Tuesday 18 June 2019 12:43 PM IST : By സ്വന്തം ലേഖകൻ

കയറിക്കിടക്കാനൊരു കൂരയില്ല, എനിക്കാണെങ്കില്‍ നിവൃത്തിയുമില്ല; കണ്ണീരോടെ മോളി കണ്ണമാലി പറയുന്നു

moly

ലൈം ലൈറ്റിൽ ചിരിച്ചും ചിരിപ്പിച്ചും നിറഞ്ഞു നിൽക്കുന്ന പ്രസരിപ്പുള്ളൊരു മുഖമുണ്ട്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ചിരിയുടെ വിരുന്നൊരുക്കുന്ന കലാകരി മോളി കണ്ണമാലിയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. എന്നാൽ മോളി കണ്ണമാലിയുടെ യഥാർത്ഥ ജീവിതത്തിലേക്ക് ഫ്രെയിം തിരിക്കുമ്പോൾ ഈ പറയുന്ന ലൈം ലൈറ്റിന്റെ തിളക്കമൊന്നും ഇല്ല എന്നതാണ് വാസ്തവം. ബാക്കിയാക്കുന്നതോ, കണ്ണീരിന്റെ ഉപ്പു കലർന്ന ജീവിതവും ഒരുപിടി കദനകഥകളും മാത്രം. നാളുകൾക്ക് മുമ്പ് ‘വനിത ഓൺലൈൻ’ പൊതുജനമധ്യത്തിലെത്തിച്ച മോളി കണ്ണമാലിയുടെ ദുരവസ്ഥയുടെ കഥ ഇപ്പോഴിതാ ഒരിക്കൽ കൂടി സോഷ്യൽ മീഡിയയെ കണ്ണീരണയിക്കുകയാണ്. സാമൂഹിക പ്രവർത്തകൻ സൂരജ് പാലാക്കാരനാണ് തന്റെ ഫെയ്സ്ബുക്ക് വിഡിയോയിലൂടെ ഇവരുടെ ദയനീയാവസ്ഥ സോഷ്യൽ മീഡിയയുടെ ശ്രദ്ധയിലേക്ക് കൊണ്ടു വന്നത്.

എറണാകുളം കണ്ണമാലി പുത്തൻതോട് പാലത്തിനടുത്ത് ചെറിയൊരു കൂരയിലാണ് നടിയുടെ ഇപ്പോഴത്തെ താമസം. പ്രളയം വന്നു പോയ ശേഷം അടിഞ്ഞു കൂടിയ മാലിന്യക്കൂമ്പാരത്തിനു നടുവിൽ ദുരിത ജീവിതം നയിച്ചാണ് അവർ മുന്നോട്ടു പോകുന്നത്. നിലനിൽപ്പിനും സൈര്യ ജീവിതത്തിനും വെല്ലുവിളി ഉണർത്തുമാറ് ഒരു ചതുപ്പു നിലത്തിന്റെ ഓരം ചേർന്നാണ് ഇവർ അന്തിയുറങ്ങുന്നത്.

ഒരു ഹൃദയാഘാതം വന്നു കഴിഞ്ഞു. ആകെ സമ്പാദ്യമായ സ്വർണാഭരണങ്ങൾ എല്ലാം പണയത്തിലാണ്. രണ്ട് ആൺമക്കൾ പണിക്കു പോയാലും കിട്ടുന്ന തുച്ഛ വരുമാനം ഒന്നുമാകുന്നില്ല. സിനിമയില്‍ നിന്നും വല്ലപ്പോഴും ലഭിക്കുന്ന കുറച്ച് അവസരങ്ങൾ ഇവരുടെ അവശ്യകാര്യങ്ങൾക്കൊന്നും തികയുന്നുമില്ല.–മോളി കണ്ണമാലി പറയുന്നു.

സ്വന്തമായി സ്ഥലം ഉണ്ടെങ്കിലും അവിടെ വീട് വയ്ക്കാൻ പറ്റാത്ത അവസ്ഥയെപ്പറ്റിയും മോളി വിഡിയോയിൽ കണ്ണീരോടെ പറയുന്നു. ഈ സ്ഥലം ഇപ്പോൾ തർക്കത്തിൽ ഇരിക്കുകയാണ്. അതുകൊണ്ടുതന്നെ വീട് വയ്ക്കാനോ സ്ഥലം വിൽക്കാനോ ഇവർക്ക് ആകുന്നില്ല. കഴിയുന്നവർ സഹായിക്കണമെന്നും നിസ്സഹായ അവസ്ഥയാണ് തങ്ങളുടെതേന്നും മോളി കണ്ണമാലി പറഞ്ഞു.