Thursday 12 September 2019 12:30 PM IST : By സ്വന്തം ലേഖകൻ

'ഒരു കാരണവശാലും ട്രാഫിക് ഫൈനുകൾ ആറു മാസത്തേക്കെങ്കിലും കുറക്കരുത്; ആളുകൾ ഒന്ന് കഷ്ടപ്പെടട്ടെ'; കുറിപ്പ് വൈറൽ

traffic-finess

വർധിപ്പിച്ച ട്രാഫിക് ഫൈനുകളെ പറ്റി ചൂടേറിയ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. സാധാരണക്കാരും മന്ത്രിമാരും മാധ്യമപ്രവർത്തകരുമെല്ലാം ട്രാഫിക് ഫൈനുകൾ കുറയ്ക്കണമെന്നാണ് അഭിപ്രായപ്പെടുന്നു. ഈ വിഷയത്തിൽ യുഎൻ ദുരന്ത ലഘൂകരണവിഭാഗം മേധാവിയായ മുരളി തുമ്മാരുകുടി എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുന്നു. 

മുരളി തുമ്മാരുകുടി എഴുതിയ കുറിപ്പ് വായിക്കാം; 

ട്രാഫിക്ക് ഫൈനുകൾ കുറക്കണോ?

സെപ്റ്റംബർ ഒന്നിന് നിലവിൽ വന്ന ട്രാഫിക് ഫൈനുകൾ കുറക്കണമെന്നാണ് പത്രക്കാർ മുതൽ മന്ത്രിമാർ വരെയുള്ളവരുടെ അഭിപ്രായമെന്ന് കാണുന്നു. ഇതിനു പിന്നിൽ ഓരോരുത്തർക്കും ഓരോ കാരണങ്ങളുണ്ട്. ട്രാഫിക്ക് ഫൈൻ സർക്കാരിന് വരുമാനം കൂട്ടാനുള്ള പദ്ധതിയല്ല, റോഡിൽ വാഹനമോടിക്കുന്നവരുടെ തെറ്റായ പെരുമാറ്റങ്ങൾ മാറ്റിയെടുക്കാനുള്ള ഉപാധിയാണ്.

ഇന്ത്യയിൽ ഒരു വർഷം പത്തുലക്ഷത്തിൽ കൂടുതൽ റോഡപകടങ്ങളിൽ രണ്ടുലക്ഷത്തോളം ആളുകൾ മരിക്കുന്നു, ജീവച്ഛവമായി കിടക്കുന്നത് അതിലുമേറെ. സ്വതന്ത്ര ഇന്ത്യക്ക് യുദ്ധത്തിലും തീവ്രവാദത്തിലും നഷ്ടപ്പെട്ടതിനേക്കാൾ കൂടുതൽ ആളുകളാണ് ഒരോ വർഷവും റോഡുകളിൽ കൊല്ലപ്പെടുന്നത്.

ഇതിങ്ങനെ തുടർന്നാൽ മതിയോ എന്നതാണ് സമൂഹം ചിന്തിക്കേണ്ട ആദ്യത്തെ ചോദ്യം. അതിന് പോരാ എന്ന് ഒട്ടും ആലോചിക്കാതെ എല്ലാവരും ഉത്തരം പറയും.

എന്നാൽ എന്തുകൊണ്ടാണ് ഇത്രയധികം ആളുകൾ റോഡുകളിൽ മരിക്കുന്നത്?

റോഡിന്റെ തകരാറ്, സൈനേജിന്റെയും സിഗ്നലിന്റെയും കുഴപ്പങ്ങൾ, വാഹനത്തിന്റെ പ്രശ്നങ്ങൾ, മോശമായ കാലാവസ്ഥ, റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്നിങ്ങനെ പല വിഷയങ്ങൾ റോഡപകടം ഉണ്ടാക്കുന്നു.

ഇതിൽ വാഹനം ഓടിക്കുന്നവരുടെ പെരുമാറ്റമാണ് തൊണ്ണൂറ്റിയഞ്ചു ശതമാനം അപകടങ്ങളുടെയും കാരണമെന്ന് പഠനങ്ങൾ പറയുന്നു. അതായത് റോഡിന്റെയും വാഹനത്തിന്റെയും സ്ഥിതിയും കാലാവസ്ഥയും എന്തായാലും അതറിഞ്ഞു വാഹനമോടിച്ചാൽ പത്തിൽ ഒന്പത് അപകടങ്ങളും ഒഴിവാക്കാം. അതായത് വർഷത്തിൽ ഒന്നര ലക്ഷത്തോളം ജീവൻ രക്ഷിക്കാം.

എങ്ങനെയാണ് റോഡിൽ ഡ്രൈവർമാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നത്? ശരിയായ പരിശീലനം കൊടുക്കുന്നതോടൊപ്പം തെറ്റായ പെരുമാറ്റത്തിന് പ്രത്യാഘാതവും ഉണ്ടാകണം. അവിടെയാണ് ഫൈനിന്റെ പ്രസക്തി.

ഇപ്പോഴത്തെ ഫൈനുകൾ ആളുകളെ വിഷമിപ്പിക്കുന്നുണ്ടെങ്കിൽ അവ ഉദ്ദേശിച്ച ഫലം ഉളവാക്കുന്നുണ്ട് എന്ന് തന്നെയാണ് അർഥം. ഒരു കാരണവശാലും ഈ ഫൈനുകൾ അടുത്ത ആറു മാസത്തേക്കെങ്കിലും കുറക്കരുത്. ആറുമാസം ആളുകൾ ഒന്ന് കഷ്ടപ്പെടട്ടെ, അതോടെ അവരുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടാകും. റോഡിലെ അപകടങ്ങൾ കുറയുന്നുണ്ടോ എന്ന കണക്കെടുപ്പിൽ, കുറയുന്നുണ്ടെന്നു കണ്ടാൽ തീർച്ചയായും ഈ കയ്പ്പുള്ള കഷായം നാം അർഹിക്കുന്നത് തന്നെയാണ്.

വലിയ ഫൈനിനോട് എതിർപ്പുള്ളവർക്ക് നിസാരമായി ചെയ്യാവുന്ന കാര്യം, ആ നിയമം അങ്ങ് അനുസരിച്ചേക്കുക എന്നതാണ്. സർക്കാർ ശരിക്കും ചമ്മും.

അല്ലാതെ പതിനഞ്ചു ടൺ ഭാരം കയറേണ്ട വണ്ടിയിൽ മുപ്പത് ടൺ കയറ്റിയിട്ട് മുപ്പതിനായിരം രൂപ ഫൈൻ ആയി എന്നു കരയുന്നതു കാണുന്പോൾ ‘ലേശം ഉളുപ്പ്’ എന്ന് തോന്നും.

റോഡ് നന്നാക്കിയിട്ട് മതി ഫൈൻ മേടിക്കുന്നത് എന്ന തരത്തിലുള്ള ചിന്ത നല്ലതാണ്. എന്നാൽ ഓവർലോഡ് കയറ്റി കൺട്രോൾ പോയി വരുന്ന വണ്ടി നിങ്ങളുടെ പ്രിയപ്പെട്ട ഒരാളെ കൊല്ലുന്ന അന്ന്, ഈ റോഡ് നന്നായിട്ട് മതി നാട് നന്നാവാൻ എന്ന ചിന്ത മാറിക്കോളും.

Tags:
  • Spotlight
  • Social Media Viral