Tuesday 28 July 2020 11:15 AM IST : By സ്വന്തം ലേഖകൻ

‘ഇതങ്ങനെ റെഡ്യാവൂല, ഞങ്ങടെ ചെക്കന് റോയൽറ്റി വേണം’; ഒടുവിൽ ഫായിസിന് സമ്മാനം നൽകാമെന്നേറ്റ് മിൽമ

milma

‘ജീവിതത്തിൽ ഒന്നും അങ്ങ്ട് ശരിയാവുന്നില്ലല്ലോ’ എന്ന് ആത്മഗതം മൊഴിഞ്ഞ് ടെൻഷനടിച്ചിരുന്ന മലയാളി അശരീരി പോലെയാണ് ആ വാക്കുകൾ കേട്ടത്. ‘ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല...’ കടലാസ് കൊണ്ട് പൂവുണ്ടാക്കാൻ ഇറങ്ങിപ്പുറപ്പെട്ട് ഒടുവിൽ അത് പാളിപ്പോയപ്പോഴും വിഷമം മുഖത്തു കാട്ടാതെ കൂളായി നിന്ന മുഹമ്മദ് ഫായിസിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. . കഠിനാധ്വാനം ചെയ്തിട്ടും വിജയം ലഭിക്കുന്നില്ലെന്ന് പരാജയപ്പെടുന്നവർക്ക് സിമ്പിളായൊരു വിഡിയോയിലൂടെ കലക്കൻ മോട്ടിവേനാണ് ചെക്കൻ നൽകുന്നത്.

പൂവുണ്ടാക്കാൻ ഇറങ്ങി പുറപ്പെട്ട ഫായിസിന് സോഷ്യൽ മീഡിയ അഭിനന്ദനങ്ങളുടെ പൂക്കാലം നൽകുമ്പോൾ ഇതാ പുതിയൊരു വാർത്ത. മിൽമയടക്കം പ്രമുഖ സ്ഥാപനങ്ങൾ ഫായിസിന്റെ ആ മോട്ടിവേഷണൽ ഡയലോഗ് കടംകൊണ്ടിരിക്കുന്നു. ‘ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല.. പക്ഷേങ്കി ചായ എല്ലാർതും ശരിയാവും പാൽ മിൽമ ആണെങ്കിൽ..’ ഇങ്ങനെ പോകുന്നു മിൽമയുടെ പരസ്യ വാചകം. സംഭവം സോഷ്യൽ മീഡിയയിൽ കണ്ടതോടെ മിൽ‌മ ഫായിസിന്റെ ഡയലോഗ് അടിച്ചുമാറ്റിയെന്നായിരുന്നു ജനസംസാരം. ഫായിസിന് കടപ്പാട് പോലും പറയാതെ മലബാർ മിൽമ പരസ്യവാചകമാക്കിയതോടെ ചർച്ചകൾ സജീവമായി. ഫായിസിന്റെ വാചകവും ആശയവും പണം കൊടുത്ത് വാങ്ങണം എന്നായി ഒരു വിഭാഗം. ആ കുട്ടിക്ക് അംഗീകൃത മാനദണ്ഡങ്ങൾ അനുസരിച്ചുള്ള റോയൽറ്റി മിൽമ കൊടുക്കണമെന്നും ഒരു സർട്ടിഫിക്കറ്റും രണ്ട് സിപ്പപ്പും ഒരു ഐസ്ക്രീമും ആയി അത് ഒതുങ്ങരുതെന്നും ആവശ്യമുയരുന്നുണ്ട്. എന്തായാലും ആത്മവിശ്വാസം പകരുന്ന വാചകങ്ങളുടെ കൂട്ടത്തിൽ ഒരു പടി മുന്നിലാണ് ഫായിന്റെ ഈ വാക്കുകളെന്നാണ് ഉയരുന്ന പ്രതികരണം.

ചർച്ചകൾ മുറുകുന്നതിനിടെ മിൽമ തന്നെ ഒടുവിൽ വിശദീകരണവുമായെത്തി. ഫായിസിന്റെ വാചകങ്ങൾ വാണിജ്യ പരസ്യത്തിനായി ഉപയോഗിച്ചിട്ടില്ലെന്നും ഫായിസിന് ഉചിതമായ സമ്മാനം നൽകുമെന്നും മിൽമ എംഡി കെഎം വിജയകുമാരൻ അറിയിച്ചു. ഫായിസിന്റെ നിഷ്ക്കളങ്കതയാണ് തങ്ങളെ ആകർഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊണ്ടോട്ടി കുഴിമണ്ണ ഇസ്സത്ത് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി കൂടിയാണ് ഫായിസ്. ഫായിസ് സ്വയം ചിത്രീകരിച്ച വീഡിയോ വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് മുനീര്‍ സഖാഫിക്ക്  സഹോദരീപുത്രിയാണ് അയച്ചുകൊടുത്തത്. വീഡിയോ പിന്നീട് നാട്ടുകാരിലെത്തിയതോടെ വൈറലായി. ലക്ഷക്കണക്കിന് ആളുകളാണ് ഫായിസിന്റെ വീഡിയോ കണ്ടത്. മൈമൂനയാണ് ഫായിസിന്റെ മാതാവ്.