വീട്ടിൽ ചെറിയ പിണക്കമൊക്കെ ഉണ്ടെങ്കിലും ജോലിക്കു കയറിയാൽ അമ്മയുടെ ‘ഒറ്റ ബെല്ലിൽ’ മകൻ അവിടെ നിൽക്കും ! നിന്നേ പറ്റൂ.!! കെഎസ്ആർടിസി സിറ്റി ഡിപ്പോയിലെ ഞായറാഴ്ചത്തെ കണ്ണമ്മൂല - മെഡിക്കൽ കോളജ് സ്വിഫ്റ്റ് ബസിൽ സാരഥികൾ അമ്മയും മകനുമായിരുന്നു. അമ്മ യമുന കണ്ടക്ടർ, മകൻ ശ്രീരാഗ് ഡ്രൈവർ. 2009 മുതൽ ആര്യനാട് ഡിപ്പോയിലെ താൽക്കാലിക കണ്ടക്ടറായിരുന്ന യമുനയ്ക്ക് 2022 മുതൽ സ്വിഫ്റ്റിലാണ് ജോലി. മുഖ്യമന്ത്രിയിൽനിന്ന് ആദ്യദിനം ടിക്കറ്റ് റാക്ക് വാങ്ങി ജോലിയിൽ പ്രവേശിച്ച യമുനയുടെ സ്വപ്നമായിരുന്നു മകന്റെ ജോലി. ഡ്രൈവിങ്ങിൽ കമ്പമുള്ള മകൻ ശ്രീരാഗിന് കഴിഞ്ഞ ആഴ്ചയാണ് കെ- സ്വിഫ്റ്റിൽ നിയമനം ലഭിച്ചത്. ഇന്നലെയായിരുന്നു അമ്മയുടെയും മകന്റെയും ആദ്യസർവീസ്.
വീട്ടിൽനിന്നു കൊണ്ടുവന്ന ഭക്ഷണം ഒരുമിച്ച് പങ്കിട്ട് കഴിച്ചു. ശ്രീരാഗ് വനംവകുപ്പിലെ താൽക്കാലിക ഡ്രൈവറായിരുന്നു. കണ്ടക്ടർ ലൈസൻസുമുള്ള ശ്രീരാഗിന് ഡ്രൈവറായി ജോലി ചെയ്യാനാണു താൽപര്യം. അമ്മയ്ക്കൊപ്പമുള്ള ജോലിയും കെഎസ്ആർടിസി പ്രേമവും ശ്രീരാഗിനെ സ്വിഫ്റ്റിലേക്ക് എത്തിച്ചു. വർക്ക്ഷോപ് ജീവനക്കാരനായ ഭർത്താവ് രാജേന്ദ്രൻ ആശാരി, മുട്ടത്തറ എൻജിനീയറിങ് കോളജിലെ താൽക്കാലിക ജീവനക്കാരനായ ഇളയ മകൻ സിദ്ധാർഥ് എന്നിവർക്കൊപ്പം ആര്യനാട് ശ്രീരാഗ് ഭവനിലാണ് യമുന താമസിക്കുന്നത്. ഇരുവർക്കും സൗകര്യപ്രദമായ നിലയിൽ ഡ്യൂട്ടികൾ ക്രമീകരിച്ച് നൽകാൻ എടിഒ സി.പി.പ്രസാദ് നിർദേശം നൽകിയിട്ടുണ്ട്.