Saturday 16 November 2019 03:28 PM IST : By സ്വന്തം ലേഖകൻ

സ്വയരക്ഷ നോക്കാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങരുത്; അതാണ് യഥാർത്ഥ ഹീറോയിസം!

muralee6ryjhbnijoj

കോട്ടയം മീനച്ചിലാറ്റിൽ കാണാതായ മൂന്നാമത്തെ കുട്ടിയുടെ മൃതശരീരവും കണ്ടെത്തി. വടവാതൂർ കുന്നംപള്ളി കെ.കെ.പ്രസാദിന്റെ മകൻ അശിന്റെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്. ചിങ്ങവനം കേളചന്ദ്രപ്പറമ്പിൽ കെ സി ചാക്കോയുടെ മകൻ അലൻ, മീനടം കൊടുവള്ളിമാക്കൽ കെ സി ജോയിയുടെ മകൻ ഷിബിൻ ജേക്കബ് എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തിയിരുന്നു. മുങ്ങി മരണങ്ങൾ  സാഹചര്യത്തിൽ യുഎൻ ദുരന്ത ലഘൂകരണവിഭാഗം മേധാവിയായ മുരളി തുമ്മാരുകുടി എഴുതിയ കുറിപ്പ് ശ്രദ്ധേയമാണ്. 

മുരളി തുമ്മാരുകുടി പങ്കുവച്ച കുറിപ്പ് വായിക്കാം;

വീണ്ടും മുങ്ങിമരണം..

കഴിഞ്ഞ ദിവസം ദുബായിൽ അഞ്ഞൂറോളം സ്‌കൂൾ വിദ്യാർത്ഥികളോട് പുതിയ ലോകത്തെ തൊഴിൽ/വിദ്യാഭ്യാസ സാധ്യതകളെ പറ്റി സംസാരിക്കുകയായിരുന്നു. വിഷയം കരിയർ ആണെങ്കിലും കിട്ടിയ അവസരം ഉപയോഗിച്ച് രണ്ടു കാര്യങ്ങൾ പറഞ്ഞു.

1. അപകടം എന്നുള്ളത് മറ്റുള്ളവർക്ക് മാത്രം സംഭവിക്കുന്ന ഒന്നല്ല. ആർക്കും എപ്പോൾ വേണമെങ്കിലും അത് സംഭവിക്കാം.

2. ദുരന്തം ഉണ്ടാകുമ്പോൾ മുൻ-പിൻ നോക്കാതെ എടുത്തു ചാടുന്നതല്ല, ദുരന്തം ഒഴിവാക്കാൻ ശ്രമിക്കുന്നതാണ് ശരിയായ ദുരന്ത ലഘൂകരണം.

കേരളത്തിൽ ഒരു വർഷത്തിൽ ആയിരത്തിലേറെ പേർ മുങ്ങിമരിക്കുന്ന സാഹചര്യത്തെ പറ്റി ഞാൻ അവരോട് സംസാരിച്ചു.

ഇന്നിപ്പോൾ വീണ്ടും മുങ്ങിമരണങ്ങൾ. ഒരാളെ രക്ഷിക്കാൻ ശ്രമിക്കവേ രണ്ടാമൻ, പിന്നെ മൂന്നാമൻ...

അഗ്നിബാധയെപ്പോലെ, ഉയരത്തെപ്പോലെ ആളുകളെ പേടിപ്പിച്ച് മുൻ‌കൂർ വാണിങ് നൽകിയില്ല ജലം നമ്മെ കൊള്ളുന്നത്. സ്നേഹിച്ച്, മാടിവിളിച്ച് ഒക്കെയാണ്. ഒഴുക്കുണ്ടെങ്കിൽ ഒരടി വെള്ളത്തിൽ പോലും ആളുകൾ മുങ്ങിമരിച്ചേക്കാം, അഞ്ചു മിനുട്ട് പോലും വേണ്ട മരണം സംഭവിക്കാൻ.

സുരക്ഷിതരായിരിക്കുക. സ്വയരക്ഷ നോക്കാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങരുത്. സുഹൃത്തുക്കൾ സാഹസം കാണിക്കാൻ പോകുമ്പോൾ തടയുക, അതാണ് യഥാർത്ഥ ഹീറോയിസം.

Tags:
  • Spotlight
  • Social Media Viral