Wednesday 12 September 2018 09:42 AM IST : By സ്വന്തം ലേഖകൻ

ആദ്യ ഭാര്യയെ രണ്ടാം ഭാര്യ പരിചയപ്പെട്ടു; മുകേഷിന്റെ ജീവിതത്തിൽ ഫെയ്സ്ബുക്ക് വില്ലനായതിങ്ങനെ

fb

‘പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ’ എന്ന് കേട്ടിട്ടില്ലേ. ‘സോഷ്യൽ മീഡിയ കാലത്ത്’ പ്രത്യേകിച്ചും. അങ്ങനെ ഒരു പിടിയിൽ പെട്ടിരിക്കുകയാണ് ബംഗളുരു സ്വദേശിയായ മുകേഷ്. എന്താണ് കാരണമെന്നോ, മുകേഷിന്റെ ആദ്യ ഭാര്യയെ രണ്ടാം ഭാര്യ പരിചയപ്പെട്ടു, അതും ഫെയ്സ്ബുക്കിൽ. ഭർത്താവ് രണ്ട് കല്യാണം കഴിച്ചതാണെന്ന് രണ്ടു പത്നിമാർക്കും അറിയുമായിരുന്നില്ല. പോരേ പൂരം...ഓരോരോ ഫെയ്സ്ബുക്ക് പാരകളേ...സംഭവത്തില്‍ രണ്ടാം ഭാര്യയായ യുവതി നല്‍കിയ പരാതിയിൽ മുകേഷിനെതിരെ പെലീസ് കേസെടുത്തു.

സംഭവമിങ്ങനെ: കുറച്ചു ദിവസങ്ങള്‍ക്ക് മുൻപ് ബംഗളൂരു സ്വദേശിനിയായ യുവതിക്ക് ഫേസ്ബുക്കില്‍ അപരിചിതയായ ഒരു സ്ത്രീയുടെ ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചു. അസ്വഭാവികമായി ഒന്നുമില്ലാത്തതിനാൽ ഇരുവരും പരിചയത്തിലായി, ചാറ്റിങ്ങും തുടങ്ങി. അധിക ദിവസം കഴിയും മുൻപേ ഭർത്താവിന്റെ ആദ്യ ഭാര്യയാണ് മറുവശത്തെന്ന് യുവതി മനസ്സിലാക്കി.

2013ൽ മൈസൂര്‍ സ്വദേശിനിയെ വിവാഹം ചെയ്ത മുകേഷ് ഇത് മറച്ചു വെച്ചാണ് 2017 ല്‍ ബംഗളൂരുവിലെ കോടതി ജീവനക്കാരിയുമായി വീണ്ടും വിവാഹിതനായത്. ജോലി സ്ഥലത്തുനിന്ന് മാറി താമസിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ അവർ ബംഗളൂരുവില്‍ തന്നെയാണ് താമസിച്ചിരുന്നത്. മൈസൂരില്‍ അക്കൗണ്ടന്റായ മുകേഷ് വാരാന്ത്യങ്ങളിൽ നാട്ടിലെത്തുമായിരുന്നതിനാല്‍ ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കും സംശയം തോന്നിയില്ല.

അങ്ങനെയിരിക്കെയാണ് ഫെയ്സ്ബുക്ക് വില്ലനായത്. യുവതി ജോലി ചെയ്യുന്ന കോടതിയിലെ സഹപ്രവര്‍ത്തകര്‍ക്കും കുടുംബത്തിലെ ബന്ധുക്കളില്‍ ചിലര്‍ക്കും ഇവര്‍ റിക്വസ്റ്റ് അയച്ചിരുന്നു. പരിചിതമല്ലാത്തയാളായതിനാല്‍ റിക്വസ്റ്റ് ലഭിച്ചവര്‍ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഇവര്‍ മുകേഷിന്റെ ഭാര്യയാണെന്ന വിവരം പുറത്തായത്. തുടര്‍ന്ന് ബന്ധുക്കള്‍ ചോദ്യം ചെയ്തെങ്കിലും വിവാഹ വിവരം ഇയാള്‍ നിഷേധിച്ചു. എന്നാല്‍ ആദ്യ ഭാര്യയെ നേരിട്ട് കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ രണ്ടാം ഭാര്യ പെലീസില്‍ പരാതിപ്പെടുകയായിരുന്നു.