Friday 15 November 2019 10:40 AM IST : By സ്വന്തം ലേഖകൻ

എത്രകാലത്തെ പ്രാർത്ഥനയാണ്, ദേ പാത്തു സാരിയൊക്കെ ചുറ്റി ‘സ്വന്തം കാലിൽ’; ഹൃദയം തൊടും നിമിഷം

nm

പ്രതീക്ഷകൾ സകലതും അസ്തമിച്ചുവെന്നു കരുതുമ്പോൾ, സന്തോഷവും സ്വസ്ഥപൂർണവുമായ ജീവിതവും കേവലം പൊയ്ക്കിനിവാണെന്ന് നിനയ്ക്കുമ്പോൾ ചില അത്ഭുതങ്ങൾ സംഭവിക്കും. വേദനയുടെ കടലാഴങ്ങളിലേക്ക് നമ്മെ നിർദാക്ഷിണ്യം വലിച്ചെറിഞ്ഞ വിധി വീണ്ടും നമ്മുടെ ചുണ്ടുകളിൽ സന്തോഷച്ചിരി വിരിയിക്കും. വേദനയെ സന്തോഷം കൊണ്ട് ബാലൻസ് ചെയ്യുന്ന കാലത്തിന്റെ കാവ്യനീതി അങ്ങനെയാണ്.

ചക്രകസേരയിൽ ജീവിതം ഒടുക്കേണ്ടി വരുമായിരുന്ന ഫാത്തിമ അസ്‍ല എന്ന പെൺകൊടിക്കും പങ്കുവയ്ക്കാനുള്ളതും ഇതേ അതിജീവനത്തിന്റെ കഥ. കോട്ടയം ഹോമിയോ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനിയായ ഫാത്തിമയെ വിധി പരീക്ഷിച്ചത് എല്ലുകൾ പൊടിഞ്ഞു പോകുന്ന അസുഖം കൊണ്ടായിരുന്നു. ഒരു ചെറിയ വീഴ്ചയിൽ പോലും എല്ല് പൊട്ടുന്ന അവളുടെ ഇടതുകാലിന് മാത്രം അറുപതു തവണയിൽ അധികം പൊട്ടലുണ്ടായിട്ടുണ്ട്. മരുന്നും മന്ത്രവും ആവോളം ആ ശരീരത്തിൽ കയറിയിറങ്ങിയെങ്കിലും സാമ്പത്തിക പരാധീനത ഒന്നു കൊണ്ടു മാത്രം പ്രതീക്ഷയുടെ കിരണം അകലെയായിരുന്നു. ഇപ്പോഴിതാ വേദനയുടെ പോയകാലങ്ങളെ പടിക്കു പുറത്തു നിർത്തി സ്വന്തം കാലിൽ നിൽക്കുകയാണ് ഫാത്തിമ. നാളുകൾ നീണ്ട ചികിത്സയ്ക്കൊടുവിലാണ് ഫാത്തിമ സാധാരണ ജീവിതത്തിലേക്കു പിച്ചവയ്ക്കുന്നത്. ഫാത്തിമയുടെ വേദനകളെ പലവുരു സോഷ്യൽമീഡിയയുടെ മുന്നിലെത്തിച്ച നജീബ് മൂടാടിയാണ് സന്തോഷവാർത്ത ഇക്കുറിയും ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. മാസങ്ങൾക്ക് കോയമ്പത്തൂരിൽ വെച്ചു നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഫാത്തിമക്ക് നിൽക്കാനും കുറേശ്ശയായി നടക്കാനും സാധ്യമായത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

പാത്തുവിനെ ഓർമ്മയില്ലേ... ഇതാ അവൾ എഴുനേറ്റ് നിൽക്കുന്നു.
Fathima Asla

ദേ... പാത്തുമ്മ സാരി ഒക്കെ ചുറ്റി എഴുന്നേറ്റ് നിൽക്കുന്നേയ്...
എത്ര കാലത്തെ സ്വപ്നമാണ്?? !!
എത്ര മനുഷ്യരുടെ പ്രാർത്ഥനയാണ്.??!!
താങ്ങാൻ കഴിയുന്നതിലുമപ്പുറമുള്ള വേദനയിലും ചിരിച്ചത് ഇങ്ങനെയുള്ള ചെറിയ സന്തോഷങ്ങൾക്ക് വേണ്ടിയായിരുന്നില്ലേ? !!
യാ അല്ലാഹ്.. എത്ര പേരോടാണ് നന്ദി പറയേണ്ടത്??
സ്നേഹമായും തണലായും കൂടെ നിന്ന മനുഷ്യർ.. എല്ലാത്തിലുമുപരി ഞാൻ എത്ര വഴി മാറി നടന്നാലും എന്നെ ചേർത്ത് നിർത്തുന്ന നിന്റെ അപാരമായ കാരുണ്യം.. അല്ലാഹ്...നിന്റെ ദയയും സ്നേഹവും എന്നും കൂടെ ഉണ്ടാവണേ.. ❤
ആമീൻ

Tags:
  • Social Media Viral