Friday 20 July 2018 03:25 PM IST

‘മോന്റെ അവസാന ആഗ്രഹമാണ്, അനീഷേ ഒന്നു വരാമോ...’; ഒരമ്മയുടെ കരളലിയിക്കുന്ന കുറിപ്പ്!

Roopa Thayabji

Sub Editor

monisha-aneesh

കാൻസർ രോഗം ബാധിച്ച മകനുവേണ്ടി സ്വന്തം ജീവൻ പകുത്ത് നൽകാൻ ഒരുങ്ങിനിൽക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ മോനിഷ. പക്ഷേ, മോന്റെ കരൾ നീറ്റുന്ന ഒരു ചോദ്യത്തിനു മുന്നിൽ മോനിഷയ്ക്ക് പിടിച്ചുനിൽക്കാനായില്ല, ‘അവസാനമായി അച്ഛനെ ഒന്നു കാണാൻ പറ്റുമോ...’

തന്നെയും മകനെയും ഉപേക്ഷിച്ചുപോയ ഭർത്താവിന്റെ ഫോൺ നമ്പർ പോലും കയ്യിലില്ലാത്തതിനാൽ മോനിഷയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കാൻ സമയമുണ്ടായില്ല. മോന്റെ അവസ്ഥ വിവരിച്ച് ഫെയ്സ് ബുക്കിൽ ഒരു കുറിപ്പിട്ടു. ‘‘കുഞ്ഞിന്റെ കാര്യത്തിൽ ഡോക്ടർമാർ വരെ കൈവിട്ടു. ഇനി ഞങ്ങൾക്ക് ദൈവം മാത്രമേയുള്ളൂ. അവന്റെ വൃക്ക മുഴുവൻ ക്യാൻസർ പടർന്നു പിടിച്ചു. 21ാമത്തെ കീമോ കഴിഞ്ഞു. കൂടെ അഞ്ചാമത്തെ റേഡിയേഷനും. ആഗസ്റ്റ് മാസത്തിൽ അവന്റെയും എന്റെയും ഓപ്പറേഷനാണ്. ആരെങ്കിലും ഒരാൾ ജീവിക്കും എന്ന് അവനറിയാം. അതുകൊണ്ട് നിന്റെ മകന്റെ അവസാനത്തെ ആഗ്രഹമായിക്കണ്ട് അവനെയൊന്നു കാണാൻ മനസ്സുകാണിക്കൂ. എന്നെ നീ വേണ്ടെന്നു വച്ചോളൂ. പക്ഷേ, നിന്റെ ചോരയിൽ ജനിച്ച ഈ കുഞ്ഞ് എന്തു തെറ്റുചെയ്തു...’’

അനീഷ് എന്നാണ് യുവതിയുടെ ഭർത്താവിന്റെ പേരെന്ന് പോസ്റ്റിൽ നിന്ന് വ്യക്തമാണ്, തിരുവനന്തപുരത്ത് എവിടെയോ അയാൾ താമസിക്കുന്നുണ്ടെന്നും. മോനിഷയുടെയും അനീഷിന്റെയും പ്രണയ വിവാഹമായിരുന്നെന്നും പിന്നീട് ഇരുവരും പിരിഞ്ഞെന്നും പോസ്റ്റിൽ നിന്ന് മനസ്സിലാക്കാം. ഈ പോസ്റ്റ് ഷെയർ ചെയ്യൂ, സോഷ്യൽ മീഡിയ ഏറ്റെടുത്താൽ ഈ പൊന്നുമോന്റെ അവസാനത്തെ ആഗ്രഹം സാധിച്ചേക്കും. അച്ഛനെ ഒരുവട്ടം കൂടി അവനു കാണാനാകും.

മോനിഷ എഴുതിയ കുറിപ്പ് വായിക്കാം;

എന്തിനാ അനീഷേ നീ ഞങ്ങളെ ഉപേക്ഷിച്ചു പോയത്.? എന്റെ ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ചു നിന്റെ കൂടെ ജീവിക്കാൻ ഇറങ്ങി തിരിച്ചവൾ ആണ് ഞാൻ, ആ എന്നെ ആണ് നീ മറ്റൊരുത്തിയ്ക്ക് വേണ്ടി തെരുവിൽ ഉപേക്ഷിച്ചത് പോയത്. ! എന്നെ നീ വേണ്ടാ എന്ന് വച്ചോളു പക്ഷേ നിന്റെ ചോരയിൽ ജനിച്ച നിന്റെ കുഞ്ഞ് എന്ത് തെറ്റ് ചെയ്തു.? ഒത്തിരി നാളുകൾക്ക് ശേഷം അവൻ ഒരു ആഗ്രഹം പറഞ്ഞു, നിന്നെ ഒന്ന് അവസാനമായി കാണണം എന്ന്,. എന്തിനാണ് എന്ന് അറിയാമോ? ആഗസ്റ് മാസം അവന്റെയും എന്റെയും ഓപ്പറേഷൻ ആണ് ആരെങ്കിലും ഒരാൾ ജീവിച്ചു ജീവിക്കും അത് അവനു അറിയാം അതുകൊണ്ട് അവന്റെ, നിന്റെ മകന്റെ അവസാനത്തെ ആഗ്രഹം ആയി കണ്ടു അവനെ ഒന്ന് കാണാൻ മനസ്സ് കാണിക്കു.

എന്നോട് ഒത്തിരി ആളുകൾ ചോദിച്ചു എന്തിനാണ് ഫേസ്ബുക്കിൽ നിന്നെ കുറിച്ച് ഇങ്ങനെ എഴുതി ഇടുന്നത് എന്ന് അവർക്ക് അറിയില്ലാലോ നിന്റെ ഫോൺ നമ്പർ പോലും എന്റെ കൈയിൽ ഇല്ലാ എന്ന്. ഈ ഫേസ്ബുക് പോസ്റ്റ്‌ നീ വായിക്കാൻ ഇടയായാൽ ഓപ്പറേഷൻ ഡേറ്ററിനു മുൻപ് അവനെ ഒന്ന് കാണണം plzzzzz. പിന്നെ കുഞ്ഞിന്റെ കാര്യത്തിൽ ഡോക്ടർമാർ വരെ കൈവിട്ടു ഇനി ഞങ്ങൾക്ക് ദൈവം മാത്രമേ ഉള്ളു.

തിരുവനന്തപുരത്ത് വന്നു നിന്നെ കാണണം എന്ന് ഉണ്ട് പക്ഷേ എന്നെയും കുഞ്ഞിനേയും ഉപേക്ഷിച്ചു നീ നിന്റെ കാമുകിയുടെ ഒപ്പം ജീവിക്കുന്ന കാഴ്ച കാണാൻ ധൈര്യം ഇല്ലാത്തതു കൊണ്ടാണ് നേരിട്ട് വരാത്തത്. പിന്നെ പുതിയ വിശേഷം അറിയണ്ടേ? മകൻ ഇപ്പോൾ അമൃത ഹോസ്പിറ്റലിൽ ആണ് തല ചുറ്റി വീണു അവന്റെ വൃക്ക മുഴുവനായും ക്യാൻസർ പടർന്നു പിടിച്ചു 21-മത്തെ കിമോ കഴിഞ്ഞു. കൂടെ 5 റേഡിയേഷനും.