Thursday 22 April 2021 04:26 PM IST : By സ്വന്തം ലേഖകൻ

‘നിറവയറോടെ അയൽവാസിപ്പെണ്ണ്, ആൺതുണയില്ലാത്ത വീടിന് കാവൽ കിടക്കുന്ന ബാലേട്ടൻ’; മാനവികതയുടെ നാട്: കുറിപ്പ്

najeeb-communal-love

ഭിന്നിപ്പിന്റെയും വേർതിരിവുകളുടേയും കാലത്തും മാനവികതയുടെ കഥ പറയാൻ കുറച്ചു പേർ ഇന്നാട്ടിൽ ബാക്കിയുണ്ട്. നിറവും മതവും കുലവും നോക്കാതെ സ്നേഹം കൊണ്ട് മാത്രം സംവദിക്കുന്നവർ. മതം പറഞ്ഞു മദം പൊട്ടുന്നവരുടെ കെട്ടകാലത്ത് സ്നേഹഗാഥ പങ്കുവയ്ക്കുന്നവരെ കുറിച്ച് ഹൃദ്യമായി കുറിക്കുകയാണ് നജീബ് മൂടാടി. ഫെയ്സ്ബുക്കിൽ നജീബ് പങ്കുവച്ച കുറിപ്പ് നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

പെട്ടെന്നൊരു വാഹനം കിട്ടാൻ പോലും ബുദ്ധിമുട്ടുള്ള  പ്രദേശത്തെ ചെറിയ വീട്ടിൽ നിറഗർഭിണിയായ യുവതിയും ഉമ്മയും മാത്രം. കൂട്ടിന് ഒരു ആൺകുട്ടി പോലും ഇല്ല. ഗൾഫിൽ ചെറിയ ജോലിയുമായി കഴിയുന്ന യുവതിയുടെ ഭർത്താവിന്  ഭാര്യയുടെ പ്രസവത്തിനായി വരാൻ പറ്റിയ ചുറ്റുപാടുമല്ല.
"അങ്ങ്ട്ടേല് ബാലനുണ്ടല്ലോ... അതാ ഞാളെ സമാധാനം"

അടുത്ത വീട്ടിലേക്ക് ചൂണ്ടി ആ ഉമ്മ പറഞ്ഞു.
ആ അയൽവാസിയെ കുറിച്ച് ഉമ്മ കുറച്ചു കാര്യങ്ങൾ കൂടി പറഞ്ഞു.
ജീപ്പോടിച്ചു കുടുംബം പുലർത്തുന്ന ബാലേട്ടൻ അയൽപക്കത്തെ പെൺകുട്ടിയുടെ  പ്രസവത്തിന്റെ ദിവസങ്ങൾ അടുത്തു വരുന്നത് കൊണ്ട് ഇപ്പോൾ വൈകുന്നേരം 7 മണിക്ക് ശേഷം എവിടേക്കുള്ള ഓട്ടം വന്നാലും  പോവാറില്ല. മാത്രമല്ല, ഏത് പാതിരാക്ക് എന്ത് ബുദ്ധിമുട്ട് തോന്നിയാലും വിളിപ്പുറത്തുണ്ടാവാൻ
ഈ പെരുമഴയത്തും അയാൾ വീടിന്റെ  കോലായയിലാണ് കിടത്തം!

കെട്ടുകഥയല്ല മതം പറഞ്ഞു മദം പൊട്ടുന്നവരുടെ കെട്ടകാലത്തും എനിക്ക് ചുറ്റുമുള്ള മനുഷ്യരുടെ ജീവിതമാണ്.
(✍️നജീബ് മൂടാടി)