Friday 07 August 2020 11:12 AM IST : By സ്വന്തം ലേഖകൻ

മൂന്നാർ രാജമലയിൽ മണ്ണിടിച്ചിൽ: അഞ്ച് മരണം, മൂന്നു പേരെ രക്ഷപെടുത്തി; 84 പേർ മണ്ണിനടിയിലായതായി സൂചന

rajamala556789

കനത്ത മഴയെ തുടർന്ന് മൂന്നാര്‍ രാജമലയിൽ മണ്ണിടിച്ചിൽ. അഞ്ച് പേർ മരിച്ചു. മണ്ണിനടിയിൽനിന്ന് നാലു പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. മൂന്നു പേരെ രക്ഷപെടുത്തി. എൻഡിആർഎഫ് സംഘം ഏലപ്പാറയിൽനിന്നു രാജമലയിലേക്കു തിരിച്ചു. അഞ്ചുലയങ്ങൾ മണ്ണിനടിയിൽ പെട്ടതായി ഇരവികുളം പഞ്ചായത്ത് അംഗം ഗിരി അറിയിച്ചു. കണ്ണൻദേവൻ നെയ്മക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലാണു സംഭവം. പെരിയവരെ പാലം തകർന്നു. സ്ഥിതി അതീവഗുരുതരമാണ്.

സമീപത്തെ ആശുപത്രികൾക്കു തയാറായിരിക്കാൻ നിർദേശം നൽകി. എസ്റ്റേറ്റ് തൊഴിലാളി ലയങ്ങളാണ് ഇവിടെയുള്ളത്. ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിൽനിന്നും എൻഡിആർഎഫ് സംഘം രാജമലയിലേക്കു തിരിച്ചിട്ടുണ്ട്. 5 ലൈനുകളിലായി 84 പേർ മണ്ണിനടിയിലായതായി കോളനി നിവാസികൾ പറയുന്നു. പെരിയവരെ പാലം തകർന്നതിനാൽ രക്ഷാപ്രവർത്തകർക്ക് എത്താൻ പ്രയാസമുണ്ട്. പ്രദേശത്ത് വാർത്താവിനിമയ സംവിധാനങ്ങളില്ല.

Tags:
  • Spotlight