Saturday 17 September 2022 03:19 PM IST

‘ഞാൻ എംഎൽഎ ആയിരിക്കുമ്പോഴും അമ്മ പാടത്തു പണിക്കു പോവാറുണ്ടായിരുന്നു.’; എം. വി. ഗോവിന്ദൻ മാഷ്

Vijeesh Gopinath

Senior Sub Editor

mv-govindan-cpm-state-secretary-amma-cover സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷ്, അമ്മ മാധവിയമ്മ

ചുവന്ന മണ്ണിനോടും ചൂഷണം ചെയ്യാനെത്തുന്ന ജന്മിമാരോടും ഒരുപോലെ പൊരുതുന്ന അമ്മയെ കണ്ടാണ് ഗോവിന്ദൻ എന്ന കുട്ടി വളര്‍ന്നത്. ചോര വീണു ചുവന്ന കൊടിയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി വിളിക്കുന്ന ഇടിമുഴക്കമാണ് കേട്ടു ശീലിച്ചത്. ഗോവിന്ദൻ മാത്രമല്ല മൊറാഴയിലെയും കാവുമ്പായിലെയുമൊക്കെ ആ തലമുറ വളർന്നത് അമ്മമാരുടെ കരുത്തു കണ്ടാണ്.

അമ്മ, മനസ്സിൽ നാട്ടിയ ഒാർമ തിരയാൻ പറഞ്ഞപ്പോൾ ‘എല്ലാ അമ്മമാരും ഒരു പോലെയല്ലേ... ’ എന്ന് എം വി ഗോവിന്ദൻ മറുപടി പറഞ്ഞത് വെറുതെയല്ല. അമ്മ എന്ന ഒാർമ പാൽമണമുള്ള നൊസ്റ്റാൾ‌ജിയ അല്ല. ആ രണ്ടക്ഷരത്തിന‌് വിയർപ്പിന്റെ ഉപ്പും കനലിന്റെ പൊള്ളലുമാണ്.

അമ്മയെ ‘കണ്ട’ ഒരു യാത്രയെക്കുറിച്ചാണ് ഗോവിന്ദൻ മാഷ് പറഞ്ഞു തുടങ്ങിയത്. അന്ന് പാർട്ടി ജില്ലാ സെക്രട്ടറിയാണ് എം.വി. ഗോവിന്ദൻ. പറശിനിക്കടവിൽ‌ ഒരു പരിപാടിക്കായി പോവുന്നു. ഒപ്പം കർഷക തൊഴിലാളി നേതാവും കേന്ദ്രകമ്മറ്റി അംഗവുമായ സുനീത് ചോപ്രയുമുണ്ട്. ഇടയ്ക്ക് റോഡു പണി കാരണം കാർ ബ്ലോക്കിൽ പെട്ടു. ടാറിലും പുകയിലും മുങ്ങി നിൽക്കുന്ന തൊഴിലാളികൾ. പെട്ടെന്ന് കാർ നിർത്താൻ എം. വി. ഗോവിന്ദൻ പറഞ്ഞു. ടാര്‍ച്ചൂടിലും വെയിൽക്കനലിലും കരിഞ്ഞ തൊഴിലാളികൾക്കിടയിലെ പ്രായം കൂടിയ സ്ത്രീയെ ചൂണ്ടിക്കാണിച്ച് ചോപ്രയോടു പറഞ്ഞു, ‘അതാണ് എന്റെ അമ്മ.’

‘‘ചോപ്ര ഞെട്ടിപ്പോയി. കാറിൽ നിന്നിറങ്ങി അമ്മയുടെ അടുത്തേക്ക് ഒാടിച്ചെന്നു. ടാറിൽ പൊള്ളിയ കൈപിടിച്ചു സംസാരിച്ചു. ഞാൻ നോക്കിയപ്പോൾ ചോപ്രയുടെ കണ്ണു നിറഞ്ഞു തുളുമ്പുന്നു. എനിക്കത് വലിയ അദ്ഭുതമായി തോന്നിയില്ല. എൺപതു വയസ്സു വരെ അമ്മ പാടത്തും പറമ്പിലും ജോലി ചെയ്തിട്ടുണ്ട്. ഞാൻ എംഎൽഎ ആയിരിക്കുമ്പോഴും അമ്മ പാടത്തു പണിക്കു പോവാറുണ്ടായിരുന്നു. ആ ജീവിത ശൈലിയാണ് അമ്മയെ തൊണ്ണൂറ്റിമൂന്നു വയസ്സു വരെ ആരോഗ്യത്തോടെ ജീവിപ്പിച്ചത്.

അമ്മയെ കാണാത്ത കുട്ടിക്കാലം

mv-govindan-cpm-state-secretary-amma-family അമ്മ മാധവിയമ്മ, ഗോവിന്ദൻ മാഷും കുടുംബവും (ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ)

ആറു മക്കളിൽ മൂത്തയാളായിരുന്നു ഞാൻ. ദാരിദ്ര്യം കൊണ്ടാവാം അമ്മ എന്നെ അച്ചമ്മയുടെ വീട്ടിലാക്കി. അങ്ങനെ കുട്ടിക്കാലത്തേ മൊറാഴയിലുള്ള ആ വീട്ടിലായിരുന്നു വളർന്നത്. അമ്മ വല്ലപ്പോഴും വന്ന് എന്നെ കാണും. സ്കൂൾ തുറക്കുമ്പോള്‍ ഒരു ഉടുപ്പു വാങ്ങി തരും. എനിക്ക് അച്ഛനും അമ്മയും എല്ലാം അച്ചമ്മ തന്നെയായിരുന്നു.

അന്നൊക്കെ മിക്ക വീടുകളിലും പട്ടിണിയായിരുന്നു. പണിയില്ലെങ്കിൽ വീട്ടിൽ കഞ്ഞിയുണ്ടാവില്ല. അമ്മയും അച്ഛനും എന്റെ സഹോദരങ്ങളും എത്രയോ ദിവസങ്ങൾ വിശന്നു കിടന്നുറങ്ങിയിട്ടുണ്ട്. ആ കാര്യത്തിൽ ഞാൻ ഭാഗ്യവാനായിരുന്നു. അച്ചമ്മയുടെ വീട്ടിലായിരുന്നതു കൊണ്ട് രണ്ടു നേരം ഭക്ഷണം കിട്ടും. തൊട്ടപ്പുറത്തെ പറമ്പിലായിരുന്നു സ്കൂൾ. അഞ്ചു വയസ്സാവും മുന്നേ എന്നെ ചേർത്തു. അപ്പോൾ ഉച്ചയ്ക്ക് ഉപ്പുമാവും കിട്ടും.

ഹൈസ്കൂളിലൊക്കെ എത്തിയപ്പോഴും സ്ഥിതിയിൽ വലിയ മാറ്റം ഒന്നുമില്ല. ആകെ രണ്ട് ഉടുപ്പേയുള്ളൂ. പത്താം ക്ലാസു കഴിഞ്ഞപ്പോഴാണ് ആദ്യമായി ചെരുപ്പിടുന്നത്. പുറത്തു നിന്ന് ചായയൊക്കെ കുടിക്കുന്നത് സ്വപ്നം മാത്രമാണ്. സ്കൂളിനടുത്ത് ഒരു കിണറുണ്ട്, ഉച്ചയ്ക്കൊന്നും കഴിക്കാനില്ലാത്തപ്പോൾ നേരെ അതിൽ നിന്ന് ഒരു തൊട്ടി വെള്ളം കോരിക്കുടിക്കും. അതായിരുന്നു ശീലം. ഇതെല്ലാം ഒരു പ്രതിസന്ധിയാണെന്ന് എനിക്ക് തോന്നിയിട്ടുമില്ല.

മൊറാഴയിലെ വീടു കേന്ദ്രീകരിച്ചാണ് അന്ന് പാർട്ടി പ്രവർത്തനങ്ങൾ നടന്നിരുന്നത്. കൃഷ്ണപിള്ള ദിനം ഉൾപ്പെടെയുള്ള എല്ലാ പരിപാടികൾക്കും അച്ചമ്മയ്ക്കൊപ്പം പോവും. പിന്നെ ബാലസംഘം മൊറാഴ ഗ്രാമീണ ഗ്രന്ഥാലയം കേന്ദ്രീകരിച്ചുള്ള പ്രവർ‌ത്തനങ്ങൾ, നാടകം എഴുതി സംവിധാനം ചെയ്ത് അഭിനയിക്കൽ.... കുട്ടിക്കാലം സജീവമായിരുന്നു. മൊറാഴയിലെ ആ കുട്ടിക്കാലമാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്.

അഭിമുഖത്തിന്റെ പൂർണരൂപം വനിത സെപ്റ്റംബർ 17–30, 2022 ലക്കത്തിൽ