Thursday 23 June 2022 11:17 AM IST : By സ്വന്തം ലേഖകൻ

ചെറുപ്പത്തിൽ തന്നെ രോഗാവസ്ഥ തിരിച്ചറിഞ്ഞിരുന്നു, മകനുവേണ്ടി ജോലി രാജിവച്ചു; അമ്മയ്ക്കായി ഫുൾ എ പ്ലസ് നേടി ജോഷ്

successful99877

പരിമിതികളെ വെറും വാക്കു മാത്രമായി പരിമിതപ്പെടുത്താൻ അമ്മ കൈപിടിച്ചപ്പോൾ ഹയർസെക്കൻഡറി പരീക്ഷയിൽ മുഴുവൻ എ പ്ലസും നേടിയാണ് ജോഷ് ജോർജ് ആ കൈ മുറുകെപ്പിടിച്ചത്. സെറിബ്രൽ പാൾസി വിത്ത് ക്വാഡ്രി പരാസിസ് എന്ന രോഗാവസ്ഥയോട് പൊരുതി ഫുൾ എ പ്ലസ് നേട്ടത്തിലേക്കുള്ള ജോഷ് ജോർജിന്റെ യാത്ര തീരെ ചെറുതായിരുന്നില്ല. ജോലി പോലും ഉപേക്ഷിച്ച് ആ യാത്രയിലുടനീളം മകന്റെ കൈ പിടിച്ച അമ്മ ലീനയ്ക്കും കൂടി അവകാശപ്പെട്ടതാണ് ആ നേട്ടം.  

കൊല്ലം ഇരുമ്പുപാലത്തിനു സമീപം ‘പെബിൾസി’ൽ ബാങ്ക് മാനേജരായ അനീഷ് ജോർജിന്റെയും അധ്യാപികയായ ലീന വർഗീസിന്റെയും ഏക മകനാണ് ജോഷ്. ചെറുപ്പത്തിൽ തന്നെ രോഗാവസ്ഥ തിരിച്ചറിഞ്ഞിരുന്നു. ജോഷിനെ പഠിപ്പിക്കാൻ ആദ്യമൊന്നും പല സ്കൂളുകളും തയാറായിരുന്നില്ല. അമ്മ ലീനയ്ക്ക് ജോലി നൽകാൻ തയാറായ സ്കൂളാണ് ആദ്യമായി ജോഷിന് പ്രവേശനം നൽകുന്നത്.

പിന്നെ 10–ാം ക്ലാസ് വരെ മൂന്ന് സ്കൂളുകളിലായി അമ്മയ്ക്കൊപ്പമായിരുന്നു ജോഷിന്റെ പഠനം. കൊല്ലം ക്രിസ്തുരാജാ ഹയർസെക്കൻഡറി സ്കൂളിൽ ജോഷ് പ്രവേശനം നേടിയപ്പോൾ അമ്മ ജോലി രാജിവച്ചു. കഴിഞ്ഞ രണ്ടു വർഷവും പകൽ മുഴുവൻ ലീന മകനൊപ്പം സ്കൂളിലിരുന്നു.

ഓട്ടോയിൽ എത്തുന്ന ജോഷിനെ സഹപാഠികളാണ് ക്ലാസിലേക്ക് കൊണ്ടുപോയിരുന്നതും തിരികെ കൊണ്ടുവന്നിരുന്നതും. പ്ലസ് വണ്ണിൽ 5 എ പ്ലസും 1 എ ഗ്രേഡുമായിരുന്നു റിസൽട്ട്. പ്രോത്സാഹനവുമായി അധ്യാപകർ കൂടെ നിന്നപ്പോൾ രണ്ടാം വർഷം ഹിസ്റ്ററിക്ക് മുഴുവൻ മാർക്കുമായി ജോഷ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഇനി പൊളിറ്റിക്കൽ സയൻസിൽ ബിരുദമാണ് ലക്ഷ്യം.

Tags:
  • Spotlight
  • Motivational Story