Thursday 23 July 2020 05:01 PM IST : By സ്വന്തം ലേഖകൻ

രാമായണ മാസത്തിൽ ഇതൾ വിരിഞ്ഞ് സഹസ്രദള പത്മം; മോളമ്മയുടെ പൂന്തോപ്പിൽ അപൂർവ കാഴ്ച

molamma

രാമായണ മാസത്തിന്റെ പുണ്യം ഇതളുകളിലേക്ക് പകർന്ന് അപൂർവ താമര... ആ കാഴ്ച കാണാൻ നിരവധി പേരാണ് തിരുവല്ലയിലെ ആൽവിൻ കോട്ടേജിലേക്കെത്തുന്നത്. കേരളത്തിൽ അപൂർവമായ സഹസ്രദള പത്മം ഇതളിട്ടത് തിരുവല്ല കറ്റോട്ടാണ്. ഇരുവള്ളിപ്ര പുറത്തേ പറമ്പിൽ ആൽവിൻ കോട്ടേജിൽ മത്തായി വി ജോണിന്റെ വീട്ടിലാണ് മനോഹരമായ കാഴ്ച. മത്തായി വി ജോണിന്റെ ഭാര്യ മോളമ്മ മാത്യു കരുനാഗപ്പള്ളിയിലെ സുഹൃത്തിൽ നിന്നു വാങ്ങിയ വിത്തില്‍ നിന്നാണ് പൂ വിടർന്നത്. ഒരു വർഷം വേണ്ടി വന്നു പൂവിടാൻ. പ്രത്യേകം തയ്യാറാക്കിയ കുളത്തിലാണ് ഇതിന്റെ പരിപാലനം.

പുരാണങ്ങളിൽ പ്രത്യേകം പരാമർശിക്കുന്ന താമര രാമായണ മാസത്തിൽ തന്നെ ജന്മമെടുത്തതും ഹൃദ്യമായ കാഴ്ചയായി. ദേവി ദേവൻമാരുടെ ഇരിപ്പിടമായി സഹസ്രദള പത്മം വിശേഷിപ്പിക്കുന്നു. ചൈനയിലാണ് ഈ പൂ വ്യാപകമായിട്ടുള്ളത്. നേപ്പാൾ, ബർമ എന്നിവിടങ്ങളിലും കണ്ടുവരുന്നു. കേരളത്തിലെ മഴയും ചൂടും നിറഞ്ഞ അന്തരീക്ഷത്തിൽ അപൂർവമായാണ് ഇത് വളരുന്നത്.

molamma-1

അടുത്തകാലത്ത് തൃപ്പുണ്ണിത്തുറയിൽ ഈ താമര വിരിഞ്ഞത് ദക്ഷിണേന്ത്യയിൽ തന്നെ ആദ്യത്തേതാണെന്ന് പുഷ്പ ഗവേഷണ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു. മോളമ്മ മാത്യുവിന്റെ പൂന്തോപ്പിൽ അപൂർവ ഇനം ചെടികളും ഫല വൃക്ഷങ്ങളുമുണ്ട്.