Thursday 18 February 2021 11:23 AM IST : By സ്വന്തം ലേഖകൻ

‘വില കൂടിയിട്ടും പെട്രോളിന്റെ ഉപയോഗം കുറയുന്നില്ല; പ്രതിദിനം വലിയ കാറുകളുടെ വിൽപ്പന കൂടിക്കൊണ്ടിരിക്കുന്നു’; മുരളി തുമ്മാരുകുടി എഴുതുന്നു

petroohggg

ദിവസം തോറും പെട്രോൾ വില കൂടി വരുകയാണ്. കൊച്ചിയില്‍ പെട്രോള്‍ വില ലീറ്ററിന് 90 രൂപ കടന്നു. ഡീസലിന് 33 പൈസയും പെട്രോളിന് 34 പൈസയും ആണ് ഇന്ന് കൂട്ടിയത്. കൊച്ചിയില്‍ പെട്രോളിന് 90 രൂപ നാല് പൈസയും, ഡീസലിന് 84 രൂപ 65 പൈസയും ആയി. ചില സംസ്ഥാനങ്ങളിൽ പെട്രോൾ വില 100 കടന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് മുരളി തുമ്മാരുകുടി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.

മുരളി തുമ്മാരുകുടി പങ്കുവച്ച കുറിപ്പ് വായിക്കാം; 

പോത്തിറച്ചിയുടെ കൺസൂമർ സർപ്ലസ്

ദിനം തോറും പെട്രോൾ വില കൂടി വരുന്നു. പണ്ടൊക്കെയാണെങ്കിൽ ഇതിനെതിരെ സമരവും ഹർത്താലും ഒക്കെ ഉണ്ടായിരുന്നു. ഇപ്പോൾ അതൊക്കെ ഔട്ട് ഓഫ് ഫാഷൻ ആയി. പെട്രോൾ ഉണ്ടാക്കാനുള്ള അസംസ്കൃത വസ്തുവായ പെട്രോളിയത്തിന്റെ വില കുറഞ്ഞിട്ടും പെട്രോൾ വില കൂട്ടുന്നത് അന്യായം ആണെന്നൊക്കെ ചിന്തിക്കുന്നവരുണ്ട്. ഈ വിഷയത്തെ പറ്റി ഞാൻ രണ്ടായിരത്തി പന്ത്രണ്ടിൽ വിശദമായി എഴുതിയിട്ടുണ്ട്, വേണമെങ്കിൽ അര മണിക്കൂർ നേരത്തേ പുറപ്പെടാം. പുതിയതായി ഒന്നും പറയാനില്ല. ലിങ്ക് ഒന്നാമത്തെ കമന്റിൽ ഉണ്ട്.

പക്ഷെ, ശ്രദ്ധിക്കേണ്ട കാര്യം പെട്രോൾ വില കൂടിയിട്ടും പെട്രോളിന്റെ ഉപയോഗം ഒന്നും കുറയുന്നില്ല എന്നതാണ്. പോരാത്തതിന്  പ്രതി ദിനം കാറുകളുടെ വില്പന കൂടിക്കൊണ്ടിരിക്കുകയാണ്.  പണ്ടൊക്കെ ബുക്ക് ചെയ്ത് ഒരാഴ്‌ച കഴിഞ്ഞു കിട്ടുന്ന കാറുകൾ ഇപ്പോൾ മാസങ്ങൾ എടുക്കുന്നു. കൊറോണ കാരണം നിവർത്തിയില്ലാതെ സ്വകാര്യ വാഹനങ്ങൾ വാങ്ങുന്നതാണ് എന്നൊരു കാരണം പറയാം. പക്ഷെ  ചെറിയ കാറുകളേക്കാൾ വലിയ കാറുകൾ കൂടി വരുന്നു എന്നത് സൂചിപ്പിക്കുന്നത് ചിലവാക്കാൻ ആളുകളുടെ കയ്യിൽ പണം ഉണ്ടെന്ന് തന്നെയാണ്.  അപ്പോൾ ഇനി ഒരു പത്തു ദിവസം പെട്രോൾ വില  രൂപ കൂടിയാലും കാര്യങ്ങൾ ഇങ്ങനെ ഒക്കെ തന്നെ മുന്നോട്ട് പോകും. 

പെട്രോളിന് നമ്മൾ കൊടുക്കാൻ തയ്യാറാകുന്ന വിലയുടെ അടുത്തൊന്നും നമ്മൾ ഇതുവരെ എത്തിയിട്ടില്ല. ഇനി പെട്രോൾ വില സാധാരണക്കാരെ വലുതായി ബാധിക്കുന്ന സമയം ആയാൽ പൊതു വാഹനങ്ങൾക്കും ചരക്കു വാഹനങ്ങൾക്കും ചെറിയ വാഹനങ്ങൾക്കും ഒക്കെ പെട്രോൾ- ഡീസൽ  വില കൂട്ടുന്നത് നിർത്തിയിട്ട് വലിയ കാറുകളുടെ പെട്രോൾ വില കൂട്ടിക്കൊണ്ടേ ഇരിക്കണം. എവിടെയാണ് ഈ കൺസ്യൂമർ സർപ്ലസിന്റെ അതിർത്തി എന്നൊന്ന് കാണാനുള്ള ആഗ്രഹം കൊണ്ടാണ്. 

ഒരു വസ്തുവിനോ സേവനത്തിനോ ഉപഭോക്താവ് കൊടുക്കാൻ തയ്യാറാകുന്ന വിലയും വാസ്തവത്തിൽ കൊടുക്കുന്ന വിലയും തമ്മിൽ ഉള്ള വ്യത്യാസത്തിനാണ് കൺസ്യൂമർ സർപ്ലസ് എന്ന് പറയുന്നത്. കേരളത്തിൽ പല കാര്യത്തിലും നമുക്ക് ഏറെ കൺസ്യൂമർ സർപ്ലസ് ഉണ്ട്. ഉദാഹരണത്തിന് കേരളത്തിലെ മിഡിൽ ക്‌ളാസ് ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ വില ഇപ്പോഴത്തേതിന്റെ ഇരട്ടിയാക്കിയാലും പുറത്തുപോയി ഭക്ഷണം കഴിക്കുന്നത് ആളുകൾ കുറക്കാനൊന്നും പോകുന്നില്ല. വിലയില്ലാത്ത മെനു നോക്കി പോലും ആളുകൾ ഭക്ഷണം ഓർഡർ ചെയ്യുന്നത് ഞാനിപ്പോൾ കാണുന്നുണ്ട്. ഹോട്ടലിലെ ഭക്ഷണത്തിന്റെ വിലയും അവിടുത്തെ തിരക്കും തമ്മിൽ വലിയ ബന്ധം ഒന്നും ഞാൻ കാണുന്നുമില്ല.

അപ്പോൾ ഹോട്ടൽ മുതലാളിമാർ നമ്മുടെ സർക്കാരിന്റെ പെട്രോൾ പോളിസിയിൽ നിന്നൊരു പാഠം പഠിക്കണം. ഹോട്ടലിലെ സ്റ്റാൻഡേർഡ് ഊണിന്റെ വില ഒക്കെ മിനിമം നില നിർത്തിയിട്ട് മറ്റുള്ള ഭക്ഷണത്തിന്റെ വിലയൊക്കെ മാസവും പത്തു ശതമാനം കൂട്ടി നോക്കണം. കൺസ്യൂമർ സർപ്ലസ് എത്രയുണ്ടെന്ന് കാണാമല്ലോ ?

മാമനോടൊന്നും തോന്നല്ലേ മക്കളേ... 

Tags:
  • Spotlight
  • Social Media Viral