Monday 04 February 2019 09:24 AM IST : By സ്വന്തം ലേഖകൻ

ഒരു ഗ്രാമത്തെയാകെ ഒഴിപ്പിച്ച് ‘വാനരവില്ലൻ’! പതിനെട്ടാമത്തെ അടവും പ്രയോഗിച്ച് വനം വകുപ്പ്

monkey-new

പ്രശ്നക്കാരനായ കൊടും ഭീകരനെ ഭയന്ന് ഒരു ഗ്രാമമൊട്ടാകെ പലായനം ചെയ്യുന്നത് പലര്‍ക്കും കേട്ടുകേൾവി മാത്രമാണ്. സിനിമകളിലും ഇത്തരം ചില രംഗങ്ങള്‍ കാണാം. അത്തരം കഥകളിലൊക്കെ കൊടും കുറ്റവാളികളോ കൊള്ളക്കാരോ ഒക്കെയാകാം വില്ലൻമാർ. എന്നാൽ അങ്ങനെയൊന്നു സംഭവിച്ചിരിക്കുകയാണ് മലയാളികളുടെ അയൽദേശമായ തമിഴ്നാട്ടിൽ. ഇവിടെ ഗ്രാമവാസികളെയൊന്നാകെ പേടിപ്പിച്ചോടിച്ച കൊടും ഭീകരനാരെന്നോ ? ഒരു കുരങ്ങൻ.

ആക്രമണകാരിയായ ഈ കുരങ്ങനെ ഭയന്നാണ് തമിഴ്നാട് നാഗപട്ടണം കാരമേട്ടിൽ തെന്നലക്കുടിയിലെ ഗ്രാമവാസികൾ ഒന്നടങ്കം മറ്റു ഗ്രാമങ്ങളിലേക്കു പലായനം ചെയ്തത്. നൂറിലധികം കുടുംബങ്ങൾ വസിക്കുന്ന ഗ്രാമത്തിലേക്കു കഴിഞ്ഞ ആഴ്ച കടന്നുവന്ന കുരങ്ങൻ കന്നുകാലികളെയും മറ്റു വളർത്തുമൃഗങ്ങളെയും ആക്രമിച്ചു കൊന്നൊടുക്കിയിരുന്നു. മുപ്പതോളം പേരെ ആക്രമിച്ചു ഗുരുതരമായി പരുക്കേൽപിക്കുകയും ചെയ്തു.

വനം വകുപ്പിൽ പരാതിപ്പെട്ടതിനെത്തുടർന്നു കുരങ്ങനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്നും കുരങ്ങന്റെ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണു നിവാസികൾ ഗ്രാമം ഉപേക്ഷിച്ച് അവശേഷിക്കുന്ന കന്നുകാലികളുമായി ബന്ധുവീടുകളിലേക്കും മറ്റു ഗ്രാമങ്ങളിലേക്കും ചേക്കേറിയത്.

വില്ലനായ കുരങ്ങനെ പിടികൂടാനും ഗ്രാമവാസികളെ തിരികെക്കൊണ്ടു വരാനും പഠിച്ച പണി പതിനെട്ടും നോക്കുകയാണിപ്പോൾ വനം വകുപ്പ്.