Tuesday 31 August 2021 04:10 PM IST : By സ്വന്തം ലേഖകൻ

പിന്നിലുള്ളവരെ കണ്ടില്ല, ഫോണും എടുത്തില്ല, തിരികെ എത്തിയപ്പോള്‍ കണ്ടത് നെഞ്ചുതകര്‍ക്കും കാഴ്ച

mvp-accident

യാത്രകള്‍ പതിവാക്കിയ കൂട്ടുകാരുടെ സംഘത്തിന്റെ ഓണക്കാല യാത്രയിലാണ് ദുരന്തം. വെള്ളിയാഴ്ചയാണു സുരേഷ് ബാബുവും കുടുംബവും നാലു മരുമക്കളും അടങ്ങുന്ന എട്ടംഗ സംഘം ബെംഗളൂരുവിലേക്കു പുറപ്പെട്ടത്. സുരേഷ് ബാബുവിനു വാഹനക്കച്ചവടമാണ്. ഓണ്‍ലൈന്‍ വിപണന ശൃംഖലയിലൂടെ വില പറഞ്ഞുറപ്പിച്ച 2 കാറുകള്‍ ബെംഗളൂരുവില്‍ നിന്നു വാങ്ങാന്‍ കൂടിയായിരുന്നു യാത്ര. ഇവിടെ നിന്നു വാങ്ങിയ 2 കാറുകളിലായിരുന്നു തിരിച്ചുള്ള യാത്ര. ഒന്നില്‍ സുരേഷ് ബാബുവിന്റെ കുടുംബവും രണ്ടാമത്തെ കാറില്‍ സഹോദരിമാരുടെ മക്കളും.

car-accident-3

പെരുമ്പാവൂരില്‍ എത്തിയപ്പോള്‍ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുകയും ഇടയ്ക്കു നിര്‍ത്തി ചായ കുടിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം, സുരേഷ് ബാബുവും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന്റെ പിന്നിലായിരുന്നു യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍. ഇന്നലെ രാവിലെ മടങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചത്. പക്ഷേ, അരുണ്‍ ബാബുവിനു ഇന്നലെത്തന്നെ തൊടുപുഴയിലെത്തിയിട്ട് അത്യാവശ്യമുണ്ടെന്നു പറഞ്ഞതോടെ ഞായര്‍ വൈകുന്നേരം ബെംഗളൂരുവില്‍നിന്നു മടങ്ങി. കാര്‍ ഓടിച്ചിരുന്ന അരുണിനോട് ഉറക്കം വരുന്നുണ്ടെങ്കില്‍ അല്‍പനേരം വിശ്രമിച്ച ശേഷം യാത്ര തുടരാമെന്ന് അപകടമുണ്ടാകുന്നതിനു കുറച്ചു സമയം മുന്‍പു സുരേഷ് പറഞ്ഞിരുന്നു. പ്രശ്‌നമില്ലെന്നും യാത്ര തുടരാമെന്നും അരുണ്‍ പറയുകയും ചെയ്തു.

രണ്ടു കാറിലുള്ളവരും പെരുമ്പാവൂരില്‍ ചായ കുടിക്കാന്‍ നിര്‍ത്തിയിരുന്നു. പുലര്‍ച്ചെ കാറുകള്‍ തൃക്കളത്തൂരെത്തി. സുരേഷ് ഓടിച്ചിരുന്ന കാര്‍ മുന്നിലായിരുന്നു. അല്‍പനേരം കഴിഞ്ഞിട്ടും അരുണ്‍ ഓടിച്ചിരുന്ന വാഹനം പിറകിലില്ലെന്ന് അറിഞ്ഞതോടെ സുരേഷ് ഫോണില്‍ ബന്ധപ്പെട്ടു. ആരും ഫോണ്‍ എടുക്കാതായതോടെ കാര്‍ തിരിച്ചു പിന്നോട്ടു പോയി. പിന്നീടു കാണുന്നത് ലോറിയില്‍ ഇടിച്ചു തകര്‍ന്ന കാറും ഗുരുതരമായി പരുക്കേറ്റ മരുമക്കളെയും. ആദിത്യനും വിഷ്ണുവും സംഭവ സ്ഥലത്തുതന്നെ മരിച്ചു. കോലഞ്ചേരി ആശുപത്രിയിലെത്തിച്ച ശേഷമാണു അരുണിന്റെ മരണം.

More