Friday 31 December 2021 03:35 PM IST : By സ്വന്തം ലേഖകൻ

10 പവൻ, വിവാഹ വസ്ത്രങ്ങൾ... മകളുടെ വിവാഹത്തിനൊപ്പം 5 പേർക്ക് കൂടി പുതുജീവിതം: പ്രവാസിയുടെ മഹാനന്മ

wedding-

മകള്‍ സുമംഗലിയാകുന്നതിനോടനുബന്ധിച്ച് മറ്റ് 5 വിവാഹം കൂടി നടത്തി പ്രവാസി വ്യാപാരി. പുറമേരിയിലെ തലായി തെക്കയില്‍ മുക്കില്‍ കാട്ടില്‍ സാലിം (55) ആണ് സമൂഹവിവാഹം നടത്തി മാതൃകയായത്. ജാതിമത ഭേദമന്യേയുള്ള സമൂഹ വിവാഹത്തിന് മംഗളം നേരാന്‍ നാടിന്റെ നാനാദിക്കുകളിലുള്ളവരെത്തി. 

ഓരോ ദമ്പതികള്‍ക്കും 10 പവന്റെ ആഭരണം, വിവാഹ വസ്ത്രങ്ങള്‍, വിവാഹ പന്തലൊരുക്കിയ തന്റെ വീട്ടില്‍ വധൂവരന്മാര്‍ക്കും ബന്ധുക്കള്‍ക്കും എത്താനുള്ള വാഹന സൗകര്യം എന്നിവയെല്ലാം നല്‍കി. സാലിമിന്റെയും റുബീനയുടെയും മകള്‍ സൈക്കോളജിസ്റ്റായ റെമീസയും കണ്ണൂക്കര സ്വദേശി വി.കെ.അഷ്റഫിന്റെയും സാബിറയുടെയും മകന്‍ സാജിദ് കണ്ണൂക്കരയും തമ്മിലായിരുന്നു വിവാഹം. ഖത്തറില്‍ എന്‍ജിനീയറാണ് സാജിദ്. വിവാഹത്തിന് ഒരുങ്ങുന്നതിന് ബ്യൂട്ടിഷ്യന്‍മാരെയും സജ്ജമാക്കിയിരുന്നു. 

മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണ് മറ്റു 5 വധൂവരന്മാര്‍. ഇവരില്‍ 2 നവദമ്പതികള്‍‍ ഹിന്ദുമത വിശ്വാസികളും 3 നവ ദമ്പതികള്‍ ഇസ്‍ലാം മത വിശ്വാസികളുമാണ്. മുസ്‍ലിം വിവാഹത്തിന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ കാര്‍മികത്വം വഹിച്ചു. ഹിന്ദു വിവാഹങ്ങള്‍ക്ക് അവര്‍ തിരഞ്ഞെടുത്ത പുരോഹിതരാണ് കാര്‍മികത്വം വഹിച്ചത്.

വിവാഹത്തിനു തിരഞ്ഞെടുത്ത 5 ദമ്പതികളുടെയും പേര് വെളിപ്പെടുത്തിയിട്ടില്ല. പ്രശസ്തിക്കു വേണ്ടിയല്ല താന്‍ ഈ വിവാഹം നടത്തിയതെന്നും ആര്‍ഭാട വിവാഹത്തിന് ഉപയോഗിക്കുന്ന പണം ഇത്തരം കാര്യങ്ങള്‍ക്ക് വിനിയോഗിക്കാമെന്ന സന്ദേശം നല്‍കുക മാത്രമാണ് ലക്ഷ്യമെന്നും സാലിം പറഞ്ഞു. 

More