Saturday 09 May 2020 04:59 PM IST : By Shyama

അവൻ ഇനിയും ആകാശം സ്വപ്നം കാണട്ടെ, ഞാൻ അവന്റെ ചിറകിലെ കാറ്റാകും!

shyama-

ഡൗൺസിൻഡ്രോം ഉള്ള കുട്ടിയാണ് ഗോപീകൃഷ്ണൻ. ഈ ഒറ്റ വാചകം വായിച്ചു നമ്മൾ അറിഞ്ഞോ അറിയാതെയോ ഉണ്ടാക്കുന്ന ധാരണകൾക്കപ്പുറമാണ് ഗോപി. അവൻ അമ്മയ്ക്കൊപ്പം ടിക്ക്ടോക്ക് ചെയ്യുന്നു, സിനിമയിൽ അഭിനയിക്കുന്നു, പ്ലസ്ടു കഴിഞ്ഞ് കമ്പ്യൂട്ടർ പഠിച്ചു, ഡാറ്റാ എൻട്രി ചെയ്യുന്നു..

ഗോപിയുടെ പിന്നിലെ പ്രേരകശക്തി അമ്മ രഞ്ജിനി വർമയാണ്. "അവനും ഞാനും കൂടി ചെയ്ത കുറേ വീഡിയോസ് ഉണ്ട്. ഞങ്ങൾ രണ്ടാളും ഒപ്പമിരുന്ന് ഡയലോഗും ആംഗ്യങ്ങളും പഠിക്കും...എന്നിട്ടാണ് ചെയ്യാറ്. അവനിതൊക്കെ നല്ല ഇഷ്ടാണ്. മാറ്റി നിർത്താതെ അതേപോലെ എല്ലാത്തിനും എന്നെ ആശ്രയിക്കാനും സമ്മതിക്കാതെ അവനെ സ്വന്തം കാലിൽ നിർത്താനാണ് എന്നും നോക്കിയത്. അവൻ കോഴിക്കോട് രോഷ്നി എന്നൊരു സ്പെഷ്യൽ സ്കൂളിൽ പഠിച്ചിരുന്നു, അതിന് ശേഷം അത്യാവശ്യം നന്നായി പലതിനോടും പൊരുതിയിട്ട് തന്നെയാണ് അവനെ സാധാരണ സ്കൂളിൽ വിട്ടത്. പത്ത്‌ പാസ്സ് ആയത്‌ പറയഞ്ചേരി ഗവണ്മെന്റ് ബോയ്സ് സ്കൂളിൽ നിന്ന്. പ്ലസ്ടു ഈസ്റ്റ്‌ ഹിൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും.

shyama-3

2005ൽ ഗോപിക്ക് വേണ്ടിയാണ് ഞങ്ങൾ തൃപ്പൂണിത്തുറയിൽ നിന്ന് കോഴിക്കോടേക്ക് താമസം മാറ്റിയത്. അതിലൊരു പങ്കു 'വനിത'യ്ക്കും ഉണ്ട്. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോ. ഷാജി തോമസിനെ പറ്റിയൊരു ലേഖനം പണ്ട് വനിതയിൽ വായിച്ചിട്ടാണ് പുള്ളിയെ നേരിട്ട് വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു...എന്നിട്ടാണ് ഞങ്ങൾ ഇങ്ങോട് വരുന്നത്. ഡൗൺസിൻഡ്രോമിനു മരുന്നില്ല പക്ഷേ, ട്രെയിനിങ് ഉണ്ട്. അതനുസരിച്ചുള്ള സ്പീച്ച് തെറാപ്പിയും മറ്റും നാലു വയസിൽ തന്നെ തുടങ്ങാൻ ഞങ്ങൾക്ക് സാധിച്ചു.

ഞാൻ ഹിന്ദി ഗസ്റ്റ് ലെക്ചറായിട്ട് കുറച്ച് നാൾ ജോലി ചെയ്തിരുന്നു. പിന്നീട് അവനു വേണ്ട കാര്യങ്ങളെ കുറിച്ച് പഠിക്കുന്നതിനിടയ്ക്കാണ് മ്യൂസിക് തെറാപ്പിയെ കുറിച്ച് അറിയുന്നത്. ചെറുപ്പം മുതലേ പാടുമായിരുന്നു. അവനെ സ്കൂളിൽ വിട്ട സമയത്ത് ഞാൻ വീണ്ടും ഹിന്ദുസ്ഥാനി പഠിക്കാൻ പോയി. പിന്നീട് ചെന്നൈ സ്കൂൾ ഓഫ് മ്യൂസിക് തെറാപ്പിയിൽ നിന്ന് ഡിപ്ലോമ എടുത്തു. മോന്റെ സ്കൂളിൽ അവനെയും മറ്റ് കുട്ടികളെയും കൂട്ടിയിരുത്തി എന്റെ ജോലി കഴിഞ്ഞ് പോയി ക്ലാസ്സ്‌ എടുത്തിരുന്നു. പിന്നെ ഇതിനു വേണ്ടി തന്നെ ആവശ്യക്കാർ വന്നപ്പോ മ്യൂസിക് തെറാപ്പിയിലേക്ക് തന്നെ തിരിഞ്ഞു. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിലെ സൈക്കോളജി വിഭാഗവും സോഷ്യൽ ജസ്‌റ്റിസ്‌ വിഭാഗവും ചേർന്ന് നടത്തുന്ന കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആൻഡ് റീഹാബിലിറ്റേഷൻ പ്രോഗ്രാമിൽ ഇപ്പോൾ ആഴ്ചയിൽ രണ്ട് ദിവസം ക്ലാസ്സ്‌ എടുക്കുന്നുണ്ട്. കൂടാതെ കൊക്ലീയർ ഇമ്പ്ലാന്റ്‌ ചെയ്ത കുട്ടികൾക്കും ക്ലാസ്സ്‌ എടുക്കുന്നുണ്ട്. നേരത്തെ കുറച്ച് കുട്ടികൾ വീട്ടിലും വന്നിരുന്നു... ലോക്ക്ഡൗൺ കഴിഞ്ഞ് അതൊക്ക തുടരണം...

shyama-2

എന്റേതായ രീതിയിലാണ് തെറാപ്പി രാഗങ്ങൾ തിരഞ്ഞെടുത്ത്‌ ചിട്ടപ്പെടുത്തുന്നത്‌. അല്ലാതെയും പാട്ടും പാട്ടെഴുതും ഒക്കെയുണ്ട്. ചിലതൊക്കെ യുട്യൂബിൽ ഇട്ടിട്ടുണ്ട്.എൽഐസിയിലാണ് ഭർത്താവ് കിഷോർ മകൾ മാളവിക യുഎസിൽ പിഎച്‌ഡി ചെയ്യുന്നു... എല്ലാത്തിനും പിന്തുണയുമായി കുടുംബം ഒപ്പമുണ്ട്. അതാണ് കാര്യങ്ങൾ ഇത്ര നന്നായി നടക്കുന്നത്.... "

Tags:
  • Spotlight