Monday 27 July 2020 11:58 AM IST : By സ്വന്തം ലേഖകൻ

‘എന്റേത് റെഡ്യായില്ല... അയിന് മ്മക്ക് ഒരു കൊയപ്പല്ല്യാ’; പൂവ് ഉണ്ടാക്കിയ ഫായിസിന് പൂക്കാലം നൽകി സോഷ്യൽ‌ മീഡിയ

fayis

പൂവുണ്ടാക്കാൻ ഇറങ്ങി പുറപ്പെട്ട മിടുക്കൻ. ഒടുവിൽ പരാജയപ്പെട്ടെങ്കിലും സോഷ്യൽ മീഡിയ അവന് നൽകിയത് അഭിനന്ദനങ്ങളുടെ പൂക്കാലം. കഠിനാധ്വാനം ചെയ്തിട്ടും വിജയം ലഭിക്കുന്നില്ലെന്ന് പരാജയപ്പെടുന്നവർക്ക് സിമ്പിളായൊരു വിഡിയോയിലൂടെ കലക്കൻ മോട്ടിവേനാണ് ചെക്കൻ നൽകുന്നത്. ‘ഒന്നും അങ്ങോട്ട് ശരിയാകുന്നില്ലല്ലോ’ എന്ന് ആത്മഗതം മൊഴിഞ്ഞ് സെന്റിയടിക്കുന്നവർ കണ്ടിരിക്കേണ്ട വിഡിയോ എന്നാണ് പലരും സാക്ഷ്യപ്പെടുന്നത്.

ഇസ്സത്ത് സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർഥിയായ മുഹമ്മദ് ഫായിസ് ആണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്ന കഥയിലെ നായകൻ. വിഡിയോയാണിത്. കടലാസ് കൊണ്ട് ഒരു പൂവ് ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കക്ഷി. കട്ടയ്ക്ക് ആത്മവിശ്വാസവുമായാണ് വിഡിയോ ആരംഭിക്കുന്നത്. പൂവ് ഉണ്ടാക്കാൻ വേണ്ട കത്രികയും പെൻസിലും പേപ്പറുമായാണ് വിഡിയോ ആരംഭിക്കുന്നത്. പൂവ് എങ്ങനെയുണ്ടാക്കാമെന്ന് വളരെ വിശദമായി തന്നെ പറഞ്ഞു തുടങ്ങുന്നു.

കടലാസൊക്കെ കൃത്യമായി മടക്കി പെൻസിൽ കൊണ്ട് അടയാളപ്പെടുത്തി കത്രിക കൊണ്ട് പൂവ് ക്ഷമയോടെ മുറിച്ചെടുക്കുകയാണ്. എന്നാൽ പൂവ് ഇപ്പോൾ റെഡിയാകുമെന്ന വിശ്വാസത്തിൽ കടലാസ് തുറന്നപ്പോഴാകട്ടെ പൂവ് ദേ രണ്ട് കഷണം. പക്ഷേ തോറ്റഭാവം മുഖത്ത് കാണിക്കാതെ കൂളായി അവന്റെ ആ പറച്ചിലാണ് വിഡിയോയു‌ടെ ഹൈലൈറ്റ് ‘ചെലോത് റെഡി ആകും, ചെലോത് റെഡി ആകൂല.. റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ’. ഇങ്ങനെ പറഞ്ഞ് വീണ്ടും പൂവ് ഉണ്ടാക്കാൻ തു‌ടങ്ങുകയാണവൻ.

സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ വിഡിയോ നിരവധിപ്പേരാണ് ഏറ്റെടുക്കുന്നത്. നിഷ്ക്കളങ്കമായ അവതരണവും പതറാത്ത മനസുമാണ് ഫായിസിനെ വേറിട്ടു നിർത്തുന്നത്. ‘തോറ്റു പോയെന്നു തോന്നുന്നവർക്ക് ഇവനെക്കാൾ വലിയൊരു മോട്ടിവേറ്റർ ഇല്ല’  എന്നാണ് പലും വിഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്.