Wednesday 09 September 2020 12:19 PM IST : By സ്വന്തം ലേഖകൻ

‘ഇത് സുരക്ഷിത രീതിയല്ല, അപകടത്തിൽ നിന്നും ഒരു സെക്കൻഡ് പോലും ദൂരമില്ല’: വൈറലായ കാർ പാർക്കിങ് വിഡിയോയെ കുറിച്ച് മുരളി തുമ്മാരുകുടി

murabb66599888

കഴിഞ്ഞ ദിവസം വൈറലായ കാർ പാർക്കിങ് വിഡിയോയെ കുറിച്ച് ഫെയ്‌സ്ബുക്കിൽ അഭിപ്രായം കുറിച്ചിരിക്കുകയാണ് മുരളി തുമ്മാരുകുടി. ഇത് സുരക്ഷിത രീതിയല്ല എന്നും എത്രയും വേഗം പാർക്കിങ് സ്ഥലം അടച്ചു കെട്ടുന്നതാണ് എല്ലാവരുടെയും സുരക്ഷയ്ക്ക് നല്ലതെന്നും അദ്ദേഹം കുറിക്കുന്നു. 

മുരളി തുമ്മാരുകുടി പങ്കുവച്ച കുറിപ്പ് വായിക്കാം; 

ഒരു നല്ല ഡ്രൈവറെ അനുകരിക്കുന്പോൾ...

ഒരു കാറിന് ശരിക്ക് കടന്നുപോകാൻ പോലും സ്ഥലമില്ലാത്ത ഒരിടത്ത് വാഹനം കൃത്യമായി പാർക്ക് ചെയ്യുന്ന ഒരു ഡ്രൈവറുടെ കഥ ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറൽ ആണല്ലോ. ആ ഡ്രൈവറുടെ പാരലൽ പാർക്കിങ്ങ് സ്കില്ലും വാഹനത്തിന്റെ വലുപ്പത്തെപ്പറ്റിയുള്ള ജഡ്ജ്‌മെന്റും അതിശയകരമാണ്. അതോടൊപ്പം ഒരു സുരക്ഷാ വിദഗ്ദ്ധൻ എന്ന നിലയിൽ രണ്ടു കാര്യങ്ങൾ പറയാതെ വയ്യ.

1. ഒരു കാറിനെ സുരക്ഷിതമായി പാർക്ക് ചെയ്യുന്ന രീതിയല്ല നമ്മൾ കാണുന്നത്. അപകടത്തിൽ നിന്നും ഒരു സെക്കൻഡ് പോലും ദൂരമില്ല. ഇവിടെയാണ് അദ്ദേഹം സ്ഥിരമായി പാർക്ക് ചെയ്യുന്നതെങ്കിൽ ഇന്നല്ലെങ്കിൽ നാളെ വാഹനം കനാലിൽ വീണുപോകുമെന്നതിൽ സംശയമില്ല. ആളുകളുടെ പ്രോത്സാഹനത്താൽ കൂടുതൽ ചെയ്താൽ ദുരന്ത സാധ്യത കൂടും, അത് തന്നെ.

2. ഇദ്ദേഹത്തെപ്പോലെ സൂപ്പർ എക്സ്പെർട്ട് ആയ ഒരാൾ പാർക്ക് ചെയ്യുന്നത് കണ്ട് മറ്റുളളവർ ഇവിടെയോ ഇതുപോലെ ഇടുങ്ങിയ സഥലങ്ങളിലോ വിഡിയോ വൈറൽ ആക്കാൻ വേണ്ടി പാർക്ക് ചെയ്യാൻ തുടങ്ങിയാൽ വേറെ അപകടങ്ങളും നാം കാണും. അതുകൊണ്ട് കാണിച്ചതൊക്കെ കാണിച്ചു, നന്നായി. ഇനി ആ പാർക്കിങ്ങ് സ്ഥലം അടച്ചു കെട്ടുന്നതാണ് എല്ലാവരുടെയും സുരക്ഷയ്ക്ക് നല്ലത്. പറഞ്ഞില്ലെന്ന് വേണ്ട. ഞാൻ പറഞ്ഞാൽ എന്താണ് പിന്നെ സംഭവിക്കുക എന്ന് സംശയമുള്ളവർ ഇവിടെ സ്ഥിരമായുള്ളവരോട് ചോദിച്ചാൽ മതി!

muralee-th6543332
Tags:
  • Spotlight
  • Social Media Viral