Thursday 10 December 2020 11:07 AM IST : By സ്വന്തം ലേഖകൻ

‘പിള്ളേർക്ക് ചേർന്ന ടീച്ചേർസ് തന്നെ; ഇവരെ ഇരട്ട പെറ്റതാണോ?’: ഓൺലൈൻ ക്ലാസുകളെ കുറിച്ച് മുരളി തുമ്മാരുകുടി പറയുന്നു

muralee-th6433332456

ക്ലാസുകൾ ഓൺലൈൻ ആയി മാറിയതോടെ പഠനത്തിന്റെ ഗൗരവം കുറഞ്ഞു എന്ന് പാരാതിപ്പെടുന്നവർ ഏറെയാണ്. കുട്ടികൾ ക്ലാസുകൾ അറ്റൻഡ് ചെയ്യുന്നില്ലെന്നും കളിക്കാനോ,ചാറ്റ് ചെയ്യാനോ പോകുകയാണ് പതിവെന്നുമാണ് അധ്യാപകർ പരാതി പറയുന്നത്. ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട് മുരളി തുമ്മാരുകുടി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.

മുരളി തുമ്മാരുകുടി പങ്കുവച്ച കുറിപ്പ് വായിക്കാം;

ഓൺലൈൻ ക്ലാസുകൾ കട്ട് ചെയ്യുന്പോൾ...

"ഈ ഓൺലൈൻ ക്ലാസുകൾ എന്ന് പറയുന്നതൊക്കെ ചുമ്മാ തട്ടിപ്പാണെന്റെ മുരളി."

എന്റെ സുഹൃത്തായ കോളേജ് അധ്യാപകനാണ് പറയുന്നത്

"കുട്ടികൾ ലോഗ് ഇൻ ചെയ്യും" പിന്നെ അവിടെയെങ്ങും കാണില്ല. കളിക്കാനോ, ചാറ്റ് ചെയ്യാനോ പോകും.

ശരിയാകാം. ശങ്കര കോളേജിൽ പഠിക്കുന്ന കാലത്ത് ഇംഗ്ളീഷ് ക്ലാസുകളിൽ അധ്യാപകൻ അറ്റന്റൻഡൻസ് എടുത്തുകഴിഞ്ഞാൽ ഉടൻ ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോകുന്ന ഒരു രീതി ഉണ്ടായിരുന്നു. ഞാൻ സ്ഥിരം ഇറങ്ങിപ്പോക്കുകാരാണ്. ഉന്നത വിദ്യാഭ്യാസത്തിന് ഭാഷയുടെ മാർക്ക് കൂട്ടില്ല എന്ന സർക്കാർ നയത്തിന്റെ പ്രത്യാഘാതമായിരുന്നു അത്. എന്നാൽ ജീവിതത്തിൽ ഇംഗ്ളീഷിന്റെ അറിവാണ് പ്രൊഫഷന്റെ അറിവിനേക്കാൾ കൂടുതൽ പ്രയോജനം ചെയ്യുക എന്ന് ആരും അന്ന് പറഞ്ഞു തന്നില്ല.

പക്ഷെ, അന്നൊക്കെ ആരാണ് ക്ലാസിൽ നിന്ന് ഇറങ്ങിപ്പോകുന്നത് എന്ന് അധ്യാപകർക്ക് അറിയാമായിരുന്നു. അധ്യാപകർ ഒന്നും പറഞ്ഞില്ലെങ്കിലും അവരുടെ മുന്നിലൂടെ ഇറങ്ങി പോകുന്പോൾ ഒരു ചളിപ്പ് ഉണ്ടായിരുന്നു. ഇന്നിപ്പോൾ ഇറങ്ങിയാലും ഉറങ്ങിയാലും അധ്യാപകർ അറിയില്ല. കാര്യങ്ങൾ ഇത്രയും എളുപ്പമായ സ്ഥിതിക്ക് കുട്ടികൾ ഇറങ്ങിപ്പോകുന്നതിൽ അതിശയമുണ്ടോ.

എന്റെ സുഹൃത്ത് ഇക്കാര്യം പറഞ്ഞ് രണ്ടു ദിവസത്തിനകം കേരളത്തിലെ നൂറിലധികം എഞ്ചിനീയറിങ്ങ് കോളേജ് സിവിൽ അധ്യാപകർക്ക് ഒരു പരിശീലന ക്ലാസ് എടുക്കാൻ അവസരമുണ്ടായി. നൂറ്റി അന്പതിൽ അധികം അധ്യാപകർ ക്ലാസിൽ ഉണ്ട്. ക്ലാസ് തുടങ്ങി പത്തു മിനുട്ട് കഴിഞ്ഞപ്പോൾ എന്റെ സുഹൃത്ത് പറഞ്ഞ കാര്യം ഞാൻ ഓർത്തു. അധ്യാപകർ എത്ര പേർ ക്ലാസിൽ ഉണ്ടെന്നറിയാൻ ഞാൻ ഒരു ചൂണ്ടയിട്ടു.

"ഈ പാലാരിവട്ടം പാലം പൊളിച്ചു കളയുന്നതിന് മുൻപ് ഒരു ലോഡ് ടെസ്റ്റിംഗ് നടത്തുന്നതായിരുന്നു ശരി" എന്ന് അഭിപ്രായമുള്ളവർ ചാറ്‌ബോക്സിൽ "യെസ്" എന്നും അല്ലാത്തവർ "നോ" എന്നും ഒന്ന് എഴുതണം.

ഏതൊരു സിവിൽ എഞ്ചിനീയർക്കും ഈ വിഷയത്തിൽ അടിസ്ഥാനമായ ഒരു സാങ്കേതിക അഭിപ്രായം ഉണ്ടാകണം.

പോരാത്തതിന് ഓരോ മലയാളിക്കും ഈ വിഷയത്തിൽ ഒരു രാഷ്ട്രീയ അഭിപ്രായം ഉണ്ടാകും.

പക്ഷെ ലിസ്റ്റ് ഓഫ് പാർട്ടിസിപ്പന്റ്സ് നൂറ്റി അൻപത് പേർ ഉണ്ടെന്ന് കാണിക്കുന്ന ക്ലാസിൽ പത്തു പേർ പോലും അഭിപ്രായം പറഞ്ഞില്ല.

ഞാൻ സത്യം നേരെ പറഞ്ഞു.

നിങ്ങൾ നൂറ്റി അൻപത് പേർ ഉണ്ടെന്ന് കാണിക്കുന്നു, പത്തു പേർ പോലും അഭിപ്രായം പറയുന്നില്ല, ബാക്കി ഉള്ളവർ ക്ലാസിൽ ഉണ്ടോ എന്ന് എനിക്ക് അറിയാൻ ഒരു മാർഗ്ഗവും ഇല്ല, അത് കൂടി അറിയാനാണ് ചോദിക്കുന്നത്. സത്യത്തിൽ നിങ്ങൾ അവിടെ ഉണ്ടോ?

പത്തു ചിലപ്പോൾ പതിനഞ്ചായിക്കാണും. തൊണ്ണൂറു ശതമാനവും മൗനമാണ്.

അവരൊക്കെ ക്ലാസിൽ ഉണ്ടായിരുന്നോ ?

"പിള്ളേർക്ക് ചേർന്ന ടീച്ചേർസ് തന്നെ. ഇവരെ ഇരട്ട പെറ്റതാണോ?" എന്ന് ഞാൻ മനസ്സിൽ കരുതി.

ഏതൊരു ക്ലാസ്സിലും കുട്ടികൾ ശ്രദ്ധിക്കുന്നില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം പഠിപ്പിക്കുന്നവർക്കാണ് എന്ന് നല്ല ബോധ്യമുള്ള ആളാണ് ഞാൻ. "ഞാനൊരു ബോറൻ" എന്ന് ചിന്തിച്ച് ക്ലാസ് തുടർന്നെങ്കിലും എന്റെ മനസ്സ് ക്ലാസിൽ ഉണ്ടായിരുന്നില്ല.

കോവിഡിന് ശേഷം ഓൺലൈൻ ക്ലാസുകൾ തുടരുമോ?. തുടർന്നാൽ ഇത്തരം തട്ടിപ്പ് പരിപാടികൾ നാട്ടു നടപ്പാകുമോ? ഇതായിരുന്നു ഞാൻ ചിന്തിച്ചത്.

കോവിഡ് പോയിക്കഴിഞ്ഞും ലോകത്തുള്ള ഭൂരിപക്ഷം ആളുകളും ഇനി പഠിക്കാൻ പോകുന്നത് ഓൺലൈൻ ആയിത്തന്നെ ആണ്. കോളേജുകളും ക്ലാസുകളും ഉണ്ടാകും. ഓരോ സംവിധാനത്തിന്റെയും ഭാഗമായി ക്ലാസുകളിൽ പോവുകയും പരീക്ഷ എഴുതുകയും ചെയ്യും.

നമുക്ക് പഠിക്കണമെന്നും മനസ്സിലാക്കണം എന്നും ആഗ്രഹമുള്ള കാര്യങ്ങൾ നമ്മൾ പഠിക്കാൻ പോകുന്നത് ലോകത്തെ ഏറ്റവും നല്ല അധ്യാപകരിൽ നിന്നും ഓൺലൈൻ ആയിട്ടാണ്, അത് കേക്ക് ഉണ്ടാക്കുന്നതാണെങ്കിലും പാലം ഉണ്ടാക്കുന്നതാണെങ്കിലും. സിമുലേഷൻ ആയി പ്രാക്ടിക്കൽ കൂടി വരുന്നതോടെ "പഠിക്കലും പഠിപ്പിക്കലും" ഏതാണ്ട് പൂർണ്ണമായി ഓൺലൈനിലേക്ക് പോകും. അതിനെ പിന്തുണക്കുന്ന നിയമങ്ങൾ വരാൻ കുറച്ചു സമയം കൂടി എടുക്കും.

കാര്യങ്ങൾ പഠിക്കാനായി നാം ഓൺലൈനിൽ പോകുന്പോൾ ലോഗിൻ ചെയ്തു ചായ കുടിക്കാൻ പോകുന്ന പദ്ധതി ഉണ്ടാകില്ല, കാരണം ചായ കുടിച്ചാൽ കേക്ക് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാകില്ല. കേക്ക് പൊളിഞ്ഞാൽ പാലം പൊളിയുന്നത് പോലെ ആകില്ല. പിതൃസ്മരണ നേരിട്ട് കിട്ടും.

പക്ഷെ പാലം പണിയാനല്ല പാലം ഉണ്ടാക്കുന്നതിനുള്ള ജോലി കിട്ടാനുള്ള സർട്ടിഫിക്കറ്റിനാണ് പഠിക്കുന്നത് എന്ന് വെക്കൂ. അവിടെയാണ് ഓൺലൈൻ പ്ലാറ്റുഫോമുകൾ നമുക്ക് പണി തരാൻ പോകുന്നത്.

നമ്മൾ എന്ത് പഠിക്കുന്നു എന്ന് മാത്രമല്ല എങ്ങനെ പഠിക്കുന്നു എന്നത് കൂടി ഓൺലൈൻ പ്ലാറ്റുഫോമുകളിൽ അൽഗോരിതങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. നിങ്ങൾ ലോഗ് ഇൻ ചെയ്ത് മറ്റു വഴിക്കു പോയാൽ, നിങ്ങൾ ഓൺലൈൻ ആയി സമർപ്പിക്കുന്ന അസൈന്മെന്റുകൾ കട്ട് ആൻഡ് പേസ്റ്റ് ആയാൽ നിങ്ങൾ ക്ലാസ്സിലെ മറ്റുള്ളവരോട്‌ നന്നായി സഹകരിച്ചാൽ, നിങ്ങൾ ഓരോ ക്ലസ്സിനു ശേഷവും അവർ നിർദ്ദേശിച്ചിട്ടുള്ള പേപ്പറുകൾ വായിച്ചാൽ അഥവാ വായിച്ചില്ലെങ്കിൽ ഇതൊക്കെ "ബിഗ് ബ്രദർ" ശ്രദ്ധിക്കുന്നുണ്ട്. ഈ വിവരങ്ങൾ അവർ ആവശ്യക്കാർക്ക് വിൽക്കും.

നാളെ നിങ്ങൾക്ക് തൊഴിൽ തരാൻ ആരെങ്കിലും നിങ്ങളെ പരിഗണിക്കുന്പോൾ അവർ നോക്കുന്നത് നിങ്ങളുടെ സർട്ടിഫിക്കറ്റും യോഗ്യതയും മാത്രം ആവില്ല, നിങ്ങളുടെ ക്ലാസ്സിലെ സ്വഭാവവും കൂടി ആയിരിക്കും.

"നിങ്ങൾക്ക് ഓൺലൈനിൽ എന്തെങ്കിലും ഫ്രീ ആയി കിട്ടിയാൽ അവിടെ നിങ്ങളാണ് ഉൽപ്പന്നം" ('if you're not paying for the product, you are the product') എന്ന് കേട്ടിട്ടില്ലേ. ഓൺലൈൻ ആയി നിങ്ങൾക്ക് വിദ്യാഭ്യാസം കിട്ടുന്പോൾ വാസ്തവത്തിൽ അവർ വിൽക്കാൻ പോകുന്നത് ഒരു വിദ്യാർത്ഥി എന്ന നിലയിൽ നിങ്ങളുടെ "തനി സ്വഭാവം" ആണ്.

"ബി കോം ഫസ്റ്റ് ക്ലാസ്സ് ഉണ്ടായിട്ടും എന്താടാ ദാസാ എന്നെ ആരും ജോലിക്ക് എടുക്കാത്തത്" എന്നതിന്റെ ഉത്തരം അന്വേഷിച്ച് ഇനി ആരും കണിമംഗലത്തേക്ക് വരേണ്ടതില്ല.

കാര്യങ്ങൾ മനസ്സിലായെങ്കിൽ "ഗോ റ്റു യുവർ ക്ലാസ്സസ്"

Tags:
  • Spotlight
  • Social Media Viral