Tuesday 11 August 2020 10:24 AM IST : By സ്വന്തം ലേഖകൻ

ഞാന്‍ മരിച്ചാല്‍ എന്നെ ഇവിടെ ഇട്ടിട്ടു പോകുമോ?; തേങ്ങലടക്കിപ്പിടിച്ച് മുരുകന്റെ ചോദ്യം

murukan

ഞാന്‍ മരിച്ചാല്‍ എന്നെ ഇവിടെ ഇട്ടിട്ടു പോകുമോ?'. സമീപ ലയങ്ങളിലുള്ളവര്‍ പ്രദേശത്തു നിന്നു മാറണമെന്ന നിര്‍ദേശമുണ്ടായിട്ടും മലയിറങ്ങാതിരുന്നതിനെക്കുറിച്ചു മുരുകനോടു ചോദിച്ചപ്പോള്‍ കരച്ചിലടക്കി മുരുകന്റെ ചോദ്യം. എന്‍ഡിആര്‍!എഫിനും ഫയര്‍ഫോഴ്‌സിനുമൊപ്പം മുരുകനുമുണ്ട് തിരച്ചിലിന്. കൂടെ മുരുകന്‍ വളര്‍ത്തുന്ന നായ്ക്കളായ ടൈഗറും റോസും. മണ്ണെടുത്ത ലയങ്ങളില്‍നിന്ന് ഒരുപാട് ചോറു കഴിച്ചിട്ടുണ്ട് ഇരുവരും. സ്‌നേഹത്തോടെ ഭക്ഷണം നല്‍കിയിരുന്നവര്‍ താമസിച്ച സ്ഥലങ്ങളിലൂടെ ഇരുവരും മുഖമുരുമ്മി നടന്നു.

'കാട്ടില്‍ പോയി വീട്ടില്‍ തിരിച്ചെത്തിയാലേയുള്ളു ഞങ്ങള്‍ക്കു ജീവിതം. കാട്ടിലെ മൃഗങ്ങളെയും കാലാവസ്ഥയെയും വെല്ലുവിളിച്ചാണ് ഞങ്ങള്‍ ജീവിക്കുന്നത്. എന്തിനും കൂടെയുണ്ടായിരുന്നവരാണു മണ്ണിനടിയിലായത്' മുരുകന്‍ പറയുന്നു.ഫോറസ്റ്റ് വാച്ചറായ മുകുകനും ഭാര്യ രാജേശ്വരിയും 2 മക്കളും തൊട്ടടുത്ത ലയത്തിലാണു താമസിച്ചിരുന്നത്. കനത്ത മഴയില്‍ നായ്ക്കള്‍ കുരയ്ക്കുന്ന ശബ്ദം കേട്ടാണു മുരുകന്‍ പുറത്തിറങ്ങിയത്. നാളെ കാണാമെന്നു പറഞ്ഞു യാത്രയാക്കിയവര്‍ താമസിച്ച ലയങ്ങളെല്ലാം മണ്ണെടുത്തെന്ന് ഇരുട്ടിലും മുരുകനു മനസ്സിലായി.മലവെള്ളം കുത്തിയൊലിക്കുന്നതിനാല്‍ മറുകരയിലേക്കു കടക്കാനായില്ല. നേരം വെളുക്കുന്നതു വരെ ടൈഗറിനും റോസിക്കുമൊപ്പം മുരുകന്‍ ഉരുള്‍പൊട്ടിയതിനു മുന്നില്‍ കാത്തിരുന്നു. ലയങ്ങളില്‍ നിന്ന് ഇറങ്ങാന്‍ നിര്‍ദേശം കിട്ടിയപ്പോള്‍ മക്കളെയും ഭാര്യയെയും മൂന്നാറിലെ ബന്ധുവീട്ടില്‍ എത്തിച്ചു.

More