Saturday 04 December 2021 12:03 PM IST : By സ്വന്തം ലേഖകൻ

കഞ്ചാവുലഹരിയിൽ പെങ്ങളെ കയറിപ്പിടിച്ചു, മകനെ കൊന്ന് അമ്മ: ഒരു വർഷത്തിനു ശേഷം ചുരുളഴിഞ്ഞ കൊലപാതക ക

vzm-murder

കഞ്ചാവുലഹരിയിൽ സഹോദരിയെ കയറിപ്പിടിക്കാൻ ശ്രമിച്ച സഹോദരനെ കൊലപ്പെടുത്തിയ കേസിൽ അമ്മ ഒരു വർഷത്തിനുശേഷം അറസ്റ്റിൽ. കല്ലുവെട്ടാൻ കുഴി പ്ലാങ്കാലവിള വീട്ടിൽ സിദ്ദിഖിന്റെ (20) കൊലപാതകത്തിലാണ് മാതാവ് നാദിറയെ (43) അറസ്റ്റു ചെയ്തത്.

പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. 2020 സെപ്റ്റംബർ 14നാണ് സിദ്ദിഖിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരണമെന്നായിരുന്നു വീട്ടുകാർ പറഞ്ഞത്. തിടുക്കത്തിൽ മൃതദ്ദേഹം അടക്കം ചെയ്യാൻ ഒരുങ്ങവെ പൊലീസിന് ലഭിച്ച അജ്ഞാത സന്ദേശമാണ് കേസിൻ്റെ ഗതി മാറ്റിയത്.

സംസ്ക്കാര ഒരുക്കത്തിനിടെ പൊലീസ് എത്തി കോവിഡ് പരിശോധനയ്ക്കാണെന്ന പേരിൽ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. കഴുത്തു ഞെരിച്ച് ശ്വാസംമുട്ടിച്ചതാണെന്ന് പോസ്റ്റുമോർട്ടം പരിശോധനയിൽ തെളിഞ്ഞു.  കൊലപാതകം സ്ഥിരീകരിച്ചതോടെ മാസങ്ങളായി പൊലീസ് രഹസ്യമായി അന്വേഷണം നടത്തുകയായിരുന്നു.

മകന്റെ മൃഗീയ ഉപദ്രവത്തിൽനിന്ന് രക്ഷപ്പെടുന്നതിനിടെ സംഭവിച്ച അപകടമെന്നാണ് നാദിറ പൊലീസിനോട് പറഞ്ഞത്. മകളെ കടന്നു പിടിക്കാൻ ശ്രമിച്ച സിദ്ദിഖിന്റെ കഴുത്തിൽ പിടിച്ച മാതാവ് തള്ളി താഴേക്ക് ഇടുകയായിരുന്നു. പിടിവലിക്കിടെ നാദിറയുടെ ഷാൾ മകന്റെ കഴുത്തിൽ വീണു കിടന്നിരുന്നു. ഇതാണ് തൂങ്ങിമരണമെന്ന് പറയാൻ കാരണം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

സംഭവ ദിവസം രാവിലെ 11 ഓടെ കഞ്ചാവ് ലഹരിയിലായിരുന്ന സിദ്ദിഖ് സഹോദരിയെ കടന്നു പിടിക്കാൻ ശ്രമിച്ചപ്പോൾ അമ്മ എതിർത്തു. പിടിവലിക്കിടെ സിദ്ദിഖിന്റെ കഴുത്തിൽ  പിടിച്ച് തള്ളിയിട്ട ശേഷം മകളെ നാദിറ രക്ഷിക്കുകയുമായിരുന്നു. തുടർന്ന് മകളെ പ്രതിയുടെ അമ്മയുടെ വീട്ടിൽ ആക്കിയ ശേഷം പൊലീസ് സ്റ്റേഷനിൽ കേസ് നൽകാൻ എത്തി. എന്നാൽ പരാതി എഴുതി നൽകുന്ന ആളെ കാണാത്തതിനാൽ തിരികെ വീട്ടിലെത്തിയപ്പോൾ മകൻ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഇതോടെ അയൽവാസികളോട് മകൻ തൂങ്ങി മരിച്ചുവെന്ന് പറഞ്ഞു. തുടർന്ന് മൃതദേഹം കുളിപ്പിച്ച് അടക്കം ചെയ്യാനൊരുങ്ങവെയാണ് അജ്ഞാത സന്ദേശം പൊലീസിന് കിട്ടിയത്.

സിദ്ദിഖിന്റെ ശരീരത്തിൽ 28 മുറിവുകൾ കണ്ടെത്തിയതിൽ 21 എണ്ണവും കഴുത്തിലായിരുന്നു. തൂങ്ങി മരിച്ച ലക്ഷണമൊന്നും കാണാത്തതിനാൽ  കൊലപാതകമാണെന്ന് ഡോക്ടർ പറഞ്ഞതനുസരിച്ച് ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകൾ പൊലീസ് ശേഖരിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മൂന്നു മാസമായി പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുകയായിരുന്നു. ഫോറൻസിക് സർജനും കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു. മൃഗീയമായി ഉപദ്രവിച്ചപ്പോൾ രക്ഷപ്പെടുന്നതിനിടെ സംഭവിച്ചതാണെന്ന് പ്രതി പൊലീസിന് നൽകിയ മൊഴി.  കൊല്ലപ്പെട്ട സിദ്ദിഖിനെതിരെ നിരവധി കേസുകൾ ഉണ്ടെന്നും മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തുവെന്നും വിഴിഞ്ഞം സിഐ പ്രജീഷ് ശശി പറഞ്ഞു.