Monday 10 September 2018 12:01 PM IST : By സ്വന്തം ലേഖകൻ

വിവാഹാഘോഷങ്ങൾ മികച്ചതാക്കിയാൽ പോര, ജീവിതം വിജയകരമാക്കാൻ വേണ്ട പ്ലാനിങ് കൂടി അറിയാം

wed_life01 ലേഖനം: വിനായക് നിർമല്‍, വനിത വെഡ്ഡിംഗ്

വിവാഹാഘോഷങ്ങൾ മികച്ചതാകുന്നതിനൊപ്പം ജീവിതം വിജയകരമാക്കാൻ വേണ്ട പ്ലാനിങ് കൂടി നടത്തിയാലേ സുഖദാമ്പത്യത്തിലേക്ക് വിവാഹം നീങ്ങുകയുള്ളു. രണ്ട് പേർ ഒന്നിച്ച് ജീവിക്കുമ്പോൾ തെറ്റുധാരണകളും ആശയക്കുഴപ്പങ്ങളും ഉണ്ടാവുക സ്വാഭാവികമാണ്. പല കാര്യങ്ങളെക്കുറിച്ചും ഉള്ള തെറ്റായ മുൻധാരണകളാണ് പലപ്പോഴും വിവാഹ ബന്ധങ്ങളിൽ കരട് വീഴ്ത്തുന്നത്. തെറ്റുധാരണകൾ വരാൻ സാധ്യതയുള്ള അവസരങ്ങളെ നേരത്തേ അറിഞ്ഞ് തിരുത്തിയാൽ സുഖദാമ്പത്യത്തിലേക്ക് വഴി തുറക്കാം.

വിവാഹം കഴിയുമ്പോൾ മാറുമോ ?

പെണ്ണിനെ ഇഷ്ടപ്പെട്ടു പക്ഷേ അവളുടെ ഇഷ്ടങ്ങൾ അത്ര ഇഷ്ടപ്പെട്ടില്ലെന്നിരിക്കട്ടേ.. വിവാഹം കഴിയുമ്പോൾ പറഞ്ഞ് ശരിയാക്കാം എന്ന് കരുതുന്നവരുണ്ട്. പറഞ്ഞ് ശരിയാക്കാം എന്നത് തികഞ്ഞ തെറ്റുധാരണയാണ്. വിവാഹം നടക്കാൻ വേണ്ടി വിവാഹത്തിന് മുൻപേ പലതും സമ്മതിക്കുകയും വിവാഹശേഷം കാലുമാറുകയും ചെയ്യുന്നതും വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കും. കാര്യങ്ങൾ പറഞ്ഞ് മാറ്റിയെടുക്കാം എന്ന ധാരണയിൽ വിവാഹത്തിലേക്ക് കടക്കരുത്. നിങ്ങൾക്ക് തീരെ ഇഷ്ടമല്ലാത്ത കാര്യങ്ങളുണ്ടെങ്കിൽ മറ്റൊരു ആലോചനയിലേക്ക് പോകാം. പരസ്പരം സംസാരിച്ച് രണ്ട് പേരും തീരുമാനങ്ങളിലെത്തിയ കാര്യങ്ങളിൽ പിന്നീട് മാറ്റം വരുത്തരുത്.

കാര്യങ്ങൾ വിചാരിച്ചതുപോലെ അല്ലല്ലോ

വിവാഹം കഴിഞ്ഞ് ആദ്യ ആഴ്ചയിൽ തന്നെ കാഴ്ചയിലുള്ള ചേലൊന്നും പെരുമാറ്റത്തിലും സ്വഭാവത്തിലും ഇല്ല എന്ന് പങ്കാളിയെക്കുറിച്ച് തോന്നുന്നവർ ഏറെയാണ്. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിലും പ്രണയ വിവാഹത്തിലും ഈ സംശയം ഉടലെടുക്കാം. ഇത് ദാമ്പത്യ പ്രശ്നങ്ങളുടെ തുടക്കമായി മാറുകയും ചെയ്യാം. വിവാഹം ഒരു വ്യക്തിയുടെ ജീവിതത്തിലെ വലിയ മാറ്റമാണ്. പ്രത്യേകിച്ചും പെൺകുട്ടികളുടെ ജീവിതത്തിൽ.

മാറിയ സാഹചര്യങ്ങൾ, വീട്ടിൽ നിന്നും വിട്ടു നിൽക്കേണ്ടി വരുന്ന അവസ്ഥ എന്നിവ ഒരാളെ പല വിധത്തിൽ വൈകാരികമായി ബാധിക്കാം. ചിലർ അതിനെ സ്വാഭാവികമായി കൈകാര്യം ചെയ്യുമ്പോൾ ചിലർക്ക് അൽപം പരിഭ്രമമുണ്ടാകാം. പുതിയ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാനുള്ള സമയം കൊടുത്ത ശേഷം മാത്രം പങ്കാളിയുടെ കഴിവിനെക്കുറിച്ചും കാര്യപ്രാപ്തിയെക്കുറിച്ചും ചിന്തിച്ചാൽ മതിയാകും. പങ്കാളിയുടെ ഗുണങ്ങളും ദോഷങ്ങളും തിരിച്ചറിയാൻ അൽപം സമയം അനുവദിക്കുക. ദോഷങ്ങളെക്കാൾ ഗുണങ്ങളെ പരിഗണിക്കാൻ മനസ്സ് കാണിക്കുക.

വ്യക്തിത്വത്തെ മാനിക്കുക

ചെറിയ ചെറിയ ഇഷ്ടങ്ങളായാലും വിലക്കുകൾ വീഴുന്നത് ആരും ഇഷ്ടപ്പെടുന്ന കാര്യമല്ല. ഇഷ്ടങ്ങളിൽ വിലക്കുകൾ വീഴുന്നത് വ്യക്തികളെ തൃപ്തിയും സന്തോഷവും ഇല്ലാത്തവരാക്കി മാറ്റും. ജീൻസ് ധരിക്കുന്ന പെൺകുട്ടിയെ വിവാഹം കഴിച്ചിട്ട് വിവാഹത്തിനു പിറ്റേന്ന് മുതൽ സാരി ധരിക്കാൻ നിർബന്ധിക്കുന്നത് ദാമ്പത്യബന്ധത്തെ ഉലയ്ക്കും. ജീവിത രീതി അറിഞ്ഞ് അംഗീകരിച്ച് വിവാഹത്തിലേക്ക് കടക്കുന്നതാണ് നല്ലത്.

ഇഷ്ടങ്ങളെ പരിഗണിക്കുക

വിവാഹബന്ധത്തിൽ ഇരുവര്‍ക്കും പൊരുത്തപ്പെടാവുന്ന ചില മേഖലകളെങ്കിലും ഉണ്ടായിരിക്കുന്നത് നല്ലതാണ്. കായികം, സിനിമ, വായന അങ്ങനെ പലതും. അത് വിവാഹത്തിന് മുൻപേ സംസാരിച്ച് അറിയാൻ ശ്രമിക്കണം. മറ്റൊന്ന് ഇഷ്ടങ്ങളോടുള്ള പരിഗണനയാണ്. നമ്മുടേതല്ലാത്ത താൽപര്യങ്ങളെക്കൂടി പരിഗണിക്കുന്നതായിരിക്കണം ദാമ്പത്യം. ഭർത്താവിന് ക്രിക്കറ്റ് ഇഷ്ടമാണെങ്കിൽ ഭാര്യയ്ക്ക് അത് താൽപര്യമില്ലെങ്കിലും അതിനോട് സന്മനസ്സോടെ സഹകരിക്കാം. സാരിയെയും മാലയെയും കുറിച്ച് അഭിപ്രായം ചോദിക്കുന്ന ഭാര്യയെ നിസ്സാരയായി കണ്ട് അവഗണിക്കേണ്ടതില്ല.

wed_life02

നിസ്സാര കാര്യങ്ങൾ നിസ്സാരമല്ല

ഭാര്യമാരുടെ ചെറിയ പരാതികളും പരിഭവങ്ങളും മടുപ്പോടെ കാണുന്ന നിരവധി പുരുഷന്മാരുണ്ട്. ജീവിതത്തിൽ മുഴുവനായും വലിയ കാര്യങ്ങളേ സംസാരിക്കുകയും കേൾക്കുകയും ചെയ്യൂ എന്ന വാശി വേണ്ട. ചെറിയ കാര്യങ്ങൾ കേൾക്കുകയും പങ്കുവയ്ക്കുകയും ചെയ്യുമ്പോളാണ് സ്നേഹം വിരിയുന്നതെന്ന് മനസ്സിലാക്കുക.ഇണ കാര്യം പറയാതെ തന്നെ അവരുടെ ആവശ്യവും വിഷമവും മനസ്സിലാക്കാന്‍ കഴിയത്തക്കവിധത്തിലുള്ള വൈകാരികമായ അടുപ്പം ദാമ്പത്യത്തിൽ ആവശ്യമായ ചേരുവയാണ്.

തുറന്നു സംസാരിക്കാം പക്ഷേ

തുറന്ന സംസാരങ്ങളുടെ കൂട്ടത്തില്‍ ഒഴിവാക്കേണ്ട ഒരു സംസാരമുണ്ട്. പരസ്പരമുള്ള പഴയകാല പ്രണയബന്ധങ്ങളെക്കുറിച്ചുള്ള ചോദ്യവും ഉത്തരവും. പലർക്കും അപ്രധാനമായ ലൈംഗികാനുഭവങ്ങൾ ഈ പ്രായത്തിനിടയ്ക്ക് ഉണ്ടാകാം. അതിനെക്കുറിച്ചെല്ലാം ചുഴിഞ്ഞ് ആലോചിക്കുകയും പരസ്പരം ചോദിക്കുകയും വേണ്ട. പഴയ കാര്യങ്ങൾ എന്തായാലും വിവാഹം കഴിയുന്നതു മുതൽ പരസ്പരം വിശ്വസ്തതയും സത്യസന്ധതയും പുലർത്തുക. എന്നാൽ പറയേണ്ടതായ ജീവിത സന്ദർഭങ്ങൾ ഉണ്ടെങ്കിൽ അത് തീർച്ചയായും പറയണം. പക്ഷേ വിവാഹത്തിനു മുൻപ്. പരസ്പരം പറഞ്ഞ രഹസ്യങ്ങൾ ജീവിതത്തെ ബാധിക്കില്ല എന്നതും ഇരുവരും ഉറപ്പു വരുത്തണം.

ലൈംഗികതയെ ശരിയായി അറിയുക

സുഹൃത്തുക്കളില്‍ നിന്നും പോണ്‍ സൈറ്റുകളില്‍ നിന്നും കിട്ടുന്ന ലൈംഗികമായ അറിവുകളല്ല വിവാഹ ജീവിതത്തിൽ ഗുണകരമാകുക. സ്നേഹവും പരിഗണനയും പരിലാളനയുമുള്ള ബന്ധങ്ങളാണ് സന്തോഷകരമാകുന്നത്. ലൈംഗികതയെക്കുറിച്ച് ഒന്നുമറിയാത്ത പെൺകുട്ടികളുടെ കാലം കഴിഞ്ഞെങ്കിലും ശാരീരികമായ അടുപ്പം ഏറെ മാനസികം കൂടിയാണ് പെൺകുട്ടികൾക്ക്. നല്ല സൗഹൃദം പരസ്പരം ഉണ്ടാക്കിയെടുത്ത ശേഷം ലൈംഗികബന്ധത്തിൽ ഏർപ്പെടുകയാണ് നല്ലത്. ആവശ്യമായ സമയമെടുത്തുള്ള ലൈംഗിക ബന്ധം കൂടുതൽ ഊഷ്മളമായിരിക്കും. ലൈംഗികതയിൽ ക്ഷമ, ശുചിത്വം എന്നിവ പ്രധാനമാണ്. സന്തോഷമുള്ള ശാരീരികാടുപ്പം ബന്ധത്തെ ദൃഢമാക്കും.

പ്രണയകാലം പോലെയല്ല ജീവിത കാലം

പ്രണയകാലത്ത് അയാള്‍ നിരീശ്വരവാദിയാണെന്ന് അവള്‍ക്കറിയാമായിരുന്നു അന്ന് പങ്കാളിയുടെ നിരീശ്വരവാദം ഗൗരവമുളള വിഷയമായി അവൾക്ക് തോന്നിയില്ല. എന്നാല്‍ വിവാഹശേഷം തന്റെ കൂടെ അയാള്‍ പള്ളിയില്‍ വരാതായപ്പോള്‍ മുതല്‍ തുടങ്ങി അതിന്റെ പേരില്‍ പിണക്കങ്ങളും വഴക്കുകളും.

പ്രണയത്തിലൂടെ മിശ്രജാതി / മത വിവാഹം നടക്കുമ്പോൾ ജീവിതത്തിൽ മതവും വിശ്വാസവും ജാതിയും പ്രശ്‌നമാകാം. പ്രണയകാലം സ്വപ്നതുല്യമായാലും വിവാഹജീവിതം യാഥാർഥ്യത്തോടടുത്ത് നിൽക്കും. ജീവിതം പ്രണയ തീവ്രമായിരിക്കുന്ന അസുലഭനിമിഷങ്ങളില്‍ ആരും ഇതേക്കുറിച്ച് അധികം ചിന്തിക്കാറില്ല എന്നതാണ് സത്യം. മിശ്രവിവാഹത്തിലും മറ്റും ഇരുവർക്കും തുറന്ന മനസ്ഥിതി അത്യാവശ്യമാണ്. കുട്ടികളുടെ മതം , ജാതി തുടങ്ങിയ കാര്യങ്ങളിൽ വിവാഹത്തിനു മുൻപ് തന്നെ ഏകദേശ തീരുമാനം ഇരുവർക്കും ഉണ്ടാകണം

വിവാഹ ശേഷം സംഭവിക്കാവുന്ന ഇത്തരം പ്രശ്‌നങ്ങളിൽ ആലോചിച്ച് വിവേകപൂർവമായ തീരുമാനത്തില്‍ ഇരുവരും എത്തണം.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. എല്‍സി ഉമ്മന്‍, കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ്, എറണാകുളം