Saturday 27 November 2021 03:53 PM IST : By സ്വന്തം ലേഖകൻ

10 മാസമായിട്ടും ഗർഭം ധരിക്കാത്തതിന് മാനസിക പീഡനം, തടിയുടെ പേരിൽ നിരന്തര പരിഹാസം: പരാതി ഇവർക്കെതിരെ

nafla-new

പാലക്കാട് പത്തിരിപ്പാല മാങ്കുറുശ്ശി കക്കോട് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഞെട്ടിപ്പിക്കുന്നതും വേദനയുണർത്തുന്നതുമായ വിവരങ്ങൾ പുറത്ത്. അത്താണിപ്പറമ്പിൽ മുജീബിന്റെ ഭാര്യ നഫ്‌ലയുടെ (19) തൂങ്ങിമരണം സമാനതകളില്ലാത്ത മാനസിക മാനസിക പീ‍ഡനങ്ങൾക്കൊടുവിലാണെന്നാണ് കണ്ടെത്തൽ. നെഞ്ചുനീറുന്ന പരിഹാസവും ബോഡി ഷെയ്മിങ്ങും നഫ്‍ലയ്ക്ക് കേൾക്കേണ്ടതായി വന്നു. ഭര്‍തൃമാതാവും ഭര്‍തൃസഹോദരിയും യാതൊരു കാരണവുമില്ലാതെ തന്നെ പരിഹസിച്ചിരുന്നു.

വിവാഹം കഴിഞ്ഞ് പത്ത് മാസം കഴിഞ്ഞിട്ടും ഗര്‍ഭം ധരിക്കാത്തതിനാല്‍ നഫ്‌ലയെ കുത്തുവാക്കുകൾ കൊണ്ട് മൂടി. ഗര്‍ഭധാരണത്തിന് ഡോക്ടറെ കണ്ട് ചികിത്സയെല്ലാം തേടിയിരുന്നു.അൽപം തടിച്ച ശരീരപ്രകൃതമാണ് നഫ്‍ലയുടേത്. അതിന്റെപേരിലും ഭര്‍തൃവീട്ടില്‍നിന്ന് പരിഹാസം നേരിട്ടിരുന്നു. തടി കുറയ്ക്കാന്‍ തന്നാലാകും വിധം നഫ്‍ല പരിശ്രമിച്ചു. ഭക്ഷണ നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശ്രദ്ധ പുലർത്തി. ദിവസം നാല് കിലോമീറ്റര്‍ വരെ നടക്കുകയുമെല്ലാം ചെയ്തു. പക്ഷേ, എന്നിട്ടും നിരന്തര പരിഹാസം തുടർന്നു.

'ഇത്രയും തടിയുള്ള ഞാന്‍ ഇവിടെ ജീവിച്ചിട്ട് കാര്യമില്ല, എല്ലാവര്‍ക്കും ഒരുഭാരമാണ്. എന്റെ ഇക്കാക്ക് ഒരു കുട്ടിയെ കൊടുക്കാന്‍ കഴിയുന്നില്ല എന്നാണ് അവള്‍ ഡയറിയില്‍ എഴുതിയിരുന്നത്.

നഫ്‍ലയുടെ മരണം ഭർതൃവീട്ടിലെ മാനസിക പീഡനം മൂലമാണെന്ന് ആരോപിച്ചു സഹോദരൻ നഫ്സലാണ് ആദ്യം രംഗത്തെത്തിയത്. ധോണി ഉമ്മിനി പുത്തൻവീട്ടിൽ അബ്ദുൽ റഹ്മാൻ – കമുറുലൈസ ദമ്പതികളുടെ മകളായ നഫ്‌ലയും മുജീബും 10 മാസം മുൻപാണു വിവാഹിതരായത്.

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: വ്യാഴാഴ്ച രാത്രി മുജീബ് പുറത്തുപോയി തിരിച്ചെത്തിയപ്പോൾ കിടപ്പുമുറിയുടെ വാതിൽ അടച്ചിട്ട നിലയിലായിരുന്നു. വിളിച്ചിട്ടും തുറക്കാത്തതിൽ സംശയം തോന്നി വാതിൽ പൊളിച്ചു.

മുറിയിൽ തൂങ്ങിയ നിലയിൽ കണ്ട യുവതിയെ ഉടൻ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പിന്നീടു ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ ആർഡിഒ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി കബറടക്കി.