Tuesday 19 November 2019 03:22 PM IST : By സ്വന്തം ലേഖകൻ

ദിനവും ആറു ബോട്ടിൽ പശുവിൻ പാൽ! പെട്ടെന്നൊരു ദിവസം ഈ കുഞ്ഞാവയ്ക്ക് സംഭവിച്ചത്; അമ്മമാർ കേൾക്കണം ഇക്കഥ

milk

എന്ത് കഴിച്ചില്ലെങ്കിലും കുടിച്ചില്ലെങ്കിലും കുഞ്ഞുങ്ങൾ പാലു കുടിച്ചിരിക്കണം, അത് മസ്റ്റാ! മക്കളുടെ ആരോഗ്യത്തിൽ പാലിനാണ് പ്രഥമ സ്ഥാനം എന്ന് പറയുന്നവരാണ് അമ്മമാര്‍. പാൽ കുടിച്ചില്ലെങ്കിൽ കാത്സ്യത്തിന്റെ കുറവ് ഉണ്ടാകുമെന്നും മക്കൾ ആരോഗ്യമില്ലാത്തവരായി മാറുമെന്ന് ആധികാരിരകമായി പറയുന്ന അമ്മമാരും കുറവല്ല. ഇതൊക്കെ കൊണ്ട് തന്നെയാകണം ഏതു നേരവും ഏതു ഭക്ഷണത്തിനൊപ്പവും അമ്മമാർ കുട്ടികളെ പാൽ കുടിപ്പിക്കുന്നത്.

പാലിൽ അമ്മമാർക്കിടയില്‍ പക്ഷമില്ലെന്നിരിക്കെ അനസ്റ്റാഷ്യ ജെന്‍കാരലി എന്ന കാനഡക്കാരിയുടെ വേദനജനകമായ അനുഭവം കൂടി ഏവരും അറിയണം. പശുവിൻ പാൽ കുടിച്ച അനസ്റ്റാഷ്യയുടെ കുഞ്ഞിന് സംഭവിച്ചത് ഏതൊരു അമ്മയുടേയും നെഞ്ചിടിപ്പേറ്റുന്നതാണ്.

അനസ്റ്റാഷ്യയുടെ മകൾ മിയയെ കടുത്ത ക്ഷീണത്തേയപം ശ്വാസതടസ്സത്തേയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതോടെയാണ് കാര്യങ്ങൾ തകിടം മറിയുന്നത്. കുഞ്ഞിന് എന്തോ അണുബാധ ആകാമെന്ന് കരുതി ഡോക്ടര്‍ അവള്‍ക്ക് ആന്റിബയോട്ടിക്ക് നല്‍കി വീട്ടില്‍ വിടുകയും ചെയ്തു. പക്ഷേ മരുന്നിലും ടെസ്റ്റുകളിലുമൊന്നും കാര്യങ്ങൾ അവസാനിച്ചില്ല. നാൾക്കു നാൾ കുഞ്ഞ് കൂടുതൽ ക്ഷീണിതയാവുകയും ശ്വാസം എടുക്കാൻ പറ്റാത്ത അവസ്ഥ പോലും ഉണ്ടായി. 

ഓരോ ദിവസം കഴിന്തോറും അവൾ കൂടുതൽ ക്ഷീണിച്ച് വരികയായിരുന്നു. എന്താണ് മകൾക്ക് പറ്റിയതെന്ന് അറിയാൻ മിയയെ വീണ്ടും ഡോക്ടറെ കാണിച്ചു. പക്ഷേ എന്താണ് തന്റെ കുഞ്ഞിന് സംഭവിച്ചത് എന്നു മാത്രം കണ്ടെത്താനായില്ല. ഒരു ദിവസം തുടർപരിശോധനയിൽ കുഞ്ഞിന് അനീമിയയും ആന്തരിക രക്തസ്രാവവുമുണ്ടെന്നു ഡോക്ടർ കണ്ടെത്തിയത്. എന്നാല്‍ ഇതിന്റെ കാരണം തിരക്കി ചെന്നപ്പോഴാണ് ഡോക്ടർമാർ ഞെട്ടിപ്പിക്കുന്ന രഹസ്യം കണ്ടെത്തിയത്.

അനസ്റ്റാഷ്യയുടെ മകൾ മിയയ്ക്ക് ദിവസവും നാല് മുതല്‍ ആറു ബോട്ടിൽ പശുവിന്‍ പാലാണ് നല്‍കിയിരുന്നത്. അമിതമായി പാൽ കുടിക്കുന്നതിലൂടെ ഇരുമ്പിന്റെ കുറവ് ഉണ്ടാകാം, കാരണം ഇത് ധാതുക്കളുടെ ആഗിരണം തടയുന്നുവെന്നാണ് വിദഗ്ധരുടെ വിശദീകരണം. രക്തത്തിലെ ഓക്സിജന്‍ ശരീരത്തില്‍ എല്ലായിടത്തും എത്തിക്കാന്‍ ഹീമോഗ്ലോബിന്‍ ആവശ്യമാണ്. ധാതുക്കളുടെ അഭാവം ഉണ്ടാകുമ്പോൾ, ഹീമോഗ്ലോബിൻ അളവ് കുറയുന്നു, ഇത് ക്ഷീണം, ബലഹീനത, ഊർജ്ജക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നുവെന്നും വൈദ്യശാസ്ത്രം പറയുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ അവസ്ഥയാണ് ഇത്.

ഈ ശാരീരികാവസ്ഥ ചികിത്സിക്കാതെ വിടുകയാണെങ്കിൽ അവയവങ്ങൾക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാത്ത നിലയിലിലേക്കെത്തിക്കും. ക്രമേണം ഇത് ജീവന് ഭീഷണിയാകുകയും ചെയ്യും. ഈയവസ്ഥ ഏറ്റവും കൂടുതൽ കാണുന്നതും ശിശുക്കളിലാണ്.

പശുവിൻ പാല്‍ അമിതമായി നൽകുന്നതാണ് ഇതിന്റെ കാരണമെന്ന് ഡോക്ടർ അനസ്റ്റാഷ്യയോട് പറഞ്ഞു. മുഴുവന്‍ രക്തവും മാറ്റി നല്‍കിയതോടെ മിയ മരണത്തില്‍ നിന്നു തിരികെ വന്നു. മിയയ്ക്ക് സ്ഥിരമായി അയൺ മരുന്നുകൾ നൽകണമെന്നും ഡോക്ടർ പറഞ്ഞു.