളത്തെ പരിപാടിയിൽ കർണാട്ടിക് ഫ്യൂഷനാവും കൂടുതൽ. അതിൽ പുതിയ പരീക്ഷണങ്ങൾ കേൾക്കാം. ഇവിടുത്തെ ഭക്ഷണത്തിന്റെ ഫാനാണ് ഞാൻ. പുട്ടും ബീഫും..ഹോ!


ഈയടുത്ത് സ്റ്റീവ് വെയുമായി ഒരു പരിപാടി ചെയ്തു സ്റ്റെയ്ജിൽ വച്ച് അദ്ദേഹം ഞാൻ ഗിറ്റാർ വായിക്കാൻ വേണ്ടി അപേക്ഷിച്ചു, ഭയങ്കര തമാശക്കാരനാണ് അദ്ദേഹം. പരിപാടി കഴിഞ്ഞ് വീ ഹഗ്ഡ്, കണ്ണു നിറഞ്ഞു അത്രയ്ക്കും നല്ല വ്യക്തിത്വം. ആ.. വേറൊരു ഫണ്ണി കാര്യമുണ്ടായി. ഒരാൾ എന്റെ പരിപാടി കേട്ടു കഴിഞ്ഞ് ഭയങ്കര ഇമോഷണലായി ഓടി വന്ന് എന്റെ കാലിൽ വീണു, എണീപ്പിച്ചപ്പോ ഫോട്ടോ എടുത്തു. എന്നിട്ട് എന്നോടൊരു ചോദ്യം ‘മാഡം വാട്ട് ഇസ് യുവർ നെയ്ം?’ ചുറ്റും നിന്നവരും ഞാനും ഒക്കെ പൊട്ടിച്ചിരിച്ചു പോയി!