Saturday 11 July 2020 10:49 AM IST : By സ്വന്തം ലേഖകൻ

‘നാട്ടുകാർ ഈ ഉത്സാഹവും സഹകരണവും കാണിച്ചാൽ കൊറോണയിലെ എല്ലാ അവതാരങ്ങളും കേരളത്തിലും ആടും’; കുറിപ്പ്

Muralee-Thummarukudy_66777

കേരളത്തിൽ സമൂഹ വ്യാപനം രൂക്ഷമാകുന്നതിൽ ആശങ്കയറിയിച്ച് യുഎൻ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി. "ഒരാളിൽ നിന്നും അനേകരിലേക്ക് പകരുന്ന സൂപ്പർ സ്പ്രെഡ് ഉണ്ടായിക്കഴിഞ്ഞു. ഇനി കമ്യൂണിറ്റി സ്‌പ്രെഡ്‌ മാത്രമേ ബാക്കിയുള്ളൂ. ജാഗ്രതയുടെ കാലം കഴിഞ്ഞു. ഇനി കുറച്ചു നാൾ പേടിയുടേതാണ്. നാട്ടുകാർ ഇപ്പോൾ കാണിക്കുന്നത് പോലുള്ള ഉത്സാഹവും സഹകരണവും കാണിച്ചാൽ മറ്റു രാജ്യങ്ങളിൽ ആടിത്തീർത്ത കൊറോണയിലെ എല്ലാ അവതാരങ്ങളും കേരളത്തിലും ആടും. കൊറോണയിൽ രാഷ്ട്രീയം പാടില്ലെന്ന് പറയുമെങ്കിലും അതൊഴിവാക്കാൻ സാധിക്കില്ല."-മുരളി തുമ്മാരുകുടി കുറിച്ചു.

ഫെയ്സ്ബുക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം; 

കൊറോണയും രാഷ്ട്രീയവും...

ജാഗ്രതയുടെ കാലം കഴിഞ്ഞു. ഇനി കുറച്ചുനാൾ പേടിയുടേതാണ്. ഇപ്പോൾ പ്രതിദിനം കേസുകൾ 300 കഴിഞ്ഞു. സമ്പർക്ക രോഗികളുടെ എണ്ണം കൂടുന്നു, അതിൽ തന്നെ കുറച്ചു പേരെങ്കിലും എവിടെ നിന്നാണ് രോഗം വന്നത് എന്നറിയാത്ത കേസുകളാണ്. ഒരാളിൽ നിന്നും അനേകരിലേക്ക് പകരുന്ന സൂപ്പർ സ്പ്രെഡ് ഉണ്ടായിക്കഴിഞ്ഞു. ഇനി കമ്യൂണിറ്റി സ്‌പ്രെഡ്‌ മാത്രമേ ബാക്കിയുള്ളൂ. അതുണ്ടായോ ഇല്ലയോ എന്ന് വിദഗ്ധർ വാഗ്വാദം നടത്തുന്നു. അതിന്റെ ആവശ്യമില്ല, നാട്ടുകാർ ഇപ്പോൾ കാണിക്കുന്നത് പോലുള്ള ഉത്സാഹവും സഹകരണവും കാണിച്ചാൽ മറ്റു രാജ്യങ്ങളിൽ ആടി തീർത്ത കൊറോണയിലെ എല്ലാ അവതാരങ്ങളും കേരളത്തിലും ആടും.

ഇറ്റലിയിലും അമേരിക്കയിലും ഒക്കെ കാഴ്ചകൾ വേറെയും ബാക്കിയുണ്ട്. ആശുപത്രിയിൽ കിടക്കകൾ ഇല്ലാതാവുക, ആർക്കാണ് വെന്റിലേറ്റർ കൊടുക്കേണ്ടത് എന്ന് ഡോക്ടർമാർക്ക് ചിന്തിക്കേണ്ടി വരിക, ജീവനും മരണവും തമ്മിലുള്ള തീരുമാനങ്ങൾ എടുക്കേണ്ടി വരുന്ന ഡോക്ടർമാർക്ക് മാനസിക സംഘർഷം ഉണ്ടാകുക, അനവധി രോഗികൾ ഉണ്ടാകുമ്പോൾ ആശുപത്രികൾ തന്നെ രോഗം പടരുന്ന കേന്ദ്രങ്ങൾ ആവുക, ഉയർന്ന വൈറസ് ലോഡ് ഉണ്ടാകുമ്പോൾ ആരോഗ്യപ്രവർത്തകർ രോഗബാധിതരാവുക, മരിക്കുക, ശ്മശാനങ്ങളിൽ പോലും സ്ഥലമില്ലാതാവുക, ആളുകളെ ഒരുമിച്ച് കുഴിച്ചിടേണ്ടി വരിക. ഇതൊക്കെയും നാം മറ്റിടങ്ങളിൽ കണ്ടതാണ്, ഇതിൽ കുറച്ചൊക്കെ ഇവിടെയും കാണാതിരിക്കാൻ നമുക്ക് പ്രത്യേക കവച കുണ്ഡലങ്ങൾ ഒന്നുമില്ലല്ലോ.

ഇതൊഴിവാക്കാൻ സാധിക്കില്ലേ?

സർക്കാരും ജനങ്ങളും ആരോഗ്യപ്രവർത്തകരും രോഗികളും പൊലീസും കച്ചവടക്കാരും വിദ്യാർത്ഥികളും അധ്യാപകരും ഒരേ ലക്ഷ്യത്തോടെ ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ സാധിക്കാത്തതായി ഒന്നുമില്ല. നമുക്ക് ശേഷം കൊറോണ വന്ന സ്ഥലങ്ങളിൽ പോലും, നമ്മളെക്കാൾ കൂടുതൽ രൂക്ഷമായിരുന്ന പ്രദേശങ്ങളിൽ പോലും, കാര്യങ്ങൾ നിയന്ത്രണത്തിൽ ആയിട്ടുണ്ട്. അപ്പോൾ നമ്മൾ ഒരുമിച്ച് ശ്രമിച്ചാൽ നടക്കാവുന്നതേ ഉള്ളൂ. പക്ഷെ, നമ്മൾ ഒരുമിച്ചു ശ്രമിക്കില്ല! അതൊരു ശീലമായിപ്പോയി.

കൊറോണയിൽ രാഷ്ട്രീയം പാടില്ല എന്നൊക്കെ പറയാം. പക്ഷെ "രാഷ്ട്രീയത്തിൽ നിന്നും രാഷ്ട്രീയം എടുത്തു മാറ്റാൻ പറ്റില്ല" (you cannot take politics out of politics) എന്ന് പ്രശസ്തമായ ഒരു ചൊല്ലുണ്ട്. കൊറോണയായാലും ദുരന്തമായാലും അതിനെ നേതൃത്വം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് വരുംകാല തിരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമെന്നതിനാൽ ഇതിൽ നിന്നും രാഷ്ട്രീയം മാറ്റിവയ്ക്കുക സാധ്യമല്ല. ഇതൊരു പ്രത്യേക പാർട്ടിയുടെ മാത്രം കാര്യമല്ല, തിരഞ്ഞെടുപ്പുകൾ ഉള്ള രാഷ്ട്രീയത്തിന്റെ രീതിയാണ്.

വ്യക്തിപരമായി ചെയ്യേണ്ട കാര്യങ്ങൾ ഇന്നലെ പറഞ്ഞു. ഇന്ന് വേറൊരു കാര്യം പറയാം. നമ്മൾ ഇനിയൊരു റോളർ കോസ്റ്ററിൽ കയറാൻ പോവുകയാണെന്ന് ചിന്തിക്കുക. വേഗത്തിലായിരിക്കും കാര്യങ്ങൾ നീങ്ങുന്നത്, മറ്റിടങ്ങളിൽ കണ്ട കാഴ്ചകളൊക്കെ നമ്മടെ അടുത്ത നഗരങ്ങളിലും വരും, അല്പം പേടിയൊക്കെ തോന്നും, ചിലരൊക്കെ ഡ്രസ്സിൽ മൂത്രമൊഴിച്ചുപോലും പോയ ചരിത്രമുണ്ട്. പക്ഷെ മുറുക്കി പിടിച്ച് ഇരുന്നോളണം !

ഭാഗ്യവശാൽ കാര്യങ്ങൾ കൈവിട്ടുപോകും എന്ന് മനസ്സിലാകുന്നതോടെ ആളുകൾക്ക് കാര്യങ്ങൾ പറയാതെ തന്നെ മനസ്സിലാകും (കണ്ടാൽ അറിയാത്ത പിള്ള കൊണ്ടാൽ അറിയും എന്നല്ലേ !), പ്രാദേശികമായി കൂടുതൽ നിയന്ത്രണങ്ങൾ വരും, അതിലും കൂടുതൽ വേണമെന്ന് ജനങ്ങൾ ആവശ്യപ്പെടാൻ തുടങ്ങും, നിയന്ത്രണങ്ങൾ സ്വയം പാലിക്കും, മറ്റുളളവരെക്കൊണ്ട് പാലിപ്പിക്കും.

രോഗം വീണ്ടും നിയന്ത്രണത്തിൽ ആകും. അല്പം പേടിച്ചിട്ടാണെങ്കിലും മിക്കവാറും പേർ റോളർ കോസ്റ്ററിൽ നിന്നും ജീവനോടെ ഇറങ്ങി വരും. അപ്പോഴേക്കും പഞ്ചായത്ത് തിരഞ്ഞെടുപ്പാകും, അത് കഴിഞ്ഞാൽ അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, അത് കഴിഞ്ഞാൽ 2021. എല്ലാവർക്കും അവർ അർഹിക്കുന്ന അത്രയും വൈറസിനെ കിട്ടും എന്നല്ലേ പുതിയ ചൊല്ല്!

Tags:
  • Spotlight
  • Social Media Viral