Wednesday 19 January 2022 12:06 PM IST : By സ്വന്തം ലേഖകൻ

‘പീഡനം സഹിക്ക വയ്യാതെ മകളെ കൊന്നത് തങ്ങൾ തന്നെയെന്ന് സമ്മതിക്കേണ്ടി വരിക’: വാർത്തകളിൽ നിന്നും മാഞ്ഞുപോകുന്ന മനുഷ്യർ

najeeb-moodadi-tvm-murder-case

ചെയ്യാത്ത തെറ്റിന് ഒന്നും രണ്ടും ദിവസമല്ല, കഴിഞ്ഞ ഒരു കൊല്ലമായി തീ തിന്നു കഴിയുകയായിരുന്നു ആനന്ദൻ ചെട്ടിയാരും കുടുംബവും. വളർത്തുമകളായ 14കാരിയുടെ കൊലപാതകത്തിന്റെ സംശയമുനകൾ മുഴുവൻ നീണ്ടത് ഒന്നുമറിയാത്ത ഈ പാവങ്ങളുടെ നേർക്ക്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞതിനെ തുടർന്ന് അന്വേഷണം വീട്ടുകാരിലേക്ക് തിരിഞ്ഞു.

വളര്‍ത്തച്ഛൻ ആനന്ദൻ ചെട്ടിയാരെയും വളര്‍ത്തമ്മ ഗീതയെയും പൊലീസ് നിരവധി തവണ ചോദ്യം ചെയ്തു. കുറ്റം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ആനന്ദൻ ചെട്ടിയാരെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്നും ആരോപണമുയർന്നു. ഒരു ഘട്ടത്തില്‍  പൊലീസ് പീഡനം സഹിക്കാനാകാതെ വളർത്തുമകളെ കൊന്നുവെന്ന് സമ്മതിക്കേണ്ടിവന്നു. രോഗികളായ ഈ ദമ്പതികളുടെ കണ്ണീരിനും പ്രാർത്ഥനയ്ക്കും ഫലം കണ്ടതു കഴിഞ്ഞ ദിവസമാണ്.

വിഴിഞ്ഞം മുല്ലൂരിൽ വയോധികയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ട് ദിവസം മുൻപ് അറസ്റ്റിലായ റഫീക്കാ ബീവി (50) യെയും മകൻ ഷെഫീക്കി(23) നെയും ചോദ്യം ചെയ്തപ്പോഴാണ് പതിനാലുകാരിയുടെ കൊലപാതകത്തിന്റെയും ചുരുളഴിഞ്ഞത്. ഒരു വർഷം മുൻപ് ആഴാകുളത്ത് പതിനാലുകാരിയെ കൊലപ്പെടുത്തിയതും തങ്ങളാണ് എന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ. ഇതോടെ പതിനാലുകാരിയെ എടുത്തുവളർത്തിയ വയോധിക ദമ്പതികളുടെ നിരപരാധിത്വമാണ് തെളിഞ്ഞത്.

ചെയ്യാത്ത തെറ്റിന്റെ പാപഭാരം ഏറ്റുവാങ്ങി ജീവിക്കേണ്ടി വന്ന ആനന്ദൻ ചെട്ടിയാരുടെയും ഭാര്യയുടേയും ദുരവസ്ഥ സോഷ്യൽ മീഡിയക്ക് മുമ്പാകെ വയ്ക്കുകയാണ് എഴുത്തുകാരൻ നജീബ് മൂടാടി. ‘എന്തുകൊണ്ടാണ് ഈ മനുഷ്യർ വാർത്തകളിൽ നിന്ന് മാഞ്ഞുപോകുന്നത്.അവർക്ക് നഷ്ടപ്പെട്ട മകൾ.ഒരു വർഷമായി അവർ മാനസികമായും ശാരീരികമായും അനുഭവിച്ച പീഡനങ്ങൾ. കണ്ണുനീർ. കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നുമുള്ള ഒറ്റപ്പെടൽ. അപമാനം... ആർക്കാണ് പകരം നൽകാൻ കഴിയുക.’– നജീബ് മൂടാടി കുറിക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് അധികാരികളുടെ കണ്ണുതുറപ്പിക്കുന്ന കുറിപ്പ് നജീബ് പങ്കുവയ്ക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

എന്തുകൊണ്ടാണ് ഈ മനുഷ്യർ വാർത്തകളിൽ നിന്ന് മാഞ്ഞുപോകുന്നത്.

അവർക്ക് നഷ്ടപ്പെട്ട മകൾ.

ഒരു വർഷമായി അവർ മാനസികമായും ശാരീരികമായും അനുഭവിച്ച പീഡനങ്ങൾ. കണ്ണുനീർ. കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നുമുള്ള ഒറ്റപ്പെടൽ. അപമാനം...

ആർക്കാണ് പകരം നൽകാൻ കഴിയുക.

ദത്തെടുത്തു വളർത്തിയ പതിനാലുകാരിയായ മകൾ കൊല്ലപ്പെട്ടതിന്റെ ദുഃഖത്തിലും വേദനയിലും കഴിയുമ്പോൾ. മകളെ കൊന്നവർ എന്ന് പോലീസും സമൂഹവും വിധിക്കുക. കുറ്റം ഏറ്റെടുക്കാൻ കാലിനടിയിൽ ചൂരൽ കൊണ്ടടിക്കുന്നതടക്കം ഉള്ള ക്രൂരമായ മർദ്ദനമുറകളിലൂടെ വൃദ്ധരായ ഈ മനുഷ്യരെ മൃതപ്രായരാക്കുക. മർദ്ദനം സഹിക്കാനാവാതെ മരിച്ചുപോയ മകളെ തങ്ങൾ തന്നെയാണ് കൊന്നത് എന്ന് സമ്മതിക്കേണ്ടി വരിക...

ആലോചിച്ചു നോക്കൂ. ചോദിക്കാനും പറയാനും ആരുമില്ലാത്തവരുടെ അവസ്‌ഥ. പോലീസ് തന്നെ കൊലപാതികളുടെ വാക്ക് മുഖവിലക്കെടുത്തു കൊണ്ട് ഇത്ര കാലം വളർത്തി വലുതാക്കിയ അച്ഛനമ്മമാരെ കുറ്റവാളികളാക്കുന്ന ക്രൂരത. ചെയ്യാത്ത കുറ്റം സമ്മതിപ്പിക്കാനുള്ള പീഡനം.

എന്ത് മഹാപാപമാണ് ഈ വയോധികർ ചെയ്തത്. പെൺകുഞ്ഞാണ് എന്നറിഞ്ഞാൽ വയറ്റിൽ വെച്ചുതന്നെ ഇല്ലാതാക്കുന്ന മാതാപിതാക്കളുടെ കാലത്ത് ഒരു പെൺകുട്ടിയെ ദത്തെടുത്തു വളർത്തിയതോ. തങ്ങളുടെ ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും ഇടയിലും അവളെ നന്നായി വളർത്തുകയും പഠിപ്പിക്കുകയും ചെയ്തതോ. ഹോർമോൺ തകരാറുകളും മന്തും അടക്കമുള്ള രോഗമുള്ള ആ മോളെ പൊന്നുപോലെ നോക്കിയതോ....

ദരിദ്രരായതു കൊണ്ടു മാത്രം. ചോദിക്കാനും പറയാനുമുള്ള ബന്ധുബലവും സ്വാധീനവും ഇല്ലാത്തത് കൊണ്ടു മാത്രം എത്ര പെട്ടെന്നാണ് ആ മനുഷ്യർ തീരാദുഖത്തിന്റെ വേവിനിടയിലും കുറ്റവാളികൾ ആയി തലകുനിച്ചു നിൽക്കേണ്ടി വന്നത്.

മകളുടെ മരണശേഷം ക്യാൻസർ ബാധിതയായി കീമോ ചെയ്യേണ്ടി വന്ന അവസ്ഥയിലൊക്കെ ആ അമ്മ ഓർത്തിട്ടുണ്ടാവില്ലേ മകൾ കൂടെ ഉണ്ടായിരുന്നെങ്കിലെന്ന്. പോലീസും ബന്ധുക്കളും സമൂഹവുമൊക്കെ അപ്പോഴും വളർത്തു മകളെ തലക്കടിച്ചു കൊന്നവരെന്ന്.....

ഒരു പെൺകുട്ടിയെ മോഷ്ടാവെന്ന് ആരോപിച്ച പൊലീസുകാരിക്കെതിരെ രോഷമുയർത്തിയ സമൂഹം ഈ അച്ഛനുമമ്മയും അനുഭവിച്ച അപമാനത്തെ കുറിച്ചു മിണ്ടാത്തതെന്താണ്. ബീവറേജിൽ നിന്ന് ബില്ല് വാങ്ങാഞ്ഞതിനാൽ പൊലീസുകാർ ചോദ്യം ചെയ്ത വിദേശിയോട് മാപ്പു പറയാൻ മന്ത്രി തന്നെ മുന്നോട്ട് വന്ന് മാതൃകയായ ഈ നാട്ടിലെ ഭരണാധികരികളോ ജനപ്രതിനിധികളോ ഈ അച്ഛനെയും അമ്മയെയും പോയി കണ്ടിരുന്നോ.

ദാരിദ്ര്യം തന്നെ വലിയ കുറ്റമാണെന്ന് കരുതുന്ന സാമൂഹ്യചുറ്റുപാടിൽ നാളെ ആർക്കാണ് ഇത് സംഭവിച്ചു കൂടാത്തത്. ഇങ്ങനെ എത്ര നിരപരാധികളുടെ നെഞ്ചുപൊട്ടിയ നിലവിളികൾ ഇവിടെ ഒച്ചയില്ലാതെ അമർന്നു പോയിട്ടുണ്ടാവും. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് എത്ര പേർ ഇപ്പോഴും കുറ്റവാളികളായി ജയിലിൽ കഴിയുന്നുണ്ടാവും.

വളർത്തുമകൾ കൊല്ലപ്പെട്ട വേദനക്കിടയിലും ഇത്രയും ക്രൂരമായ ശിക്ഷയും അപമാനവും അനുഭവിക്കേണ്ടി വന്ന ആ അച്ഛനോടും അമ്മയോടും കേരളം മാപ്പു പറയുമോ. രോഗികളും അവശരുമായ ആ മനുഷ്യർക്ക് ഇനിയെങ്കിലും ആശ്വാസമായി കൂടെ നിൽക്കുമോ.

കോവളം മുട്ടയ്ക്കാട്ട് ചിറയിൽ ആനന്ദൻ ചെട്ടിയാരും ഭാര്യ ഗീതയും നമ്മുടെ വാർത്തകളിൽ നിന്ന് അങ്ങനെ എളുപ്പം മാഞ്ഞുപോവേണ്ടവരല്ല. നമ്മുടെ നീതിന്യായ വ്യവസ്ഥക്ക് മേൽ ഇങ്ങനെ നിസ്സഹായരായ എത്ര മനുഷ്യരുടെ കണ്ണീരും ശാപവും ഉണ്ടാകും.

എന്തുകൊണ്ടാണ് നമുക്കിത് വെറുമൊരു വായിച്ചു മറക്കേണ്ട വാർത്ത മാത്രമായി പോകുന്നത്

(നജീബ് മൂടാടി)