Wednesday 04 December 2024 03:05 PM IST : By സ്വന്തം ലേഖകൻ

‘മകന്‍ ഡോക്ടറായി വരും’; വിമാനം കയറുമ്പോൾ കുന്നോളം സ്വപ്നം, മനസ് തകര്‍ന്ന് പിതാവ് അബ്ദുൽ ജബ്ബാർ! തനിച്ചായി ഇരട്ട സഹോദരൻ മിഷാല്‍

abdul-jabbar

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിക്ക് മുന്നിൽ മുഹമ്മദിന്റെ മൃതദേഹം കാത്തിരിക്കുമ്പോൾ മിഷാൽ പലവട്ടം വിതുമ്പി. ജനനം മുതൽ ഒപ്പമുണ്ടായിരുന്ന തുണയാണ് യാത്ര പറയാതെ മടങ്ങിയത്. മുഹമ്മദ് അബ്ദുൽ ജബ്ബാറും ഇരട്ട സഹോദരൻ മിഷാലും ഒരുമിച്ചാണ് ഹയർ സെക്കൻഡറിക്കും എൻട്രൻസ് പരിശീലനത്തിനും പഠിച്ചത്. 

കേരള എൻട്രൻസിൽ 643ാം റാങ്ക് നേടി മിഷാൽ അബ്ദുൽ ജബ്ബാർ തിരുവനന്തപുരം സിഇടി എൻജിനീയറിങ് കോളജിൽ ചേർന്നു. ഒരു വർഷത്തെ കോച്ചിങ്ങിനു ശേഷമാണ് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 876ാം റാങ്ക് നേടി മുഹമ്മദ് അബ്ദുൽ ജബ്ബാർ എംബിബിഎസിനു ചേർന്നത്.

ജൂലൈ 26ന് ആഹ്ലാദപൂർവം ഗൃഹപ്രവേശം നടത്തിയ മാട്ടൂലിലെ ഫജർ ഹൗസിലേക്ക് മുഹമ്മദ് അബ്ദുൽ ജബ്ബാറിന്റെ മൃതദേഹമെത്തുമ്പോൾ വിങ്ങിപ്പൊട്ടുകയാണ് നാടാകെ. മകന്റെ വിയോഗ വാർത്തയറിഞ്ഞ് ഇന്നലെ ഉച്ചയോടെയാണ് പിതാവ് അബ്ദുൽ ജബ്ബാർ റിയാദിൽ നിന്ന് നെടുമ്പാശേരിയിൽ എത്തിയത്. സഹോദരൻ മിഷാലും ഇന്നലെ രാവിലെ തിരുവനന്തപുരത്തു നിന്ന് ആലപ്പുഴയിലെത്തി.

എംബിബിഎസിന് മകനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ചേർത്ത് സൗദി അറേബ്യയിലേക്കു വിമാനം കയറുമ്പോൾ കുന്നോളം സ്വപ്നമായിരുന്നു ചീലേൻ അബ്ദുൽ ജബ്ബാറിന്റെ മനസ്സിൽ. കുടുംബത്തിലുള്ളവരോടും സുഹൃത്തുക്കളോടുമെല്ലാം മകൻ ഡോക്ടറായി വരുന്നതിന്റെ അഭിമാനവും സന്തോഷവും പങ്കുവച്ചിരുന്നു. എന്നാൽ വിധി കരുതിവച്ചതു മറ്റൊന്നായി.

Tags:
  • Spotlight