Monday 10 September 2018 05:06 PM IST : By എൻ.എം. അബൂബക്കർ

പേര്, ശാസ്ത്രനാമം ഉൾപ്പെടെ ദിനോസറുകളെക്കുറിച്ച് ചോദിച്ചോളൂ...; മുഹമ്മദ് ഐസാസ് ഉത്തരം പറയും!

mid1

ചരിത്രാതീത കാലത്തെ ഇരുനൂറോളം ദിനോസറുകളെ തിരിച്ചറിയുന്ന കുഞ്ഞു മിടുക്കനുണ്ട് അബുദാബിയില്‍. കണ്ണൂര്‍ സ്വദേശിയായ ഷമീം പാലോട്ടിന്‍റെ മകന്‍ നാലു വയസ്സുകാരന്‍ മുഹമ്മദ് ഐസാസ്. ചരിത്രകാരന്മാരെ പോലും അദ്ഭുതപ്പെടുത്തുന്ന വിജ്ഞാനമാണ് ഐ സാസിന്‍റെ കുഞ്ഞുമനസില്‍ സൂക്ഷിച്ചിരിക്കുന്നത്. പുരാതന കാലത്തെ ജന്തുജാലങ്ങളെയെല്ലാം ഈ കൊച്ചു ഗവേഷകന്‍ തിരിച്ചറിയും.

ദിനോസറുകളുടെ കൂട്ടുകാരൻ

ആദ്യം പരിചയപ്പെടുന്നവർക്ക് തുടക്കത്തിൽ കൗതുകവും പിന്നെ അമ്പരപ്പുമാണ് മുഹമ്മദ് ഐസാസ് സമ്മാനിക്കുക. കാരണം ഐസാസിന്‍റെ ലോകവും സുഹൃത്തുക്കളും ദിനോസറുകളാണ്. ദിനോസറുകളെ പോലെ തന്നെ കടുപ്പമുള്ള അവയുടെ പേരുകളും പ്രത്യേകതകളും ഐസാസിന് ഹൃദിസ്ഥം. പലതരം  ദിനോസറുകളെ മനസ്സിലാക്കാനും അവയുടെ പ്രത്യേകതകൾ ഓർത്തു വയ്ക്കാനും ചില പൊടിക്കൈകളുണ്ട് ഈ കൊച്ചുമിടുക്കന്. മുഖം മുതലയെ പോലെ ഇരിക്കുന്നത് സ്പിനോസോറസ്, ബുർജ് ഖലീഫയെ പോലെ ഉയരമുള്ളവൻ ബ്രേഷിസോറസ്, റെക്സിനേക്കാൾ ശക്തൻ ടൈനോസോറസ്... ഇങ്ങനെ ഒാരോരുത്തരെയും സ്വന്തം ശൈലിയിൽ പരിചയപ്പെടുത്തും ഐസാസ്.

ചരിത്രാതീത കാലത്തെ ഏത് മൃഗങ്ങളെ കാണിച്ചാലും ഒറ്റനോട്ടത്തില്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ അതിന്‍റെ പേരും ശാസ്ത്രനാമവും പറയും. രൂപസാദ്യശ്യമുള്ള രണ്ട് ദിനോസറുകളെ കണ്ടാല്‍ അവ തമ്മിലുള്ള വ്യത്യാസവും വിശദീകരിക്കും. ഒരുകൂട്ടം ദിനോസറുകളില്‍നിന്ന് സോറോപോഡ്സിനെ കണ്ടെത്താന്‍ പറഞ്ഞപ്പോൾ ചെറിയ തലയും നീണ്ട കഴുത്തും വാലുമുള്ളതിനെ കയ്യിലെടുത്തു. അര മണിക്കൂറിനിടെ നൂറിലേറെ ദിനോസറുകളുടെ ചരിത്രമാണ് ഈ കൊച്ചുമിടുക്കൻ വിവരിച്ചത്.

ദിനോസറുകളെ, ഐസാസ് ഇഷ്ടപ്പെടാൻ തുടങ്ങിയിട്ട് ഒന്നര വര്‍ഷമായി. രണ്ടര വയസുള്ളപ്പോള്‍ ദിനോസറിന്‍റെ രൂപത്തിലുള്ള കളിപ്പാട്ടം കണ്ടാണ് ആ ഇഷ്ടം മനസ്സിൽ കയറിയത്. പിന്നീടങ്ങോട്ട് അത്തരം മൃഗങ്ങളുടെ ശില്‍പത്തോടും ചിത്രങ്ങളോടും പ്രത്യേക താല്‍പര്യം കാട്ടിത്തുടങ്ങി. ജന്തുജാലങ്ങളുടെ ചിത്രങ്ങള്‍ കാണിച്ചാലും അവയുടെ പേരും വിശദാംശങ്ങളും  നിമിഷങ്ങള്‍ക്കകം പറയും. ഇത്തരം ചിത്രത്തിനും ശില്‍പങ്ങള്‍ക്കുമായി വാശി പിടിക്കുമ്പോള്‍ ടിവി വച്ചുകൊടുക്കും. മറ്റു കുട്ടികൾ കാർട്ടൂൺ ചാനലുകൾ കാണുമ്പോൾ ഐസാസിനിഷ്ടം ഡിസ്കവറി ചാനലാണെന്നു പിതാവ് ഷ മീം പാലോട്ട് പറയുന്നു. ഒരിക്കല്‍ യുടൂബില്‍ ദിനോസറുകളുടെ ദൃശ്യങ്ങൾ കാണിച്ചുകൊടുത്തു. മൂന്ന് വയസു മുതല്‍ യുട്യൂബിൽ നിന്ന് മൃഗങ്ങളെക്കുറിച്ചും മറ്റുമുള്ള ഡോക്യുമെൻററികള്‍ ഐസാസ് കണ്ടു തുടങ്ങി.

mid003

ദിനോസറുകളെത്തേടിയുള്ള യാത്ര

അടുത്തിടെ ദിനോസർ കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയിലെത്തിയപ്പോൾ അവിടെയുള്ള എല്ലാത്തിന്‍റെയും പേരും വിശേഷണങ്ങളും പറഞ്ഞു കടക്കാരെയും മാതാപിതാക്കളെയും  ഞെട്ടിച്ചു ഈ മിടുക്കൻ. ടി-റെക്സിനെ കാണിച്ച് ഡി ഫോര്‍ ദിനോസര്‍ എന്ന് പറയുന്നത് ശരിയല്ലെന്നാണ് സണ്‍റൈസ് സ്കൂളിലെ കെജി വണ്‍ വിദ്യാര്‍ഥിയായ ഐസാസിന്‍റെ അഭിപ്രായം. കുടുംബത്തെ ഒന്നടങ്കം പറയുന്നതാണ് ദിനോസര്‍ എന്നും ഓരോന്നിനും വ്യത്യസ്ത പേരുകളുണ്ടെന്നും ഐസാസ് വിശദീകരിക്കുന്നു.

ടോയ്ഷോപ്പില്‍നിന്ന് കിട്ടുന്ന ദിനോസറുകളുടെ ചെറിയ നിര്‍മാണ തകരാര്‍പോലും ഈ കുരുന്ന് തിരിച്ചറിയും. ഈയിടെ ദിനോസറുകളുടെ പേര് തിരിച്ചറിയാനായി യുടൂബില്‍ നടന്ന മല്‍സരത്തില്‍ ശരിയായ ഉത്തരം നല്‍കിയത് ഐസാസായിരുന്നു. ഐസാസ് പറഞ്ഞ പേര് അമ്മ അസ്റ ബന്ധപ്പെട്ട ശാസ്ത്രജ്ഞന് അയച്ചുകൊടുത്തു. നാലു വയസുകാരനാണ് ഇത് പറഞ്ഞു തന്നതെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അദ്ഭുതപ്പെട്ടു പോയതായി അസ്റ പറയുന്നു.

ഏത് മിഠായിയാ വേണ്ടതെന്ന് ചോദിച്ചാല്‍ ഐസാസ് പറയും ദിനോസര്‍ മതി എന്ന്. അല്ലെങ്കില്‍ ദിനോസറിന്‍റെ ചിത്രമുള്ള പുസ്തകം വേണമെന്നും.  ചെറുതും വലുതുമായ ഇരുനൂറോളം ദിനോസറുകളും  വിരലിലെണ്ണാവുന്ന ചില കളിപ്പാട്ടങ്ങളുമുള്ള ഐസാസിനോട് ഒരു ദിനോസറിനെ ചോദിച്ചപ്പോള്‍ കാര്‍ തരാമെന്നായിരുന്നു മറുപടി. ബീച്ചിലും പാര്‍ക്കിലുമെത്തിയാല്‍ സ്ലൈഡില്‍ കറങ്ങുകയോ ഊഞ്ഞാലാടുകയോ ചെയ്യുന്നതിനു പകരം കയ്യിലുള്ള ദിനോസറുകളുമൊന്നിച്ച് സ്വന്തമായി ഉണ്ടാക്കിയ കളികളിലേർപ്പെടാനാണ് െഎസാസിന് ഇഷ്ടം.

കളിമണ്ണുകൊണ്ട് ദിനോസുകളുടെ ശില്‍പമുണ്ടാക്കാനും ഇഷ്ടം. ഓരോ വാരാന്ത്യവും ഐസാസിനു വേണ്ട വ്യത്യസ്ത ദിനോസറുകളെ തേടിയുള്ള യാത്രകളിലാകും ഈ കുടുംബം. സാധാരണ ടോയ്ഷോപ്പില്‍നിന്ന് കിട്ടുന്ന ദിനോസറുകള്‍ യഥാര്‍ഥ രൂപമല്ലെന്നാണ് ഈ കുഞ്ഞുഗവേഷകന്‍റെ കണ്ടെത്തല്‍. അതുകൊണ്ടു അസ്സല്‍ രൂപം തേടിയെത്തുന്നത് വില കൂടിയ ഷോപ്പിലേക്കാകും. വില എന്തായാലും ദിനോസറില്ലാതെ ഐസാസ് തിരികെ വീട്ടിലേക്ക് വരില്ല. ഐസാസിന്‍റെ ഇഷ്ടപ്പെട്ട മോസസോറസിനായുള്ള അന്വേഷണത്തിലാണ് ഈ കുടുംബം  ഇപ്പോൾ.

mid002