Friday 19 February 2021 11:18 AM IST : By സ്വന്തം ലേഖകൻ

‘എന്റെ മനസ്സിൽ അട്ടപ്പാടിയുടെ ചിത്രം വരണ്ടുണങ്ങിയ ഭൂമിയുടേതായിരുന്നു; പക്ഷേ, അവിടെ കണ്ടത്...’; ഹൃദ്യമായ കുറിപ്പുമായി മുരളി തുമ്മാരുകുടി

attappadd332113

പൃഥ്വിരാജും ബിജു മേനോനും തകര്‍ത്തഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം അയ്യപ്പനും കോശിയും എന്ന സിനിമയുടെ കഥാപശ്ചാത്തലവും ലൊക്കേഷനും അട്ടപ്പാടിയിലാണ്. സിനിമ ഹിറ്റായതോടെ അട്ടപ്പാടിയിൽ വരുന്നവർക്ക് ടൂറിസ്റ്റുകളുടെ എണ്ണവും കൂടി. അട്ടപ്പാടി സന്ദര്‍ശിച്ച് മുരളി തുമ്മാരുകുടി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.

മുരളി തുമ്മാരുകുടി പങ്കുവച്ച കുറിപ്പ് വായിക്കാം;

അട്ടപ്പാടി - കേട്ടതും കണ്ടതും 

പത്രം വായിച്ചുതുടങ്ങിയ കാലം മുതൽ കേൾക്കുന്നതാണ് അട്ടപ്പാടിയെപ്പറ്റി. കേട്ടത് കൂടുതലും നല്ല വാർത്തകളല്ലായിരുന്നു. എനിക്ക് അവിടെ സുഹൃത്തുക്കളോ അവിടെ പോയ സുഹൃത്തുക്കളോ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അട്ടപ്പാടിയെക്കുറിച്ച് വേണ്ടത്ര അറിവില്ലായിരുന്നു, യാത്ര ചെയ്യാനുള്ള അവസരവും.  

കഴിഞ്ഞ വർഷമാണ് എന്റെ സുഹൃത്ത് റഷീദ് അട്ടപ്പാടിയെ കുറിച്ച് പറയുന്നത്. അദ്ദേഹത്തിന് അവിടെ കുറച്ചു കൃഷിയും ബിസിനസുമുണ്ട്. അങ്ങനെ അട്ടപ്പാടി ഒന്ന് കണ്ടിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചു. പാലക്കാടിന് അപ്പുറം തമിഴ്‌നാടിനടുത്താണ് അട്ടപ്പാടി.  പാലക്കാട് - മണ്ണാർക്കാട് ചുരം കടന്നുവേണം അട്ടപ്പാടിയിലെത്താൻ. താമരശ്ശേരി ചുരം പോലെ തന്നെയാണ് ഈ ചുരവും എങ്കിലും അവിടെ പപ്പു റോഡ് റോളർ ഇറക്കിയിട്ടില്ലാത്തതിനാൽ മലയാളികൾക്ക് ഈ ചുരം അത്ര പരിചിതമല്ല. 

പച്ചപ്പും ഹരിതാഭയും: ചുരമിറങ്ങി ചെല്ലുന്ന നമ്മൾ ആദ്യം ശ്രദ്ധിക്കുന്നത് അവിടുത്തെ ഹരിതാഭയാണ്. എന്തുകൊണ്ടോ എന്റെ മനസ്സിൽ അട്ടപ്പാടിയുടെ ചിത്രം വരണ്ടുണങ്ങിയ ഭൂമിയുടേതായിരുന്നു. സഹ്യപർവതത്തിനപ്പുറത്തേക്ക് കിഴക്കോട്ടൊഴുകുന്ന രണ്ടു നദികൾ,  ഭവാനിയും ശിരുവാണിയും, ഉള്ള നാടാണ്.   അപ്പോൾ പച്ചപ്പും ഹരിതാഭയും ഒക്കെ സ്വാഭാവികം ആണല്ലോ.

വീടും കൃഷിയും: രണ്ടാമത് ശ്രദ്ധിക്കുന്നത് ഒറ്റപ്പെട്ട വീടുകളും അതിനു ചുറ്റുമുള്ള കൃഷിയുമാണ്. അന്പത് വർഷം മുൻപ് ഞങ്ങളുടെ നാട് ഇങ്ങനെയായിരുന്നു. എങ്ങും വാഴയും കവുങ്ങും തെങ്ങും ധാരാളമായി വളർന്നു നിൽക്കുന്നു. ധാരാളം പച്ചക്കറിത്തോട്ടങ്ങളും ഉണ്ട്. പരന്പരാഗത കൃഷിയും കൃഷിരീതികളും മാത്രമല്ല, ഡ്രാഗൺ ഫ്രൂട്ടിന്റെ തോട്ടവും ഡ്രിപ്പ് ഇറിഗേഷൻ നടത്തുന്ന മരച്ചീനിത്തോട്ടങ്ങളും കണ്ടു. കൃഷി അവിടെ ഇപ്പോഴും അവരുടെ തൊഴിലും ആദായകരവും ആണെന്ന് തോന്നുന്നു.

പ്രകൃതിയും ഭംഗിയും: പച്ചപ്പിന്റെയും ഹരിതാഭയുടെയും കാര്യം ആദ്യമേ പറഞ്ഞെങ്കിലും കൃഷി ചെയ്യാതെ കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളും കാടും  അവിടെയുണ്ട്. ആനകൾ ധാരാളമായി ഇറങ്ങിനടക്കുന്ന സ്ഥലമാണെന്ന് നാട്ടുകാർ പറഞ്ഞു. മിക്കവാറും കൃഷിഭൂമികൾക്ക് ഇലക്ടിക് ഫെൻസുണ്ട്. വലിയ ഒഴുക്കില്ലാത്ത നദികളായതിനാൽ അവയിൽ ഇറങ്ങാനാവും. വ്യവസായം ഇല്ലാത്തതിനാൽ വായൂ മലിനീകരണവും ഇല്ല. എല്ലാം പഴയ കാലത്തേ ഓർമ്മിച്ചു. കുന്നുകൾക്കിടയിൽ സൂര്യൻ മറയുന്ന മനോഹരമായ കാഴ്ച വീണ്ടും വീണ്ടും കണ്ടു. 

ട്രൈബൽ സ്‌കൂൾ: അട്ടപ്പാടിയിൽ പോകുന്ന കാര്യം പറഞ്ഞപ്പോൾ തന്നെ അവിടെ ഏറെ നാളായി സ്തുത്യർഹമായ സാമൂഹ്യ സേവനം നടത്തുന്ന ശ്രീമതി ഉമാ പ്രേമനെ കാണണമെന്നും അവർ നടത്തുന്ന സ്‌കൂൾ സന്ദർശിക്കണമെന്നും റഷീദും സുധീറും ആവശ്യപ്പെടുകയും ഞാൻ സമ്മതിക്കുകയും ചെയ്തിരുന്നു. റിപ്പബ്ലിക് ദിനത്തിൽ അവിടുത്തെ കുട്ടികളുമായി സംവദിക്കാമെന്ന് ഞാൻ തീരുമാനിച്ചു.

അതിമനോഹരമായ സ്‌കൂളാണ് ഉമാ പ്രേമൻ ആദിവാസി വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്.  എ. പി. ജെ. അബുൽ കലാം ഇന്റർനാഷണൽ ട്രൈബൽ റെസിഡൻഷ്യൽ സ്‌കൂളിൽ ലോക നിലവാരത്തിലുള്ള ഭൗതിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. റിപ്പബ്ലിക്ക് ദിനം ആയതിനാൽ അടുത്ത സ്‌കൂളുകളിലെ വിദ്യാർത്ഥികളും എത്തി. ഒരു മണിക്കൂറോളം അവരുമായി സംസാരിച്ചു. ഏറെ ചോദ്യങ്ങൾ ഉണ്ടായിരുന്നു.  ആത്മാർത്ഥതയും ആത്മവിശ്വാസവുമുള്ള അധ്യാപകരെയും പരിചയപ്പെട്ടു. ഉമാ പ്രേമൻ നാഗാലാൻഡിൽ ആയിരുന്നു. മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റർ ഉപയോഗിക്കാനാകാത്തതിനാൽ അവരുടെ തിരിച്ചുള്ള യാത്ര മുടങ്ങി. കാണണമെന്ന് ഏറെ ആഗ്രഹിച്ചിരുന്ന ആളായിരുന്നു. കുഴപ്പമില്ല, അടുത്ത തവണ കാണാമല്ലോ. 

അയ്യപ്പനും കോശിയും: അടുത്തിടെ സൂപ്പർഹിറ്റായ അയ്യപ്പനും കോശിയും എന്ന സിനിമയുടെ കഥാ പശ്ചാത്തലവും ലൊക്കേഷനും അട്ടപ്പാടിയിലാണ്. ഇപ്പോൾ അട്ടപ്പാടിയിൽ വരുന്നവർക്ക് ടൂറിസ്റ്റ് പ്ളേസാണ് ഈ സ്ഥലങ്ങൾ.  നിർഭാഗ്യവശാൽ പ്രശസ്തമായ സിനിമകളുടെ സീറ്റുകൾ ടൂറിസ്റ്റുകൾക്കായി സംരക്ഷിക്കുന്ന ഒരു രീതി ഇന്ത്യയിൽ ഇല്ല, അതിനാൽ സെറ്റൊക്കെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു.

കാറ്റും ചൂടും: അട്ടപ്പാടിയിൽ നല്ല സുഖകരമായ തണുപ്പായിരുന്നു. രാവിലെ ചൂടുവെള്ളമില്ലാതെ കുളിക്കാൻ ബുദ്ധിമുട്ടാണ്. വർഷത്തിൽ 365 ദിവസവും സൂര്യപ്രകാശം ഉള്ളതിനാൽ സോളാർ എനർജിക്ക് നല്ല സാധ്യതയാണ്. കുന്നിൻ പുറങ്ങളിൽ വിൻഡ് മിൽ സ്ഥാപിച്ചിരിക്കുന്നതും കണ്ടു. റിന്യൂവബിൾ എനർജിക്ക് ഇവിടെ ധാരാളം സാധ്യതകളുണ്ട്.

ടൂറിസവും ഹോം സ്റ്റേയും: അട്ടപ്പാടിയിൽ ചിലയിടങ്ങളിൽ ഹോം സ്‌റ്റേയുടെ ബോർഡുകൾ കണ്ടുവെങ്കിലും മൂന്നാറിലെ പോലെ ഹോം സ്‌റ്റേയുടെ പ്രളയമൊന്നുമില്ല. എൺപതുകൾ മുതൽ മൂന്നാറിൽ പോയ അനുഭവം കൊണ്ട് പറയാം, 1985 ലെ മൂന്നാറിന്റെ സ്ഥിതിയാണ് ഇപ്പോൾ അട്ടപ്പാടിക്ക്. ഭാവിയിൽ ഇവിടെയും വലിയ തോതിൽ ടൂറിസ്റ്റുകൾ എത്തും. പ്രത്യേകിച്ചും തമിഴ്‌നാട്ടിൽ നിന്നും. എങ്ങനെയാണ് നമ്മൾ ആ വികസനത്തെ കൈകാര്യം ചെയുന്നത്? മൂന്നാറിൽ നിന്ന് നമ്മൾ എന്തെങ്കിലും പഠിച്ചോ? എന്നെല്ലാം വഴിയേ അറിയാം. നിലവിൽ അതിന്റെ ലക്ഷണങ്ങളൊന്നുമില്ല. 

ആദിവാസികളെ കുറിച്ച് ഒന്നും പറഞ്ഞില്ല ?: ആദിവാസികളും അവരുടെ പ്രശ്നങ്ങളുമാണ് സാധാരണയായി അട്ടപ്പാടി വാർത്തകളിൽ നിറയുന്നത്. അട്ടപ്പാടിയിൽ പോകുന്പോൾ അവരെ കുറിച്ച് എന്തെങ്കിലുമൊക്കെ കൂടുതൽ മനസിലാകുമെന്നോ മനസിലാക്കാമെന്നോ കരുതിയിരുന്നു. എന്നാൽ ഉമാ പ്രേമനുമായുള്ള മീറ്റിങ് സാധിക്കാത്തതിനാൽ അത് നടന്നില്ല. പിന്നീട് ഒരിക്കൽ ആകാം. ഒരു വരവ് കൂടി വരേണ്ടിവരും.