Monday 29 April 2019 03:57 PM IST : By സ്വന്തം ലേഖകൻ

130 വർഷം മുമ്പ് മരിച്ച രണ്ടു വയസുകാരൻ; ദുരൂഹതയേറ്റി ശവക്കല്ലറയിലെ പാവ; രഹസ്യം ചുരുളഴിയുന്നു

grave

നൂറ്റി മുപ്പത് വർഷം മുമ്പ് മരിച്ചു മണ്ണടിഞ്ഞതാണ് ആ പൈതൽ. ഓസ്ട്രേലിയിലെ അഡ്ഡെലെയ്ഡിലെ ഹോപ്‍വാലിയിലെ സെമിത്തേരിയിലാണ് അവൻ അന്ത്യവിശ്രമം കൊള്ളുന്നത്. എന്നാൽ പൊടുന്നനെയൊരു ദിവസം ഏവരും ഞെട്ടലോടെ ആ കാഴ്ച കണ്ടു. കാടുമൂടി, ആരാലും ശ്രദ്ധിക്കപ്പെടാനില്ലാതെ കിടന്നിരുന്ന ആ ശവക്കല്ലറയ്ക്കു മേലൊരു പാവ. അശ്രദ്ധമായ കാഴ്ചയായി ആദ്യം ആ പ്രദേശത്തുകാർ അതിനെ അവഗണിച്ചു. എന്നാൽ ദിനമൊട്ടു കഴിയുന്തോറും അതൊരു പതിവായി വന്നു. കൃത്യമായ ഇടവേളകളിൽ ആ പൈതലിന്റെ ശവകുടീരത്തിനു മേൽ ഓരോരോ കളിക്കോപ്പുകൾ കാണായി. ലോകം ആ കാഴ്ച കണ്ട് ഞെട്ടിത്തരിച്ചു പോയി.

ദുരൂഹതകൾ ബാക്കിയാക്കിയിരുന്ന ആ രണ്ടു വയസുകാരന്റെ പേര് ഹെൻറി ഡിക്കർ. കഴിഞ്ഞ എട്ടുവർഷമായി സ്ഥിരമായി മാസത്തിൽ ഒരു തവണ കളിപ്പാട്ടങ്ങൾ ആ കല്ലറയ്ക്കരികിൽ പ്രത്യക്ഷപ്പെടുകയാണ്. 1885 ജൂണിനാണ് ഈ കുഞ്ഞ് മരിക്കുന്നത്. എട്ടു വർഷമായി ഇതു തുടരുന്നെങ്കിലും ആരാണ് ഈ കളിപ്പാട്ടങ്ങൾ ഇവിടെക്കൊണ്ടു വന്ന് വയ്ക്കുന്നതെന്നത് അജഞാതമായിരുന്നു. ഇതിനു പിന്നിലെ രഹസ്യം കണ്ടെത്താൻ പൊലീസും ചരിത്രകാരൻമാരും കിണഞ്ഞു ശ്രമിക്കുകയും ചെയ്തു. എല്ലാവരും തോറ്റു പിൻമാറി.

എന്നാൽ ദുരൂഹതകൾക്കെല്ലാം അറുതി വന്നിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത ലിങ്കില്‍ ജൂലിയ റോഡ്സ് എന്ന ഹോപ്പ് വാലി സ്വദേശി ഇട്ട കുറിപ്പാണ് ആ രഹസ്യത്തിന്റെ സത്യാവസ്ഥ പുറത്തെത്തിച്ചത്. 'ഞാനും എന്‍റെ സുഹൃത്ത് വിക്കി ലോയ്സും ചേര്‍ന്നാണ് ആ കളിപ്പാട്ടങ്ങള്‍ അവിടെ വെക്കുന്നത്' ഇതായിരുന്നു ആ കുറിപ്പ്.

'ഒരു ദിവസം ഈ കല്ലറയ്ക്ക് അടുത്തുകൂടി നടക്കുമ്പോള്‍ ഈ കല്ലറ കാട് മൂടി കിടക്കുന്നത് കണ്ടു. ഒരു ചെറിയ കുട്ടിയുടെ കല്ലറ ഇത്രയും മോശം അവസ്ഥയില്‍ കണ്ടത് വളരെ സങ്കടപ്പെടുത്തി. അതിനാല്‍ അത് വൃത്തിയാക്കി അവിടെ ചില കളിപ്പാട്ടങ്ങള്‍ വച്ചു. അത് ഇപ്പോഴും മാസത്തിലൊരിക്കൽ തുടരുന്നു'. അവർ പറഞ്ഞു.

ഒരിക്കലും കല്ലറകൾ കാടുകയറി കിടക്കാൻ പാടില്ലെന്നും അതിനെ സംരക്ഷിക്കണമെന്നുമാണ് ജൂലിയ റോഡ്സ് പറയുന്നത്.

കുഞ്ഞിന്റെ മരണം നടന്ന് അഞ്ചു വർഷത്തിന് ശേഷം മാതാപിതാക്കൾ മറ്റു മക്കളോടൊപ്പം ഈ പ്രദേശത്ത് നിന്ന് ദൂരെയുള്ള ടാസ്മാനിയയിലേക്ക് സ്ഥലം മാറിപ്പോയിരുന്നു. ദുരൂഹതയേറ്റാൻ ഈ സംഭവവും കാരണമായി. പി​ന്നീ​ട് ഒ​രി​ക്ക​ലും അവർ ആരും ഇവിടേക്ക് എത്തിയിട്ടില്ല.