Wednesday 09 October 2019 09:56 AM IST : By സ്വന്തം ലേഖകൻ

ബക്കറ്റിലും ചാക്കുകളിലുമായി സൂക്ഷിച്ച നാണയങ്ങൾ; പൊലീസുകാരെ അമ്പരപ്പിച്ച ആ ഒറ്റമുറി വീട്!

mumbai-beggar-coin

മുംബൈയിൽ കഴിഞ്ഞ ദിവസം ട്രെയിനിടിച്ചു മരിച്ച യാചകന്റെ വീട് പരിശോധിക്കാനെത്തിയ പൊലീസുകാർ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച. ഒറ്റമുറി വീട്ടിലെ വസ്തുക്കൾ പലതും ടാർപൊളിൻ കൊണ്ടു മൂടിയിട്ടിരുന്നു. ടാർപോളിൻ മാറ്റിയപ്പോൾ ബക്കറ്റിലും ചാക്കുകളിലുമായി നാണയങ്ങൾ നിറച്ചു വച്ചിരിക്കുകയായിരുന്നു. 

ഒരു ഡസനോളം പൊലീസുകാർ എട്ടു മണിക്കൂറോളമിരുന്ന് നാണയങ്ങൾ എല്ലാം എണ്ണിത്തീർന്നപ്പോൾ ആകെ 1.77 ലക്ഷം രൂപയുണ്ടായിരുന്നു. ഇതുകൂടാതെ ബാങ്കുകളിൽ നിന്നുള്ള രസീതുകളും പാസ്ബുക്കുമെല്ലാമുണ്ടായിരുന്നു. ഇതിൽ സ്ഥിര നിക്ഷേപമായി 8.77 ലക്ഷം രൂപയും പാസ്ബുക്കിൽ 96,000 രൂപയുടെ ബാലൻസുണ്ടായിരുന്നു. 

വർഷങ്ങളായി തെക്കുകിഴക്കൻ മുംബൈയിലെ ഗോവണ്ഡിയിലെ ചേരിയിൽ താമസിക്കുന്ന ബിറാഡി ചന്ദ് ആസാദ് (62) എന്ന യാചകനാണ് ഈ ലക്ഷാധിപതി. പൊലീസുകാർ പരിശോധിച്ചതിൽ നിന്ന് ആസാദിന്റെ ആകെ സമ്പാദ്യം 11.5 ലക്ഷത്തിലേറെ രൂപയാണെന്ന് വ്യക്തമായി.  

വർഷങ്ങളായി ഭിക്ഷയെടുത്തു ലഭിച്ച പണമാണിതെന്ന് പരിചയക്കാർ പറയുന്നു. ഗോവണ്ഡി റെയിൽവേ സ്റ്റേഷനിലായിരുന്നു ആസാദിന്റെ ഭിക്ഷാടനം. 1.77 ലക്ഷം രൂപ വരുന്ന നാണയങ്ങൾ ഗോവണ്ഡി റെയിൽവേ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്ഥിരനിക്ഷേപത്തിന്റെ രേഖകളും ഒന്നര ലക്ഷവും ബന്ധുക്കൾക്ക് കൈമാറാനാണു തീരുമാനം.

Tags:
  • Spotlight