പുഴയുടെ കയങ്ങളില്‍പ്പെട്ട ഏഴു വയസുകാരനെയും അമ്മയെയും ജീവിതത്തിലേക്ക് തിരികെയെത്തിച്ച് യുവാവിന്റെ മനസാന്നിധ്യം. പാലക്കാട് കൂടല്ലൂര്‍ പുഴയില്‍പ്പെട്ടവരെയാണ് കൂട്ടക്കടവ് സ്വദേശി മുബാറക് സാഹസികമായി രക്ഷിച്ചത്. നാടിന്റെ അഭിമാനമായി മാറിയ മുബാറകിന് നിരവധി പേരാണ് അഭിനന്ദനം അറിയിക്കുന്നത്.
പുഴയില്‍ കുളിക്കുന്നതിനിടെയാണ് ഏഴു വയസുകാരന്‍ ഒഴുക്കില്‍പ്പെട്ടത്. കുട്ടിയെ രക്ഷിക്കാനായി നീന്തലറിയാത്ത അമ്മയും പുഴയിലേക്ക് ചാടി. പിന്നാലെ ഇരുവരും മുങ്ങിത്താഴുകയായിരുന്നു. പ്രാണന് വേണ്ടിയുള്ള ഇരുവരുടെയും നിലവിളി മുബാറക്കിന്റെ ശ്രദ്ധയില്‍പ്പെട്ടു. പിന്നാലെ പുഴയിലേക്ക് ചാടി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. കുടുബസമേതം പുഴ കാണാനെത്തിയതായിരുന്നു മുബാറക്ക്.
കൂറ്റനാട് ടൗണിൽ സ്വകാര്യ സ്ഥാപനം നടത്തുകയാണ് മുബാറക്ക്. സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുന്നത് ശീലമാക്കിയതാണ് കൂട്ടക്കടവ് തടയണയ്ക്ക് താഴെയുള്ള ഒഴുക്കിനെ അവഗണിച്ച് രണ്ടുപേരെ രക്ഷിക്കാനുള്ള ഊര്‍ജം കൂട്ടിയത്. നാടിനാകെ അഭിമാനമായി മാറിയ മുബാറക്കിനെ മന്ത്രി എം.ബി. രാജേഷ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും വിവിധ സംഘടന ഭാരവാഹികളും അഭിനന്ദിച്ചു.