Monday 19 August 2019 12:33 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞാവ കരയുന്നത് വിശന്നിട്ടു മാത്രമായിരിക്കില്ല! നിർത്താതെയുള്ള കരച്ചിൽ നൽകുന്ന സൂചനകൾ ഇവയൊക്കെ

baby

കുഞ്ഞുങ്ങൾ എപ്പോഴാണ് കരയുന്നതെന്ന് ആർക്കും പ്രവചിക്കാൻ കഴിയാറില്ല. പലപ്പോഴും കുഞ്ഞുവാവയുടെ കരച്ചിലിനു പിന്നിലെ യഥാർഥ കാരണം കണ്ടുപിടിക്കാൻ അമ്മയ്ക്കു പോലും ബുദ്ധിമുട്ട് തോന്നാറുണ്ട്. ആശ്വസിപ്പിച്ചിട്ടും കുഞ്ഞ് കരച്ചിൽ നിർത്താതെ വന്നാൽ അമ്മയ്ക്ക് ആധിയേറും. കുഞ്ഞ് കരയുന്നതെന്തിനാകുമെന്ന് ഇത്തിരി സൂക്ഷ്മമായി ശ്രദ്ധിച്ചാൽ എളുപ്പം മനസ്സിലാകും. കുഞ്ഞ് കരച്ചിലിന്റെ ഭാഷയിലൂടെ എന്തോ അച്ഛനമ്മമാരോട് പറയാൻ ശ്രമിക്കുകയാണ്. വിശപ്പ്, പേടി, ഉറങ്ങാനുള്ള ആഗ്രഹം, എന്തെങ്കിലും തരത്തിലുള്ള അസുഖമോ വേദനയോ അസ്വസ്ഥതയോ ഇതിലേതെങ്കിലും ആകാം കുഞ്ഞിന്റെ കരച്ചിലിനു പിന്നിൽ.

കരച്ചിലിന്റെ കാരണങ്ങൾ

കുഞ്ഞിന്റെ കരച്ചിലിനു പിന്നിലെ ഏറ്റവും സാധാരണമായ കാരണം വിശന്നിട്ടാണ്. അമ്മമാർക്കീ കരച്ചിൽ തിരിച്ചറിയാം. കരച്ചിലിനിെട വിരലുണ്ണാം, പാലു കുടിക്കും പോലെ നാവു നുണയാം. പെട്ടെന്ന് പാലൂട്ടിയാൽ കരച്ചിൽ നിൽക്കും.

ഉറക്കം ശരിക്കും കിട്ടാെത വന്നാൽ കുഞ്ഞ് കരയാം. താളത്തിൽ പതുക്കെ ദേഹത്ത് തട്ടി കുഞ്ഞിനെ ഉറക്കാം. എടുത്തു െകാണ്ട് നടന്നാൽ കുഞ്ഞ് വേഗം ഉറങ്ങും. തൊട്ടിലിൽ കിടത്തി െമല്ലെ താരാട്ടു മൂളി ഉറക്കിയാൽ വേഗം കരച്ചിലടങ്ങും.

മൂത്രമൊഴിച്ചോ വയറ്റിൽ നിന്നു പോയോ ഡയപ്പർ നനഞ്ഞാൽ അസ്വസ്ഥത കാരണം കുഞ്ഞ് കരയും. വേഗം നനഞ്ഞ ഡയപ്പർ മാറ്റിയാൽ കരച്ചിൽ നിൽക്കും.

പാലു കുടിച്ചു കഴിഞ്ഞാലുടനെ ഗ്യാസ് കയറിയിട്ട് കുഞ്ഞ് കരയാറുണ്ട്. കുഞ്ഞിനെ തോളത്തിട്ട് പതുക്കെ പുറത്ത് തട്ടിക്കൊടുക്കുന്നത് ഗ്യാസ് പോകാനും കരച്ചിൽ മാറ്റാനും സഹായിക്കും. ചിലപ്പോൾ വയറ്റിൽ ഗ്യാസ് നിറഞ്ഞ് വേദന വന്ന് കുഞ്ഞ് അസ്വസ്ഥതയോടെ നിർത്താതെ കരയും. ‘കോളിക്’ പോലുള്ള വേദന ശമിക്കാൻ ചിലപ്പോൾ വൈദ്യസഹായം വേണ്ടി വരും.

പല്ലു വരുന്ന സമയത്ത് അസ്വസ്ഥത കാരണം കുഞ്ഞ് കരയാം. നാലു മാസം തൊട്ടേ പല്ലു മുളച്ചു തുടങ്ങാം. കൈയിൽ കിട്ടുന്നതെല്ലാം കുഞ്ഞ് എടുത്ത് കടിക്കാൻ തുടങ്ങും. കുഞ്ഞിന്റെ മോണ വൃത്തിയുള്ള കോട്ടൺ െകാണ്ട് തടവി െകാടുക്കാം. കുഞ്ഞിന് കടിക്കാനുള്ള ടീത്തർ എന്ന കളിപ്പാട്ടം നൽകാം.

ചിലപ്പോൾ പരിചിതമല്ലാത്ത സ്ഥലത്ത് പോകുമ്പോഴോ പാർട്ടിയിൽ പോകുമ്പോഴോ കടയിൽ കയറുമ്പോഴോ ഒക്കെ കുഞ്ഞ് പെട്ടെന്ന് കരഞ്ഞു തുടങ്ങാറുണ്ട്. കുഞ്ഞ് പുറംലോകവുമായി പരിചയിച്ച് വരുന്നതേയുള്ളൂവെന്ന് തിരിച്ചറിയുക. അപരിചിത ചുറ്റുപാടുകൾ കുഞ്ഞിനെ അസ്വസ്ഥപ്പെടുത്താം ഇങ്ങനെ കരയുമ്പോൾ കുഞ്ഞിനെ എത്രയും വേഗം വീട്ടിലെ സ്വസ്ഥമായ അന്തരീക്ഷത്തിലെത്തിക്കാൻ ശ്രമിക്കുക. ഇത്തിരി ശുദ്ധവായു കിട്ടും പോലെ തിരക്കിൽ നിന്ന് പുറത്തിറങ്ങി പുതിയ കാഴ്ചകൾ കാട്ടി കുഞ്ഞിന്റെ ശ്രദ്ധ തിരിക്കുക.

കുഞ്ഞ് തനിച്ചാെണന്നു തോന്നിയാലും പെട്ടെന്ന് കരയും. കളിച്ചു െകാണ്ടിരിക്കുമ്പോഴാവും പെട്ടെന്ന് അമ്മ അപ്പുറത്തേക്ക് പോയെന്ന് കുഞ്ഞ് അറിയുന്നത്. ഇങ്ങനെ കരഞ്ഞാൽ കുഞ്ഞിന്റെ കൂടെയിരിക്കുക. നിങ്ങളുെട സാമീപ്യം നൽകുക.

അസുഖം വന്നാൽ

അസുഖം വന്നാലും കുഞ്ഞ് അതു നമ്മളെ അറിയിക്കുന്നത് കരച്ചിലിലൂടെയാണ്. എത്ര ആശ്വസിപ്പിച്ചിട്ടും നിർത്താതെ ക രയുക, വളരെ ഉച്ചത്തിലും തുടർച്ചയായും കരയുക ഇതൊ ക്കെ അസുഖം മൂലമുളള കരച്ചിലിന്റെ ലക്ഷണമാണ്. പനി, ഛർദി, തൂക്കക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാലും കുഞ്ഞിന് അസുഖമുണ്ടെന്ന് തിരിച്ചറിഞ്ഞ് ചികിൽസ തേടണം.

കണ്ണിൽ കരടു പോയാലോ, ഉറുമ്പു കടിച്ചാലോ ഇറുകിയ ഷൂസ് ഇട്ട് വേദന തോന്നിയാലോ ഒക്കെ വലിയവർക്ക് ആ അസ്വസ്ഥതയുടെ കാരണം വേഗം പരിഹരിക്കാം. പക്ഷേ, കുഞ്ഞിന്റെ കാര്യത്തിൽ കരച്ചിലിലൂടെ അതു നമ്മളെ അറിയിക്കുകയോ മാർഗമുള്ളൂ. അതിനാൽ കു‍‍ഞ്ഞ് കരയുമ്പോൾ അ സ്വസ്ഥപ്പെടുത്തുന്ന എന്തെങ്കിലും കാരണം ഉണ്ടോ എന്ന് വേ ഗം പരിശോധിക്കുകയും വേണം.